കോഴിക്കോട് : കോഴിക്കോട് തളി മേയ് ഫ്ലവർ റസ്റ്റാറന്റിൽ നിന്ന് ചീഞ്ഞ ഇറച്ചിയടക്കം ഭക്ഷ്യ വസ്തുക്കൾ പിടികൂടി. ഇന്ന് ഉച്ചയ്ക്ക് ശേഷം ഭക്ഷ്യ സുരക്ഷാ വിഭാഗവും . നഗരസഭാ ഹെൽത്ത് വിഭാഗവും , നടത്തിയ റെയ്ഡിലാണ് ചീഞ്ഞ മുയലിറച്ചി, ചീഞ്ഞ കോഴിയിറച്ചി എന്നിവയടക്കം ഉപയോഗശൂന്യമായ ഭക്ഷ്യ വസ്തുക്കൾ പിടിച്ചെടുത്തത്.
വയനാട്ടിൽ നിന്നുള്ള കുടുംബം ഉച്ചയ്ക്ക് ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചിരുന്നു. രുചി വ്യത്യാസം അനുഭവപ്പെട്ടതിനെ തുടർന്ന് ഇവർ ഭക്ഷ്യ സുരക്ഷാ വിഭാഗം ഓഫീസർ ശങ്കരനുണ്ണിയേയും , നഗരസഭാ ഹെൽത്ത് വിഭാഗത്തിലും അറിയിച്ചു. കുതിച്ചെത്തിയ ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിലാണ് ഫ്രീസറിൽ സൂക്ഷിച്ച സാധനങ്ങൾ പിടിച്ചെടുത്തത്.
ഫ്രീസർ പ്രവർത്തിക്കാത്തതിനാൽ ഇറച്ചിയും മറ്റും ചീഞ്ഞുനാറുന്ന അവസ്ഥയിലായിരുന്നു. ഇവ ഇന്ന് ഭക്ഷണം തയ്യാറാക്കാൻ ഉപയോഗിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. പരിശോധന സന്ധ്യ വരെ തുടർന്നു. ചീഞ്ഞ സാധനങ്ങളുടെ സാമ്പിൾ ശേഖരിച്ചിട്ടുണ്ട്.