കോഴിക്കോട്: ഞെളിയൻ പറമ്പിൽ നിലവിലുള്ള മാലിന്യം ബയോ മൈനിങ് വഴി നീക്കം ചെയ്യാനുള്ള കരാർ വിവാദമായ സോണ്ട ഇൻഫ്രാടെക് കമ്പനിക്ക് ഒരു മാസത്തേക്ക് കൂടി നീട്ടി നൽകാൻ മേയർ ഡോ.ബീന ഫിലിപ്പിന്റെ അധ്യക്ഷതയിൽ ചേർന്ന കോർപറേഷൻ പ്രത്യേക കൗൺസിൽ പ്രതിഷേധത്താൽ പ്രക്ഷുബ്ധമായി. അജണ്ട കീറിയെറിഞ്ഞ് യുഡിഎഫ് അംഗങ്ങൾ കൗൺസിൽ ബഹിഷ്ക്കരരിച്ചപ്പോൾ , മേയറുടെ ഡയസിന് മുൻപിൽ ബാനറുയർത്തി മുദ്രാവാക്യം വിളികളുമായി ബിജെപി പ്രതിഷേധിച്ചു. ഇതിനിടെ, വീഴ്ച്ച വരുത്തിയ കമ്പനിക്ക് 38.85 ലക്ഷം രൂപ പിഴ ചുമത്തുമെന്ന പ്രഖ്യാപനത്തോടെ ഭരണപക്ഷം അനായസമായി അജണ്ട പാസാക്കി . യു.ഡി.എഫ്, ബി.ജെ.പി അംഗങ്ങളുടെ പ്രതിഷേധത്തിനും ഇറങ്ങിപ്പോക്കിനും മുദ്രാവാക്യം വിളികൾക്കുമിടയിലാണ് ഭൂരിപക്ഷ പിന്തുണയോടെ തീരുമാനം അംഗീകരിച്ചത്. ചർച്ച തുടങ്ങി പകുതിയായപ്പോൾ യു.ഡി.എഫ് അംഗങ്ങൾ പ്രതിപക്ഷ നേതാവ് കെ.സി. ശോഭിത, കെ.മൊയ്തീൻ കോയ എന്നിവരുടെ നേതൃത്വത്തിൽ അജണ്ട കീറിയെറിഞ്ഞ് ബാനറുമേന്തി ഇറങ്ങിപ്പോവുകയായിരുന്നു. ചർച്ചയും ഡെപ്യൂട്ടി മേയർ സി.പി.മുസഫർ അഹമ്മദിന്റെ മറുപടിയും കഴിഞ്ഞ് അജണ്ട അംഗീകരിക്കാനായി പരിഗണിക്കവെ ടി.റനീഷ്, നവ്യ ഹരിദാസ് എന്നിവരുടെ നേതൃത്വത്തിൽ ബി.ജെ.പി അംഗങ്ങൾ ബാനറുമേന്തി പ്രതിഷേധമുയർത്തി വിയോജനക്കുറിപ്പ് നൽകി. തുടർന്ന് ബി.ജെ.പി അംഗങ്ങളുടെ നടുത്തളത്തിലിറങ്ങിയുള്ള പ്രതിഷേധത്തിനിടെ എൽ.ഡി.എഫ് പിന്തുണയോടെ തീരുമാനം അംഗീകരിച്ച് മറ്റ് എല്ലാ അജണ്ടകളും വായിച്ച് അംഗീകരിച്ച് മേയർ യോഗം അവാസാനിപ്പിക്കുകയായിരുന്നു. ഏപ്രിൽ 30 വരെ കരാർ കാലാവധി നീട്ടിക്കൊടുക്കാനാണ് തീരുമാനം. പ്രവൃത്തി മോണിറ്റർ ചെയ്യുന്നതിന് പ്രത്യേക ടെക്നിക്കൽ കമ്മറ്റി
രൂപവത്ക്കരിക്കും. സമിതിയുടെ നിർദ്ദേശങ്ങൾക്ക് അനുസൃതമായി പ്രവൃത്തി നടത്തണം. വീഴ്ചവരുന്നപക്ഷം എഗ്രിമെന്റ് റദ്ദാക്കും. സമയബന്ധിതമായി ബയോ മൈനിംഗ്, ബയോക്യാ പ്പിംഗ് പ്രവൃ ത്തി
നടപ്പാവാത്തപക്ഷം ഗ്രീൻ ട്രിബ്യൂണൽ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ കോർപ്പറേഷനെതിരെ സ്വീകരിക്കാനിടയുള്ള പിഴയടക്കം ഏത് രീതിയിലുള്ള നിയമനടപടികളുടെയും ഭാഗമായുണ്ടാകുന്ന ബാധ്യതകൾ സോണ്ടയിൽ നിന്ന് ഈടാക്കുമെന്ന് മേയർ വിശദീകരിച്ചെങ്കിലും, പ്രതിപക്ഷവും ബി ജെ പി യും ഇതംഗീകരിച്ചില്ല. ആർ.ഡി.എഫ് നീക്കം ചെയ്യേണ്ട ബാധ്യതയും സോണ്ടക്കാണ്. ഇത് ഒരു മാസത്തിനകം പൂർണ്ണമായി സ്ഥലത്ത് നിന്ന്
നീക്കണമെന്നുമുള്ള വ്യവസ്ഥയടക്കമാണ് കൗൺസിൽ അംഗീകരിച്ചത്. നാല് കൊല്ലം നീട്ടി നൽകിയിട്ടും നടപ്പാക്കാത്ത കാര്യം 30 ദിവസം കൊണ്ട് എങ്ങനെ നടപ്പാക്കുമെന്നും ഇതുവരെ നൽകിയ പണം പലിശയടക്കം തിരിച്ചെടുക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. ഹരിത ട്രൈബ്യൂണലിന്റെ പിഴയടക്കാനുള്ള ബാധ്യത കമ്പനിക്കാണെന്ന് പറഞ്ഞാലും കോർപറേഷൻ തന്നെ നൽകേണ്ടി വരുമെന്ന് ബി.ജെ.പിയംഗങ്ങളും ചൂണ്ടിക്കാട്ടി. എസ്.കെ.അബൂബക്കർ, എൻ.സി.അനിൽ കുമാർ, ഡോ.എസ്.ജയശ്രീ, എം.ബിജുലാൽ, ഒ.സദാശിവൻ, പി.കെ.നാസർ, സി.പി.സുലൈമാൻ, വി.കെ. മോഹൻദാസ്, എൻ.സി. മോയിജൻ കുട്ടി, ടി.ചന്ദ്രൻ, പി.സി.രാജൻ തുടങ്ങിയവർ സംസാരിച്ചു.