കോഴിക്കോട് : സെൻട്രൽ മാർക്കറ്റിന് സമീപം കോർട്ട് റോഡിൽ പ്രവർത്തിക്കുന്ന നോർമൻ പ്രിന്റിംഗ് ബ്യൂറോ കെട്ടിടം ദുരന്ത നിവാരണ നിയമപ്രകാരം പൊളിച്ചുനീക്കാൻ ജില്ലാ കളക്ടർ നിർദ്ദേശിച്ച സാഹചര്യത്തിൽ കെട്ടിടം പൊളിക്കരുതെന്ന് ഉത്തരവിടാൻ കഴിയില്ലെന്ന് മനുഷ്യാവകാശ കമ്മീഷൻ.
ജനസാന്ദ്രതയേറിയ സ്ഥലത്ത് നിൽക്കുന്ന കെട്ടിടത്തിന്റെ ഒന്നാംനിലയുടെ മേൽഭാഗം ഇടിഞ്ഞുവീഴാൻ സാധ്യതയുണ്ടെന്നും കെട്ടിടം അപകടാവസ്ഥയിലാണെന്നും ഇത് തൊഴിലാളികളുടെ ജീവന് തന്നെ ഭീഷണിയാണെന്നും ജില്ലാ കളക്ടർ വ്യക്തമാക്കിയിട്ടുണ്ടെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു.
കെട്ടിടത്തിന്റെ അവസ്ഥ പൊതു മരാമത്ത് വകുപ്പും ജില്ലാ ഫയർ ഓഫീസറും പരിശോധിച്ചിട്ടുള്ളതാണ്. കെട്ടിടം പൊളിച്ചുമാറ്റാൻ നോട്ടീസ് നൽകിയിട്ടുള്ളതായി കളക്ടർ അറിയിച്ചു. കെട്ടിടത്തിനകത്തുള്ള സാധനസാമഗ്രികൾ നിശ്ചിത സമയപരിധിക്കുള്ളിൽ മാറ്റിയില്ലെങ്കിൽ ദുരന്ത നിവാരണ നിയമപ്രകാരം നടപടിയെടുക്കുമെന്നും കളക്ടർ അറിയിച്ചു.
കെട്ടിടം പൊളിക്കരുതെന്ന് ആവശ്യപ്പെട്ട് പ്രസ് ജീവനക്കാർ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.