കോഴിക്കോട് : ആർത്തവ സംബന്ധമായ അസ്വസ്ഥതകൾ കാരണം അരമണിക്കൂർ വൈകിയെത്തിയ തന്നെ എൽ. എൽ. ബി. പരീക്ഷയെഴുതാൻ അനുവദിച്ചില്ലെന്ന വിദ്യാർത്ഥിനിയുടെ പരാതിയിൽ പരീക്ഷ സംബന്ധിച്ചുള്ള സർവ്വകലാശാലാ ചട്ടങ്ങൾ അവഗണിച്ചുകൊണ്ട് സർവ്വകലാശാലക്കും കോളേജിനും നിർദ്ദേശങ്ങൾ നൽകാനാവില്ലെന്ന് മനുഷ്യാവകാശ കമ്മീഷൻ.
പ്രിൻസിപ്പലിനെ നേരിൽ കേട്ടും വിശദീകരണം സ്വീകരിച്ചുമാണ് കമ്മീഷൻ ജൂഡീഷ്യൽ അംഗം കെ. ബൈജുനാഥ് പരാതി തീർപ്പാക്കിയത്. മലപ്പുറം എം.സി.ടി. കോളേജ് ഓഫ് ലീഗൽ സ്റ്റഡീസിനെതിരെ നരിക്കുനി സ്വദേശിനിയായ വിദ്യാർത്ഥിനി സമർപ്പിച്ച പരാതിയിലാണ് നടപടി. ഇക്കഴിഞ്ഞ ഫെബ്രുവരി 24 ന് നടന്ന എട്ടാം സെമസ്റ്റർ പരീക്ഷയുടെ കുട്ടികളുമായി ബന്ധപ്പെട്ട നിയമങ്ങൾ എന്ന പേപ്പറാണ് എഴുതാൻ പരാതിക്കാരി വൈകിയെത്തിയത്.
പരാതിക്കാരി കോളേജ് ഹോസ്റ്റലിലാണ് താമസിക്കുന്നതെന്നും പരീക്ഷ തുടങ്ങി 30 മിനിറ്റിന് ശേഷമാണ് പരീക്ഷക്കെത്തിയതെന്നും പ്രിൻസിപ്പൽ കമ്മീഷനെ അറിയിച്ചു. പരാതിക്കാരി പരീക്ഷ ദിവസം 12.15 ന് ഹോസ്റ്റലിൽ നിന്നും ഇറങ്ങിയെന്നും പ്രിൻസിപ്പൽ അറിയിച്ചു. പരീക്ഷ തുടങ്ങി ആദ്യത്തെ അരമണിക്കൂറിനുള്ളിൽ ഹാജർനില സർവ്വകലാശാലാ വെബ്സൈറ്റിൽ അപ് ലോഡ് ചെയ്യേണ്ടതുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. പരാതിക്കാരിക്ക് അസുഖമുണ്ടായിരുന്നെങ്കിൽ ഹോസ്റ്റലിൽ താമസിക്കുന്ന വനിതാ പരീക്ഷാ നിരീക്ഷകയെ വിവരം അറിയിക്കാമായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. കോളേജ് അധികൃതരുടെ നടപടിയിൽ അപാകതയില്ലെന്ന് കമ്മീഷൻ കണ്ടെത്തി.