കോഴിക്കോട് : ടൗൺ എസ്ഐ യുടെ പേരിൽ ആൾമാറാട്ടം നടത്തി ഹോട്ടലിൽ സ്ത്രീക്കൊപ്പം മുറിയെടുത്ത് ” വിശ്രമിച്ച് ” ആഭ്യന്തര വകുപ്പിനും പോലീസിനും ചീത്തപ്പേരുണ്ടാക്കിയട്രാഫിക് എസ് ഐക്കെതിരെ ഹോട്ടൽ ജീവനക്കാരാന്റെ മൊഴി. ടൗൺ അസി. കമീഷണർക്ക് മുമ്പാകെ ലിങ്ക് റോഡിലെ ഹോട്ടൽ റിസപ്ഷനിസ്റ്റ് നൽകിയ മൊഴി ഇതിനിടെ പുറത്തുവന്നു. എസ് ഐ തിരിച്ചറിയൽ കാർഡ് കാണിച്ചാണ് എ.സി മുറിയെടുത്തതെന്നും വെറും ആയിരം രൂപ മാത്രമെ നൽകിയിട്ടുള്ളുവെന്നും മൊഴിയിലുണ്ട്. എന്നിട്ടും, ആൾമാറാട്ടം , ഔദ്യോഗിക പദവിയുടെ ദുരുപയോഗം, സാമ്പത്തിക തട്ടിപ്പ് തുടങ്ങി ഗുരുതര കിമിനൽ കുറ്റങ്ങൾ ചെയ്ത എസ് ഐക്കെതിരെ നടപടിക്ക് മടിച്ചു നിൽക്കുകയാണ് സിറ്റി പോലീസ് കമീഷണർ അടക്കമുള്ള ഉന്നത പോലീസ് . സ്പെഷൽ ബ്രാഞ്ച് ഉന്നതൻ അടക്കം അംഗമായ പോലീസ് ഓഫീസേഴ്സ് അസോസിയേഷന്റെ ജില്ലാ ഭാരവാഹിയാണ് ആരോപണ വിധേയൻ എന്നതാണ് കാരണം. ഇതിനിടെ , എസ് ഐ ക്കൊപ്പം മുറിയെടുത്ത സ്ത്രീയെ തിരിച്ചറിഞ്ഞതായി സൂചനയുണ്ട് . മുൻപ് ജോലി ചെയ്തിരുന്ന സ്റ്റേഷനിൽ പരാതിക്കാരിയായ വന്ന വീട്ടമ്മയെ ഭീഷണിപ്പെടുത്തി വലയിലാക്കി ഇംഗിതത്തിന് വിധേയമാക്കി എന്നാണ് പോലീസിൽ നിന്ന് ലഭിക്കുന്ന വിവരം. സംഭവം പുറത്തായതോടെ വീട്ടമ്മ എസ്ഐക്കെതിരെ പീഡന പരാതി കൊടുക്കുമെന്നും സൂചനയുണ്ട് . ഗുണ്ടകൾക്കു ഒത്താശ ചെയ്യുക , കേസ് വിവരങ്ങൾ മണൽ മാഫിയക്ക് ചോർത്തി നൽകുക, മറ്റ് സ്റ്റേഷനിൽ നിന്ന് തൊണ്ടിമുതൽ ഭീഷണിപ്പെടുത്തി പ്രതികൾക്ക് ലഭ്യമാക്കുക തുടങ്ങി നിരവധി ആരോപണങ്ങൾ നേരിട്ട എസ് ഐ യെ അസോസിയേഷൻ ബന്ധം കണക്കിലെടുത്താണ് ഇതുവരെ രക്ഷിച്ചു പോന്നത് . എന്നാൽ ഹോട്ടൽ വിഷയത്തിൽ നടപടി വേണമെന്നാണത്രെ അസോസിയേഷനിലെ ഒരു വിഭാഗത്തിന്റെ നിലപാട്. ഈ മാസം 10 നാണ് ഒരു സ്ത്രീയുമൊത്ത് ലിങ്ക് റോഡിലെ ഒരു ഹോട്ടലിൽ ട്രാഫിക് എസ് ഐ മുറിയെടുത്തത് . താൻ ടൗൺ എസ് ഐ ആണെന്നും വിശ്രമിക്കാൻ മുറിവേണമെന്നും ഇദ്ദേഹം ആവശ്യപ്പെടുകയായിരുന്നു. ഹോട്ടൽ ടൗൺ സ്റ്റേഷൻ പരിധിയിലായതിനാൽ റിസപ്ഷനിസ്റ്റ് ഉപചാരപൂർവ്വം എസ് ഐ യെ സ്വീകരിച്ചിരുത്തി മുറി അനുവദിച്ചു. രജിസ്റ്ററിൽ ടൗൺ എസ് ഐ എന്നെഴുതുകയും ചെയ്തു. ഉച്ചയ്ക്ക് ഒരു മണിയോടെ മുറിയിലേക്ക് പോയ ഇരുവരും നാലുമണിയോടെ ഹോട്ടലിൽ നിന്ന് മടങ്ങുന്നതടക്കം ദൃശ്യങ്ങൾ സി സി ടി വി യിലുണ്ട്. പിന്നീട് ഹോട്ടലുകാർക്ക് സംശയം തോന്നിയതിനെ തുടർന്ന് സി സി ടി വി ദൃശ്യങ്ങളടക്കം പുറത്തുവന്നതോടെ സംഭവം പോലീസിൽ സംസാര വിഷയമായി. തുടർന്ന് ടൗൺ പോലീസ് ഹോട്ടലിലെത്തി രജിസ്റ്റർ പരിശോധിക്കുകയും ആൾമാറാട്ടം സ്ഥിരികരിക്കുകയും ചെയ്തിരുന്നു. കൂടെ വന്ന സ്ത്രി എസ്ഐ യുടെ ഭാര്യയല്ലെന്നും സ്ഥിരികരിച്ചത്രെ. സംസ്ഥാന രഹസ്യപോലീസ് (ടടB ) അടക്കം അന്വേഷിക്കുന്നതിനാൽ വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെട്ടതായും , ഡി ജി പി യോട് റിപ്പോർട്ട് തേടിയതായും വിവരമുണ്ട്.