സ്വന്തം ലേഖകൻ കോഴിക്കോട് : ടൗൺ എസ് ഐ ചമഞ്ഞ് ഹോട്ടലിൽ മുറിയെടുക്കാൻ ആൾമാറാട്ടം നടത്തിയ കോഴിക്കോട് സിറ്റി ട്രാഫിക്കിലെ ഗ്രേഡ് എസ് ഐ ക്കെതിരെ ഇന്റലിജൻസ് അന്വേഷണം . ഈ മാസം 10 നാണ് ഒരു സ്ത്രീയുമൊത്ത് ലിങ്ക് റോഡിലെ ഒരു ഹോട്ടലിൽ ട്രാഫിക് എസ് ഐ മുറിയെടുത്തത് . താൻ ടൗൺ എസ് ഐ ആണെന്നും വിശ്രമിക്കാൻ മുറിവേണമെന്നും ഇദ്ദേഹം ആവശ്യപ്പെടുകയായിരുന്നു. ഹോട്ടൽ ടൗൺ സ്റ്റേഷൻ പരിധിയിലായതിനാൽ റിസപ്ഷനിസ്റ്റ് ഉപചാരപൂർവ്വം എസ് ഐ യെ സ്വീകരിച്ചിരുത്തി മുറി അനുവദിച്ചു. രജിസ്റ്ററിൽ ടൗൺ എസ് ഐ എന്നെഴുതുകയും ചെയ്തു. ഉച്ചയ്ക്ക് ഒരു മണിയോടെ മുറിയിലേക്ക് പോയ ഇരുവരും നാലുമണിയോടെ ഹോട്ടലിൽ നിന്ന് മടങ്ങുന്നതടക്കം ദൃശ്യങ്ങൾ സി സി ടി വി യിലുണ്ട്. പിന്നീട് ഹോട്ടലുകാർക്ക് സംശയം തോന്നിയതിനെ തുടർന്ന് സി സി ടി വി ദൃശ്യങ്ങളടക്കം പുറത്തുവന്നതോടെ സംഭവം പോലീസിൽ സംസാര വിഷയമായി. തുടർന്ന് ബന്ധപ്പെട്ടവർ ഹോട്ടലിലെത്തി രജിസ്റ്റർ പരിശോധിക്കുകയും ആൾമാറാട്ടം സ്ഥിരീകരിക്കുകയും ചെയ്തു. കൂടെ വന്ന സ്ത്രി എസ്ഐ യുടെ ഭാര്യയല്ലെന്നും സ്ഥിരികരിച്ചത്രെ. എന്നാൽ സംഭവത്തെക്കുറിച്ച് അന്വേഷിക്കാനോ കേസെടുക്കാനോ പോലിസ് തയ്യാറായിട്ടില്ല. പരാതി ഇല്ലെന്ന കാരണം പറഞ്ഞ് പോലീസ് അസോസിയേഷൻ നേതാവുകൂടിയായ എസ് ഐ യെ സംരക്ഷിക്കാൻ നീക്കം നടക്കുന്നതായി സേനയിലുള്ളവർ പറയുന്നു. മുൻപ് കസബ സ്റ്റേഷൻ പരിധിയിലും സമാന രീതിയിൽ ആൾമാറാട്ടം നടത്തി എസ് ഐ ” വിശ്രമിച്ചിട്ടുണ്ടത്രെ” . അധോലോക – ഗുണ്ടാ സംഘങ്ങളുമായി കൈകോർക്കുന്ന ഉദ്യോഗസ്ഥർ സേനയിൽ ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവർത്തിച്ച് പ്രഖ്യാപിച്ച് വരവെ, മണൽ മാഫിയ സംഘത്തലവന് ഒത്താശ ചെയ്യുകയും അറസ്റ്റ് വിവരങ്ങൾ ചോർത്തി നൽകുകയും ചെയ്തതായി കണ്ടെത്തിയതിനെ തുടർന്നാണ് ഇദ്ദേഹത്തെ കോഴിക്കോട് ബേപ്പൂർ സ്റ്റേഷനിൽ നിന്ന് മാസങ്ങൾക്ക് മുൻപ് ട്രാഫിക് യൂനിറ്റിലേക്ക് സ്ഥലം മാറ്റിയത്. ബേപ്പൂർ സ്‌റ്റേഷനിലെ പി ആർ ഒ യുമായിരുന്ന സമയത്ത് മണൽ മാഫിയ തലവനുമായി നടത്തിയ ഫോൺ വിളി – വാട്സ് ആപ് ചാറ്റ് വിവരങ്ങൾ പുറത്തുവന്നതിനെ തുടർന്നാണ്ശിക്ഷാ നടപടിയുടെ ഭാഗമായി ട്രാഫിക് യൂനിറ്റിലേക്ക് മാറ്റിയത്. മുൻപ് കോൺഗ്രസ് ഭരണകാലത്ത് SSB യിൽ ജോലിയുള്ള സമയം DYSP യോട്അപമര്യാദയായി പെരുമാറിയതിനാണ് അന്ന്ബേപ്പൂരിലേക്ക് ട്രാൻസ്ഫർ ആക്കിയത്. സംസ്ഥാനത്തെ ഭരണമാറ്റത്തിന് ശേഷം ഒരു കോൺഗ്രസ് അസോസിയേഷൻ അനുകൂല മിനിസ്റ്റീരിയൽ സ്റ്റാഫിനെ കയ്യേറ്റം ചെയ്തത്തോടെ നിലവിലെ അസോസിയേഷൻ കാരുടെ തണലിൽ ബേപ്പൂരിലെ PRO പോസ്റ്റ് തരപ്പെടുത്തുകയായിരുന്നു. ആൾമാറാട്ടം ഗുരുതര ക്രിമിനൽ കുറ്റമായതിനാൽ സംസ്ഥാന ഇന്റലിജൻസും (SSB ) സംഭവം അന്വേഷിക്കുന്നതായാണ് വിവരം.