കെ.ഷിന്റുലാല്‍
കോഴിക്കോട് : അഴിമതിയും കൈക്കൂലിയും പൂര്‍ണമായും ഇല്ലാതാക്കുന്നതിനായി കര്‍മപദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിനിടയിലും വെല്ലുവിളി ഉയര്‍ത്തി സിവില്‍സര്‍വീസ് മേഖലയിലെ കൈക്കൂലി സംഘം. രണ്ടാം എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം മാത്രം 83 കേസുകളാാണ് സിവില്‍സര്‍വീസ് മേഖലയില്‍ നിന്ന് വിജിലന്‍സ് രജിസ്റ്റർ ചെയ്തത്.
കൈക്കൂലിക്കാര്‍ക്കെതിരേ സസ്പന്‍ഷന്‍ നടപടിയും മറ്റ് വകുപ്പ്തല നടപടികളും സ്വീകരിക്കാറുണ്ടെങ്കിലും അഴിമതിയ്ക്ക് കുറവില്ലെന്നാണ് ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. സംസ്ഥാനത്തെ 26 വകുപ്പുകളിലായാണ് വിജിലന്‍സ് 83 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. മുഖ്യമന്ത്രി നേരിട്ട് കൈകാര്യം ചെയ്യുന്ന ആഭ്യന്തരവകുപ്പില്‍ വരെ കൈക്കൂലിക്കാര്‍ വിലസുന്നുണ്ട്.
ഏറ്റവും കൂടുതല്‍ കൈക്കൂലി കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് റവന്യൂവകുപ്പിലാണ്. 23 കേസുകളാണ് രണ്ടുവര്‍ഷത്തിനുള്ളില്‍ മാത്രം രജിസ്റ്റര്‍ ചെയ്തത്. പഞ്ചായത്ത് വകുപ്പാണ് കൈക്കൂലിയില്‍ രണ്ടാംസ്ഥാനത്തുള്ളത്. ഒന്‍പത് കേസുകളാണ് ഇൗ വകുപ്പില്‍ നിന്നുള്ളത്. ആരോഗ്യവകുപ്പിലും തദ്ദേശസ്വയംഭരണ വകുപ്പിലും ഏഴു കേസുകള്‍ വീതം രജിസ്റ്റര്‍ ചെയ്തപ്പോള്‍ നഗരകാര്യവകുപ്പില്‍ ആറ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ആഭ്യന്തരവകുപ്പിലും രജിസ്‌ട്രേഷന്‍വകുപ്പിലും നാലു വീതം കേസുകളുണ്ട്. സര്‍വേവകുപ്പില്‍ മൂന്ന്, ലീഗല്‍ മെട്രോളജിയില്‍ രണ്ട്, വനംവകുപ്പില്‍ രണ്ട് കേസുകളുമുണ്ട്. മറ്റു 16 വകുപ്പുകളിലായി ഓരോ കൈക്കൂലി കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തൊഴില്‍വകുപ്പ്, വാട്ടര്‍അതോറിറ്റി, മൃഗസംരക്ഷണ വകുപ്പ്, എം.ജി.സര്‍വകലാശാല, ഐ ആന്‍ഡ് പിആര്‍ഡി, മലിനീകരണ നിയന്ത്രണബോര്‍ഡ്, വിദ്യഭ്യാസ വകുപ്പ്, ജലസേചന വകുപ്പ്, പട്ടികജാതി വികസന വകുപ്പ്, സപ്ലൈകോ, സഹകരണ വകുപ്പ്, വാണിജ്യനികുതി വകുപ്പ്, മോട്ടോര്‍ വെഹിക്കിള്‍, കൃഷിവകുപ്പ്, കെ.എസ്.ഇ.ബി എന്നീ സിവില്‍ സര്‍വീസ് മേഖലയിലാണ് ഓരോ കേകസുകള്‍ വീതമുളളത്.