കോഴിക്കോട്: നഗരസഭയുടെ 60 ആ വാർഷികം വിപുലമായി ആഘോഷിക്കാൻ ഡപ്യൂട്ടി മേയർ സി.പി.മുസഫർ അഹമ്മദിന്റെ അധ്യക്ഷതയിൽ ചേർന്ന കോർപറേഷൻ കൗൺസിൽ പ്രത്യേക യോഗം അംഗീകാരം നൽകി. ജനുവരി 13 ന് വൈകുന്നേരം ആറിന് തദ്ദേശമന്ത്രി എം.ബി.രാജേഷ് ഒരു വർഷത്തെ ആഘോഷ പരിപാടികൾ ടാഗോർ ഹാളിൽ ഉദ്ഘാടനം ചെയ്യുമെന്ന് ഡെപ്യൂട്ടി മേയർ കൗൺസിലിൽ അറിയിച്ചു. ആഘോഷ പരിപാടികളെപ്പറ്റി കൂടിയാലോചിക്കാൻ ആറിന് വൈകുന്നേരം അഞ്ചിന് ടാഗോർ ഹാളിൽ സംഘാടകസമിതി യോഗം ചേരും. കൗൺസിലർമാർ, മുൻ കൗൺസിലർമാർ, സന്നദ്ധ പ്രവർത്തകർ തുടങ്ങിയവരെല്ലാം പങ്കെടുക്കും. മേയറുടെ നേതൃത്വത്തിൽ വിവിധ കമ്മററികൾ രൂപവത്കരിക്കും. സംഘാടക സമിതി രൂപവത്ക്കരിക്കാനും കൗൺസിൽ അംഗീകാരം നൽകി. ബ്രിട്ടീഷ് അധികാരകോയ്മക്കെതിരെ പ്രമേയം പാസ്സാക്കിയതിന് കൌൺസിൽ പിരിച്ചു വിട്ട ചരിത്രമുള്ള കോഴിക്കോട് മുനിസിപ്പാലിറ്റി 1962 നവംബർ ഒന്നിനാണ് കോർപ്പറേഷനായി മാറിയത്. പിന്നീട് 2010 -ൽ ബേപ്പൂരും ചെറുവണ്ണൂരും എലത്തൂരും പഞ്ചായത്തുകൾ ചേർത്ത് വികസിപ്പിച്ചു. 1962 മുതൽ നിരവധി പ്രമുഖർ അംഗങ്ങളായിട്ടുള്ള കോഴിക്കോട് കോർപ്പറേഷൻ നഗരവികസനത്തിന് നിരവധിയായ മാതൃകകൾ ആവിഷ്ക്കരിച്ച നഗരം കൂടിയാണ്. 60 വർഷത്തെ കോഴിക്കോട് കോർപ്പറേഷൻ വികസന ചരിത്രവും കോഴിക്കോടിന്റെ സാംസ്ക്കാരിക, വാണിജ്യ പാരമ്പര്യവും പുതുതലമുറയുമായി പങ്കുവെക്കുന്നതിനും നഗരവാസികളുടെ ഒരു ഉത്സവമാക്കി മാറ്റുന്നതിനും 60-ാം വാർഷികം സമുചിതമായി ആഘോഷിക്കണമെന്ന് കൌൺസിൽ തീരുമാനിച്ചു. സെമിനാറുകൾ, എക്സിബിഷൻ, സ്മരണിക, മുൻജനപ്രതിനിധികളുടെ സംഗമം, കലാ –കായിക മത്സരങ്ങൾ, വജ്രജൂബിലി സ്മാരകം തുടങ്ങി വിവിധ ആഘോഷപരിപാടികളാണ് വജ്രജൂബിലി ഭാഗമായി സംഘടിപ്പിക്കുക.
