കോഴിക്കോട് : ബേപ്പൂർ പഴയ പോലിസ് സ്റ്റേഷന്റെ അടുക്കളയിൽ അടുപ്പിനടിയിൽ നിന്ന് എംഡി എം എ യെന്ന പേരിൽ ” തൊണ്ടി മുതൽ ” കണ്ടെടുത്ത സംഭവത്തിൽ വിവാദം പുകയുന്നു. മയക്കുമരുന്ന് അടുക്കളയിൽ ഉണ്ടെന്ന വിവരം മാധ്യമങ്ങൾക്ക് നൽകി അത് വാർത്തയാക്കിയ ശേഷം ” തൊണ്ടി ” കണ്ടെടുത്തതിന് പിന്നിൽ ബേപ്പൂർ സ്റ്റേഷനിലെ തന്നെ ചിലരാണെന്നാണ് സൂചന. അധോലോക – ഗുണ്ടാ സംഘങ്ങളുമായി കൈകോർക്കുന്ന ഉദ്യോഗസ്ഥർ സേനയിൽ ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവർത്തിച്ച് പ്രഖ്യാപിച്ച് വരവെ, മണൽ മാഫിയ സംഘത്തലവന് ഒത്താശ ചെയ്യുകയും അറസ്റ്റ് വിവരങ്ങൾ ചോർത്തി നൽകുകയും ചെയ്ത കോഴിക്കോട് ബേപ്പൂർ സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ യുടെ അധോലോക ബന്ധങ്ങൾ പുറത്തായിരുന്നു . ഇദ്ദേഹത്തിനെ രക്ഷപെടുത്താൻ ബേപ്പൂർ സ്റ്റേഷനിൽ മുൻപ് ജോലി ചെയ്തിരുന്ന പോലീസുകാരൻ തിരക്കഥ രചിച്ചതാണ് ഇപ്പോഴത്തെ തൊണ്ടി കണ്ടെടുക്കൽ – എന്നാണ് പോലീസിൽ നിന്ന് ലഭിക്കുന്ന വിവരം. എംഡിഎംഎ സ്റ്റേഷന്റെ അടുക്കളയിൽ ഉണ്ടെന്ന വാർത്ത വന്ന അന്നു തന്നെ ഇപ്പോഴത്തെ ബേപ്പൂർ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ പഴയ പോലീസ് സ്റ്റേഷന്റെ അടുക്കള വിശദമായി പരിശോധിച്ചെങ്കിലും ഒന്നും കണ്ടു കിട്ടിയില്ല. തിരക്കഥ രചിച്ചതായി സംശയിക്കുന്ന ബേപ്പൂർ സ്റ്റേഷനിലെ പോലീസുകാരൻ ഇപ്പോൾ കോഴിക്കോട് സിറ്റി സ്പെഷൽ ബ്രാഞ്ചിലാണ്. അടുക്കളയിൽ നിന്ന് ഒന്നും ലഭിച്ചില്ലെന്ന വിവരം പുറത്തുവന്നയുടൻ ഇദ്ദേഹമാണത്രെ പഴയ ബേപ്പൂർ സ്റ്റേഷന്റെ അടുപ്പിനടിയിൽ നിന്ന് ” തൊണ്ടി ” കണ്ടെടുത്തത്. പെപ്സിയുടെ അലുമിനിയം ബോട്ടിലിലായിരുന്നു ” തൊണ്ടി ” . നേരെ നടന്നു ചെന്ന് അടുപ്പിനടിയിൽ നിന്ന് ” തൊണ്ടി ” പൊക്കിയ നടപടിയാണിപ്പോൾ സംശയത്തിനും വിവാദത്തിനു വഴി തുറന്നത്. മണൽ മാഫിയ വിവാദത്തിന്റെ പേരിൽ ജനുവരിയിൽ വയനാട്ടിലേക്ക് സ്ഥലം മാറ്റപ്പെട്ട ഇൻസ്പെക്ടറെ കുടുക്കാൻ പുതിയ തിരക്കഥ ചമച്ചതാണെന്ന് പറയുന്നു. മുൻപ് ഫറോക്ക് സ്റ്റേഷന് കീഴിൽ സ്പെഷൽ ബ്രാഞ്ചിൽ ജോലി ചെയ്യവെ ഒറ്റ നമ്പർ ലോട്ടറിയും , അനധികൃത