കെ.ഷിന്റുലാല്‍
കോഴിക്കോട്: സംസ്ഥാനത്ത് പിടിമുറുക്കുന്ന രാസലഹരി മാഫിയയുടെ വേരറുക്കുന്നതിനായി സദാസമയവും അന്വേഷണം നടത്തുന്നതിനിടയിലും ജീവനക്കാരില്‍ ചിലര്‍ ഓഫീസുകളിലേക്ക് അനുവദിച്ച കമ്പ്യൂട്ടറുകള്‍ ദുരപയോഗം ചെയ്യുന്നതായി റിപ്പോര്‍ട്ട്. എക്സൈസ് ഇന്റലിജന്‍സ് ബ്യൂറോ (ഐബി) ജോയിന്റ് എക്സൈസ് കമ്മീഷണറാണ് ഇക്കാര്യം കണ്ടെത്തിയത്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എക്സൈസ് കമ്മീഷണര്‍ എസ്. അനന്തകൃഷ്ണന് ദുരുപയോഗത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നത് സംബന്ധിച്ച് ഉത്തരവിറക്കുകയും ചെയ്തു.
ഓഫീസ് കമ്പ്യൂട്ടറുകളില്‍ ഔദ്യോഗിക വിവരങ്ങള്‍ മാത്രം മതിയെന്നാണ് കമ്മീഷണറുടെ ഉത്തരവ്. പാട്ടുകള്‍, സിനിമകള്‍ മുതലായ ജീവനക്കാരുടെ വ്യക്തിപരമായ ഇഷ്ടങ്ങള്‍ കമ്പ്യൂട്ടറുകളില്‍ സൂക്ഷിക്കാന്‍ പാടില്ല. ഓഫീസ് മേലധികാരിയുടേയോ ഓഫീസ് റൈറ്ററുടേയോ നിര്‍ദേശമനുസരിച്ച് മാത്രമേ മറ്റ് ഉദ്യോഗസ്ഥര്‍ ഉപയോഗിക്കാവൂവെന്നും കമ്മീഷണര്‍ പുറത്തിറിക്കിയ ഉത്തരവില്‍ വ്യക്തമാക്കി .
ഇതിന് പുറമോ കമ്പ്യൂട്ടറുകളുടെ ഉപയോഗം സംബന്ധിച്ചുള്ള പ്രാഥമിക പാഠങ്ങളുടെ ഉത്തരവിലൂടെ സൂചിപ്പിച്ചിട്ടുണ്ട്. കമ്പ്യൂട്ടുറുകള്ക്ക് നിര്‍ബന്ധമായും പാസ്വേര്ഡ് ഉപയോഗിക്കണം. ആപ്ലിക്കേഷനുകള്‍ ലോഗൗട്ട് ചെയ്തശേഷ ം ശരിയായ രീതിയില്‍ ഷട്ട്ഡൗണ്‍ ചെയ്യണം. പെന്‍ഡ്രൈവ് പോലുള്ള അനുബന്ധ ഉപകരണങ്ങള്‍ ആന്റി വൈറസ് സ്കാന്‍ ചെയ്തതിന് ശേഷം മാത്രം ഉപയോഗിക്കണം. ഡിവിഷന് ഓഫീസില്‍ നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥര്‍ മൂന്നുമാസത്തിലൊരിക്കല്‍ ഓഫീസ് കമ്പ്യൂട്ടറുകള്‍ പരിശോധിക്കണം. ആവശ്യമില്ലാത്ത സോഫ്റ്റ്വെയറുകള് ഇല്ലെന്ന് ഉറപ്പുവരുത്തേണ്ടതാണ്. ഔദ്യോഗിക ആവശ്യത്തിന് മാത്രമാണ് കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നതെന്ന് എല്ലാ ഓഫീസ് മേധാവികളും ഉറപ്പുവരുത്തണമെന്നും ദുരുപയോഗം ശ്രദ്ധയില്‍പെട്ടാല്‍ കര്‍ശന വകുപ്പ്തല നടപടി സ്വീകരിക്കേണ്ടതാണെന്നും എക്സൈസ് കമ്മീഷണര്‍ ഉത്തരവിട്ടു.