കെ.ഷിന്റുലാല്‍
കോഴിക്കോട് : എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫി ഡല്‍ഹി മുതല്‍ ഷൊര്‍ണൂര്‍ വരെ കടന്നു വന്ന റെയില്‍വേസ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് കേന്ദ്ര-സംസ്ഥാന ഏജന്‍സികളുടെ അന്വേഷണം. ഡല്‍ഹിയില്‍ നിന്ന് ഷാറൂഖ് കയറിയ സമ്പര്‍ക്ക് ക്രാന്തി എക്സ്പ്രസ് ട്രെയിന്‍ നിര്‍ത്തിയ 15 സ്റ്റേഷനുകളിലെ സിസിടിവി ദൃശ്യങ്ങളാണ് പരിശോധിക്കുന്നത്. കേന്ദ്രരഹസ്യാന്വേഷണ വിഭാഗവും ദേശീയ അന്വേഷണ ഏജന്‍സിയും മഹാരാഷ്ട്ര എടിഎസും ട്രെയിന്‍ കടന്ന വന്ന വഴികളില്‍ സമാന്തരഅന്വേഷണം നടത്തുന്നുണ്ട്. ഇതിന് പുറമേയാണ് യാത്രക്കിടെ ആരെങ്കിലും നേരിട്ട് ഷാറൂഖിനെ ബന്ധപ്പെട്ടതായുള്ള ശാസ്ത്രീയ തെളിവുകള്‍ക്കായി റെയില്വേസ്റ്റേഷനുകളില് സ്ഥാപിച്ച സിസിടിവി ദൃശ്യങ്ങള്‍ കേസന്വേഷിക്കുന്ന എസ്ഐടിയും പരിശോധിക്കുന്നത്. ഡല്‍ഹിയ്ക്കും ഷൊര്‍ണൂരിനുമിടയില്‍ 15 റെയില്‍വേസ്റ്റേഷനുകളിലാണ് ട്രെയിന്‍ നിര്‍ത്തിയത്. നിസാമുദ്ദീന്‍, കൊട്ട ജംഗ്ഷന്, വഡോദര, സൂററ്റ്, വാസൈ റോഡ്, പനവേല്‍, രത്നഗിരി, മഡ്ഗോവ, ഉഡുപ്പി, മംഗളുരു ജംഗ്ഷന്, കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, ഷൊര്‍ണൂര്‍ ജംഗ്ഷന് എന്നീ റെയില്‍വേസ്റ്റേഷനുകളിലാണ് ട്രെയിനിന് സ്റ്റോപ്പുള്ളത്. ഇതില്‍ കൊട്ട ജംഗ്ഷന്, മഡ്ഗോവ, മംഗളൂരു ജംഗ്ഷനുകളില്‍ 10 മിനിറ്റോളം ട്രെയിന്‍ നിര്‍ത്തിയിട്ടുണ്ട്. വഡോദര ഒഴികെ മറ്റു സ്റ്റേഷനുകളിലെല്ലാം എട്ടു മിനിറ്റില്‍ താഴെ മാത്രമേ ട്രെയിന്‍ നിര്‍ത്താറുള്ളൂ. ഈ സാഹചര്യത്തിലാണ് കൂടുതല്‍ സമയം ചെലവഴിച്ച സ്റ്റേഷനുകളില്‍ വിശദമായ പരിശോധന നടത്തുന്നത്. ഇതിന് പുറമേ ട്രെയിന്‍ പുറപ്പെട്ട ചണ്ഡീഗഢ്, അമ്പാല കാന്ത് ജംഗ്ഷന് എന്നിവിടങ്ങളില്‍ നിന്നും ഷാറൂഖ് കയറിയ കോച്ചുകളില്‍ സഞ്ചരിച്ചവരുടെ മുഴുവന്‍ വിവരങ്ങളും ശേഖരിക്കുന്നുണ്ട്.
ട്രെയിനില്‍ തുടര്‍ച്ചയായി യാത്ര ചെയ്യുന്നതിനിടെ ഷാറൂഖ് ഏതെങ്കിലും റെയില്‍വേസ്റ്റേഷനിലെത്തുമ്പോള്‍ പുറത്തിറങ്ങാനുള്ള സാധ്യതയേറെയാണ്. ഈ സമയം ഷാറൂഖിനെ ആരെങ്കിലും അനുഗമിക്കുന്നുണ്ടോയെന്നും ദൃശ്യങ്ങള്‍ പരിശോധിക്കുന്നതിലൂടെ കണ്ടെത്താനാവുമെന്നാണ് അന്വേഷണ ഏജന്‍സികളുടെ കണക്കുകൂട്ടല്‍. ഏതെങ്കിലും റെയില്‍വേസ്റ്റേഷനില്‍ വച്ച് ഷാറൂഖുമായി ആരെങ്കിലും ആശയവിനിമയം നടത്തിയതായും ഈ പരിശോധനയിലൂടെ കണ്ടെത്താനാവും.
അതേസമയം ഷഹീന്‍ബാഗ് കേന്ദ്രീകരിച്ചു വിശദമായ അന്വേഷണം നടക്കുന്നുണ്ട്. അന്വേഷണ സംഘത്തിലെ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ഇവിടെ ക്യാമ്പ് ചെയ്യുന്നുണ്ട്. കേരളത്തില്‍ നിന്നും എസ്പി റാങ്കിലുള്ള മറ്റൊരുദ്യോഗസ്ഥന് കൂടി ഇന്നലെ ഷഹീന്‍ബാഗിലെ ഷാറൂഖിന്റെ വീട്ടിലെത്തി വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.