കോഴിക്കോട് :
കോഴിക്കോട് ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. രോഗം ബാധിച്ച പ്രദേശത്തെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പക്ഷികളെയും കോഴികളെയും കൊന്നൊടുക്കും. പക്ഷിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനായി ജില്ലാ കലക്ടർ ഡോ.എൻ തേജ് ലോഹിത് റെഡ്ഢിയുടെ അധ്യക്ഷതയിൽ കലക്ടേറ്റില്‍ വിളിച്ചു ചേര്‍ത്ത വിവിധ വകുപ്പുകളുടെ സംയുക്ത യോഗത്തിലാണ് തീരുമാനം. അസുഖം സ്ഥിരീകരിച്ച ചാത്തമംഗലം പ്രാദേശിക കോഴിവളര്‍ത്തല്‍ കേന്ദ്രത്തിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള മുഴുവന്‍ കോഴികളെയും വളര്‍ത്ത് പക്ഷികളെയും കൊന്നൊടുക്കുന്നതിനായി ആറ് അംഗങ്ങള്‍ ഉള്‍പ്പെടുന്ന പത്ത് ആര്‍ആര്‍ടി ടീമുകളെ സജ്ജീകരിച്ചതായി മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. കൊന്നൊടുക്കുന്ന കോഴിക്കുഞ്ഞുങ്ങള്‍ക്ക് സർക്കാർ നിശ്ചയിച്ച നിരക്കിൽ നഷ്ടപരിഹാരവും നല്‍കും.
ചാത്തമംഗലം ഫാമിന്റെ പത്ത് കിലോ മീറ്റര്‍ ചുറ്റളവിലുള്ള പ്രദേശം രോഗവ്യാപന സാധ്യത പ്രദേശമായി അടയാളപ്പെടുത്തി. ഇവിടെ നിന്നും പക്ഷികളെ പുറത്തേക്ക് കൊണ്ടു പോകാനോ അകത്തേക്ക് പ്രവേശിപ്പിക്കുവാനോ പാടില്ല. ഈ പ്രദേശത്തെ കോഴികളെ താത്ക്കാലികമായി അടച്ചിടുകയും കടയുടമകള്‍ തീറ്റകള്‍ നല്‍കി പരിപാലിക്കുകയും ചെയ്യണം. പ്രദേശത്തെ കടകളില്‍ കോഴി വില്‍പ്പന, കോഴി ഇറച്ചി വില്‍പ്പന, മുട്ട വില്‍പ്പന എന്നിവയ്ക്ക് നിരോധനം ഏര്‍പ്പെടുത്തുകയും ചെയ്തു.
പക്ഷികളെ മറ്റ് ഇടങ്ങളിലേക്ക് കൊണ്ടുപോകുന്നത് തടയാന്‍ പോലീസിന്റെ നിരീക്ഷണം ഏർപ്പാടാക്കിയതായും കലക്ടര്‍ അറിയിച്ചു.
പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ ജ്ജിതമായി നടപ്പാക്കുന്നതിന്റെ ഭാഗമായി വിവിധ വകുപ്പുകൾക്ക് ചുമതലകൾ നൽകിയും പ്രവർത്തന നിർദ്ദേശങ്ങൾ നൽകിയും ജില്ലാ കലക്ടർ ഉത്തരവിറക്കി.
സാഹചര്യം മുന്‍നിര്‍ത്തി ജില്ലയില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം സജ്ജമാക്കിയതായി ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ 0495-2762050 .
*വെള്ളിയാഴ്ച്ച സ്‌കൂളുകള്‍ക്ക് അവധി*
ചാത്തമംഗലം പ്രദേശത്ത് പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ വെള്ളിയാഴ്ച്ച പ്രദേശത്തെ മൂന്ന് സ്‌കൂളുകള്‍ക്ക് ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. ദയാപുരം റെസിഡന്‍ഷ്യല്‍ സ്‌കൂള്‍, ആര്‍.ഇ.സി ഗവണ്‍മെന്റ് വി.എച്ച്.എസ്.എസ്, ആര്‍.ഇ.സി ഗവണ്‍മെന്റ് എച്ച്.എസ്.എസ് എന്നീ സ്‌കൂളുകള്‍ക്കാണ് കലക്ടര്‍ അവധി പ്രഖ്യാപിച്ചത്.