കെ. ഷിന്റുലാല്‍
കോഴിക്കോട് : ആഭ്യന്തരസുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തിയ സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് കേസിലെ മുഖ്യപ്രതി ഉടന്‍ കീഴടങ്ങാന്‍ സാധ്യത. വിദേശത്ത് ഒളിവില്‍ കഴിഞ്ഞിരുന്ന മലപ്പുറം ജില്ലയിലെ ഏറനാട് -പനക്കാട്, കിഴക്കേത്തല കുട്ടശേരി വീട്ടില്‍ നിയാസ് കുട്ടശേരി (41) ആണ് കീഴങ്ങാന്‍ സന്നദ്ധനായത്. കഴിഞ്ഞ ഏപ്രില്‍ 13 ന് ഇയാളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് കോഴിക്കോട് കോടതി മുമ്പാകെ കീഴടങ്ങാന്‍ തയാറെടുക്കുന്നത്. രാജ്യസുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തിയ സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് കോഴിക്കോട് സിറ്റിയിലെ നല്ലളം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ അഞ്ചാംപ്രതിയും കസബ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ നാലാംപ്രതിയുമാണ് നിയാസ്. അന്വേഷണ ഘട്ടത്തില്‍ വിദേശത്തേക്ക് മുങ്ങിയ നിയാസിനെതിരേ ലുക്കൗട്ട് നോട്ടീസും പുറത്തിറക്കിയിരുന്നു.
കേസിലെ മറ്റു പ്രതികളായ ജുറൈസ്, ഷബീര്‍, കൃഷ്ണപ്രസാദ്, ഇബ്രാഹിം പുല്ലാട്ടില്‍, അബ്ദുള്‍ ഗഫൂര്‍ എന്നിവരുമായി നിയാസ് ഗൂഢാലോചന നടത്തിയെന്നും അനധികൃത ലാഭം നേടുന്നതിനായി നിയമവിരുദ്ധമായ തട്ടിപ്പ് നടത്തിയെന്നുമാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. കേരളത്തിലും പുറത്തും നിയമവിരുദ്ധമായ എക്സ്ചേഞ്ചുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ സെര്‍വറുകള്‍ ക്രമീകരിച്ചതില്‍ നിയാസിന് നിര്‍ണായക പങ്കാണുള്ളത്. കോഴിക്കോട് മാത്രം ആറ് എക്സ്ചേഞ്ചുകളാണ് നിയാസിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിച്ചത്. അനധികൃത എക്സ്ചേഞ്ച് സ്ഥാപിക്കാന്‍ നിയാസാണ് മറ്റ് പ്രതികള്‍ക്ക് ക്ലൗഡ് സെര്‍വറുകള്‍ നല്‍കിയത്. ഔറംഗബാദ് ആസ്ഥാനമായുള്ള ഇന്റലക്ടിക്ക സിസ്റ്റം പ്രൈവറ്റ് ലിമിറ്റഡ് കമ്പനി നിരവധി സെര്‍വര്‍ സ്പേസുകള്‍ വാടക അടിസ്ഥാനത്തില്‍ നിയാസിന് നല്‍കിയതായും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. പ്രതിമാസ വാടക നല്‍കിയാണ് നിയാസ് സെര്‍വറുകള്‍ പരിപാലിച്ചത്. പരിപാലിക്കുന്ന സെര്‍വറുകളുടെ വാടക ഇനത്തില്‍ 38,56,818.12 രൂപയുടെ വന്‍ ഇടപാട് കഴിഞ്ഞ വര്‍ഷങ്ങളില്‍ നിയാസ് നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്.
രജിസ്റ്റര്‍ ചെയ്ത ഓരോ കേസിലും 2.5 കോടി രൂപ ഇന്ത്യന്‍ സര്‍ക്കാരിന് നഷ്ടമായിട്ടുണ്ട്. 582 കോള്‍ റൂട്ടുകളാണ് നിയാസ് പരിപാലിച്ചത്. 110 വോയ്സ് ആപ്ലിക്കേഷനുകള്‍ കണക്റ്റ് ചെയ്യുകയും ചെയ്തുവെന്ന് ടെലികോം വിഭാഗത്തിന്റെ അന്വേഷണത്തിലും കണ്ടെത്തി. സിറിയ, യെമന്‍, ജോര്‍ദാന്‍, പലസ്തീന്, പാകിസ്ഥാന്, അഫ്ഗാനിസ്ഥാന്, നൈജീരിയ, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളിലേക്കാണ് കോള്‍ റൂട്ടുകള്‍ വിറ്റത്. നിയമവിരുദ്ധമായ എക്സ്ചേഞ്ചുകള്‍ നടത്തിയവരില്‍ നിരവധി ഹവാല പണമിടപാടുകളുടെ കേന്ദ്രമായി നിയാസ് പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഇന്ത്യയിലെ വിവിധ ടെലികോം സേവന ദാതാക്കളെ കബളിപ്പിച്ച്, ടെലികമ്മ്യൂണിക്കേഷന്‍ ശൃംഖല കൈയേറ്റം ചെയ്യുകയും രാജ്യത്തിന്റെ ആശയവിനിമയ സംവിധാനത്തിലേക്ക് നുഴഞ്ഞുകയറി ആഭ്യന്തര സുരക്ഷ, സാമ്പത്തിക സ്ഥിരത എന്നിവയ്ക്ക് ഭീഷണിയായി മാറുകയും സര്‍ക്കാറിന് കോടികളുടെ സാമ്പത്തിക നഷ്ടം വരുത്തുകയും ചെയ്തുവെന്നതുള്‍പ്പെടെ ഗുരുതര കുറ്റകൃത്യങ്ങളാണ് നിയാസിനെതിരേ അന്വേഷണസംഘം കണ്ടെത്തിയിട്ടുള്ളത്.