അബുദാബി; ആഡംബരക്കാറിൽ ഭിക്ഷാടനത്തിനെത്തുന്ന സ്ത്രീ യുഎഇ പൊലീസിന്റെ പിടിയിൽ. ഒരു വർഷമായി ഭിക്ഷാടനം തൊഴിലാക്കിയ ഇവർ അബുദാബിയിൽ വച്ചാണ് പൊലീസിന്റെ പിടിയിലായത്. ആഴ്ചകളായി ഇവരെ പൊലീസ് നിരീക്ഷിച്ച് വരികയായിരുന്നു. ആരാധനാലയങ്ങൾ കേന്ദ്രീകരിച്ചായിരുന്നു ഇവർ ഭിക്ഷാടനം നടത്തിയത്. ഭിക്ഷാടനം ചെയ്യുന്ന സ്ഥലത്തു നിന്നു വളരെ ദൂരെ ഇവരുടെ ആഡംബര കാർ നിർത്തിയിടുകയും പിന്നീട് ആരാധനാലയത്തിന് മുന്നിലിരുന്ന് ഭിക്ഷാടനം നടത്തുകയും ചെയ്യുകയായിരുന്നു ഇവരുടെ പതിവ്. ചിലപ്പോൾ മണിക്കൂറുകൾ നടന്നാണു സ്വന്തം കാറിന്റെ അടുത്ത് എത്തിയിരുന്നത്. ദൂരത്തു വണ്ടി പാർക്ക് ചെയ്യുന്നതിനാൽ ഇവരെ ആളുകൾ തിരിച്ചറിയുന്നതും കുറവായിരുന്നു. പരാതി ലഭിച്ചതിനെ തുടർന്നു നടത്തിയ അന്വേഷണത്തിലാണ് സ്ത്രീ ഒടുവിൽ പൊലീസിന്റെ വലയിലായത്. ഭിക്ഷാടനത്തിൽ നിന്ന് ലഭിച്ച ധാരാളം പണവും ഇവരിൽ നിന്ന് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഭിക്ഷാടനം നടത്തുന്നത് രാജ്യത്ത് ഗുരുതര നിയമലംഘനമാണ്. ഓൺലൈൻ മാധ്യമങ്ങളിലെ ഭിക്ഷാടനവും പൊലീസ് നിരീക്ഷിക്കുന്നുണ്ട്. ഇത്തരം കേസുകളിൽ പിടിക്കപ്പെടുന്നവർക്ക് 3 മാസം തടവും 10000 ദിർഹം പിഴയുമാണ് ശിക്ഷ. ഓൺലൈൻ ഭിക്ഷാടർക്കെതിരെ ഐടി നിയമ പ്രകാരം കേസെടുക്കും.ഓൺലൈൻ വഴി പിരിവോ ഭിക്ഷാടനമോ ശ്രദ്ധയിൽപ്പെട്ടാൽ അബുദാബി പൊലീസിന്റെ 999 നമ്പരിൽ അറിയിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. കഴിഞ്ഞ വർഷം നവംബർ ആറു മുതൽ ഡിസംബർ 12 വരെ പൊലീസ് നടത്തിയ പരിശോധനയിൽ 159 യാചകരാണ് പിടിയിലായത്. പ്രത്യേകിച്ച് റംസാൻ മാസത്തിൽ ഭിക്ഷാടനം നടത്തുന്നതിനെതിരെയുള്ള പോലീസ് നടപടിയുടെ ഭാഗമായി പരിശോധന നടത്താൻ പ്രത്യേക സംഘങ്ങളെ എല്ലായ്‌പ്പോഴും സജ്ജമാക്കിയിട്ടുണ്ട്.ഭിക്ഷാടനം നടത്തുന്നവരെ പിടികൂടിയാൽ നിയമാനുസൃതം ശിക്ഷിക്കപ്പെടുമെന്നും സേന മുന്നറിയിപ്പ് നൽകിയിരുന്നു.പോലീസ് പറയുന്നതനുസരിച്ച്, യുഎഇ സർക്കാർ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ഔദ്യോഗിക ചാനലുകൾ സ്ഥാപിച്ചിട്ടുണ്ട്, ആവശ്യമുള്ളവർ സംഭാവനകൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഈ സ്ഥാപനങ്ങളിൽ രജിസ്റ്റർ ചെയ്യണം. വർഷങ്ങൾക്ക് മുൻപ് കോഴിക്കോട് മാവൂർ റോഡിൽ സമാന രീതിയിൽ ഭിക്ഷാടനം നടത്തിവന്നയാളെ കസബ പോലീസ് അറസ്റ്റ് ചെയ്തിതിരുന്നു.. സ്വന്തം വാഹനം ഇൻഡോർ സ്റ്റേഡിയത്തിന് പിന്നിൽ നിർത്തിയിട്ട് നടന്നുവന്നാണ് അരോഗദൃഢഗാത്രനായ മധ്യവയസ്ക്കൻ മുസ്ലീം വേഷത്തിൽ നിലത്ത് അവശനായി കിടന്ന് ഭിക്ഷാടനം നടത്തി വന്നിരുന്നത്. ഇതരമതസ്ഥനായ ഇയാൾ ജപമാല ഉയർത്തിപ്പിടിച്ച് തട്ടിപ്പ് തുടർന്ന വിവരം ” മാധ്യമ’ മാണ് അന്ന് പുറത്തു കൊണ്ടുവന്നത്.
Related Articles
September 14, 2020
210