മദ്യവും നേരിട്ട് പിടികൂടിയതിന് മുൻ ഇൻസ്പെക്ടർ ഇയാളെ താക്കീത് ചെയ്തിരുന്നു. വിവരങ്ങൾ ബന്ധപ്പെട്ട സ്റ്റേഷനിൽ . അറിയിക്കാമെന്നല്ലാതെ സ്പെഷൽ ബ്രാഞ്ചിന് നേരിട്ട് കേസെടുക്കാൻ അനുമതിയില്ല. ബേപ്പൂരിലെ ഒരു ക്രിമിനലുമായി ഈ പോലീസുകാരൻ നടത്തിയ വാട്ട്സ് ആപ് ചാറ്റിന്റെ തെളിവുകളടക്കം മുൻ ഇൻസ്പെക്ടർ ശേഖരിച്ചിരുന്നു. ചാറ്റിന്റെ വിവരങ്ങൾ പോലീസ് കൂട്ടായ്മയുടെ വാട്ട്സ് ആപ് ഗ്രൂപ്പിൽ പരസ്യമാക്കിയതിന് ശേഷമാണ് പുതിയ “തൊണ്ടി ” സംഭവം പുറത്തുവന്നിരിക്കുന്നത്. കേരള പോലിസ് ഓഫീസേഴ്സ് അസോസിയേഷന്റ ഭാരവാഹിയും, സ്‌റ്റേഷനിലെ പി ആർ ഒ യുമായ എസ് ഐയും മണൽ മാഫിയ തലവനും തമ്മിൽ നടന്ന ഫോൺ വിളി – വാട്സ് ആപ് ചാറ്റ് വിവരങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. ബേപ്പൂർ മുൻ ഇൻസ്പെക്ടർ വി.സിജിത്തിനെ വയനാട് ജില്ലയിലേക്ക് സ്ഥലം മാറ്റാൻ കാരണമായതായി പറയുന്ന ആരോപണത്തിന് പിന്നിലും ഈ എസ് ഐ യുടെ പങ്ക് വ്യക്തമാക്കുന്ന വിവരങ്ങളാണ് അന്ന് പുറത്തുവന്നത്. നിരവധി കേസുകളിൽ പ്രതിയായ ബേപ്പൂർ കിഴക്കുംപാടം സ്വദേശി എട്ടിയാടത്ത് ഹൗസിൽ എ. ഷജിത്തിനെ (42) ഇൻസ്പെക്ടർ വി. സിജിത്ത് അറസ്റ്റ് ചെയ്തിരുന്നു. ബേപ്പൂർ , പന്നിയങ്കര, നല്ലളം, കസബ സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ 451,341,323,354,308,427 വകുപ്പുകൾ പ്രകാരം നിരവധി കേസുകൾ നിലവിലുണ്ട്. ഇത്തരമൊരാളുമായി സ്റ്റേഷന്റെ മനസാക്ഷി സൂക്ഷിപ്പുകാരൻ കൂടിയായ പി.ആർ ഒ വഴിവിട്ട ബന്ധം പുലർത്തി വന്നതിന്റെ വിവരങ്ങളാണ് മുൻപ് പുറത്തുവന്നത് . ഇക്കാര്യങ്ങളും , കോഴിക്കോട് ടൗൺ സ്റ്റേഷനിൽ കുപ്രസിദ്ധ പ്രതിക്ക് വേണ്ടി ഹാജരായി കസ്റ്റഡിയിലുള്ള പ്രതിയുടെ വാഹനം കച്ചീട്ടിൽ കൈപ്പറ്റിയതുമടക്കം വിവരങ്ങൾ ഇന്റലിജൻസ് റിപ്പോർട്ട് ചെയ്തിട്ടും ഭരണസ്വാധീനം ഉപയോഗിച്ച് എസ് ഐ മാഫിയ ബന്ധം തുടരുന്നത് സേനയിൽ വിവാദമായിരുന്നു. ഇപ്പോൾ ” തൊണ്ടി ” കണ്ടെടുത്ത ഉദ്യോഗസ്ഥനും ഈ എസ് ഐയും സുഹൃത്തുക്കളാണ്. . ഈ വിവരങ്ങളത്രയും കോഴിക്കോടിന്റെ ചുമതലയുള്ള മന്ത്രി പി.എ .മുഹമ്മദ് റിയാസിനെ അറിയിച്ചതായാണ് വിവരം.