കോർപറേഷൻ ഓഫീസിൽ കെട്ടിക്കിടക്കുന്ന അപേക്ഷകളും പരാതികളും പുതിയ പരാതികളും സ്വുകരിക്കുന്ന മേയറുടെ പരാതി പരിഹാര സഭ ഫെബ്രുവരി നാലിന് ടാഗോർ ഹാളിൽ നടത്താൻ കൗൺസിൽ അംഗീകാരം നൽകി. ജനുവരി 20ന് മുമ്പ് പുതിയ അപേക്ഷകളും നേരത്തേയുള്ള അപേക്ഷകളും നൽകണം. മേഖല ഓഫീസുകളിലേതടക്കം 75 വാർഡിലെയും പ്രശ്നങ്ങൾ പരിഗണിക്കും. സംസ്ഥാന സർക്കാറിന്റെ തൊഴിൽ ദാന പദ്ധതികളുടെ ഭാഗമായി തൊഴിൽ സഭകളുടെ പ്രവർത്തനങ്ങൾ സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനും തദ്ദേശ മന്ത്രി എം.ബി.രാജേഷും ഓൺലൈനായി പങ്കെടുക്കുന്ന യോഗം രവിലെ 10.30 ന് കോർപറേഷൻ കൗൺസിൽ ഹാളിൽ ചേരുമെന്നും ഡെപ്യൂട്ടി മേയർ കൗൺസിലിൽ അറിയിച്ചു. വീട് പുനരുദ്ധാരണ പദ്ധതിയിൽ ഗുണഭോക്തക്കളെ കുറച്ചതിൽ അംഗങ്ങൾ ആശങ്ക പ്രകടിപ്പിച്ചു. അഞ്ചെണ്ണം വീതമെങ്കിലും ഓരോവാർഡിലും അനുവദിക്കണമെന്ന അംഗങ്ങളുടെ ആവശ്യം പരിഗണിക്കുമെന്ന് ഡെപ്യൂട്ടി മേയറും സ്ഥിരം സമിതി അധ്യക്ഷൻ പി.സി.രാജനും പറഞ്ഞു. ഇത്തവണ 250 പേർക്ക് വീട് നന്നാക്കാനാണ് തുക വകയിരുത്തിയത്. കഴിഞ്ഞ തവണ 375 പേർക്ക് പണം വകയിരുത്തിയിട്ടും 146 അർഹരായവരെയാണ് കണ്ടെത്തിയതിനാലാണ് ഇത്തവണ കുറച്ചത്. ഗുണഭോക്താവിന് ഒരു ലക്ഷം രൂപ വരെയാണ് കിട്ടുക. അധികം പേർക്ക് നൽകുമ്പോഴുള്ള ചെലവ് ഉപയോഗിക്കാത്ത പദ്ധതിയിൽ നിന്ന് വകമാറ്റാമെന്നും ധാരണയായി. എം.സി.സുധാമണി,ടി.റനീഷ്, എൻ. ശിവപ്രസാദ്, കെ.റംലത്ത്, നവ്യ ഹരിദാസ്, സി.എസ്.സത്യ ഭാമ തുടങ്ങിയവർ സംസാരിച്ചു.കോർപറേഷൻ കൗൺസിലിൽ പരസ്പരം ബഹുമാനത്തോടെ പ്രവർത്തിക്കാൻ എൽ.ഡി.എഫ്-യു.ഡി.എഫ് കൗൺസിൽ പാർടി നേതാക്കളുടെ ചർച്ചയിൽ തീരുമാനമായി. സംഘർഷങ്ങളുടെ ഭാഗമായി കഴിഞ്ഞ പ്രത്യേക കൗൺസിൽ യോഗം യു.ഡി.എഫ് ബഹിഷ്ക്കരിച്ച സാഹചര്യത്തിലായിരുന്നു മേയർ ഡോ.ബീന ഫിലിപ്പിന്റെ ചേംബറിൽ ചർച്ച നടന്നത്. എന്നാൽ സംഘർഷവുമായി ബന്ധപ്പെട്ട കേസ് ഇരു മുന്നണികളും രാഷ്ട്രീയമായി നേരിടും. കെ.സി. ശോഭിത, കെ.മൊയ്തീൻ കോയ, ഡെപ്യൂട്ടി മേയർ സി.പി.മുസഫർ അഹമ്മദ്, ഒ.സദാശിവൻ, പി.ദിവാകരൻ, പി.കെ.നാസർ തുടങ്ങിയവർ പങ്കെടുത്തു.