മുക്കം: ലോക പരിസ്ഥിതി ദിനത്തിൽ കക്കാട് ഗവ. എൽ.പി സ്‌കൂൾ വിദ്യാർത്ഥികൾക്കായി ഫീൽഡ് ട്രിപ്പ് സംഘടിപ്പിച്ചു. സ്‌കൂളിലെ മൂന്ന്, നാല് ക്ലാസുകളിലെ കുട്ടികൾ കർഷകനും സിവിൽ (ഡ്രാഫ്റ്റ്സ്മാൻ) എൻജിനീയറുമായ കാരശ്ശേരിയിലെ പൊയിലിൽ അബ്ദുവിന്റെ ‘പൊയിലിൽ അഗ്രോ ഫാമി’ലെത്തി കൃഷിയനുഭവങ്ങൾ അദ്ദേഹത്തിൽനിന്നും നേരിട്ടു മനസ്സിലാക്കി.
വീടിനോട് ചേർന്നുള്ള ഒന്നര ഏക്കറിലേറെ വരുന്ന സ്ഥലത്തെ 150-ലേറെ ഇനം മാവുകളെ കുറിച്ചും അതിന്റെ വിളവെടുപ്പ്, ബെഡ്ഡിംഗ്, കൃഷി രീതികളെക്കുറിച്ചും അദ്ദേഹം കുട്ടികളുമായി അനുഭവങ്ങൾ പങ്കുവെച്ചു. ഒപ്പം സ്‌കൂളിൽ നട്ടുവളർത്താനായി ബാംഗ്ലൂരുവിലെ ഐ.എച്ച്.ആർ.ഡി വികസിപ്പിച്ചെടുത്ത മൂന്നുവർഷത്തിനകം കായ്ക്കുന്ന ബഗ്‌ളോറ എന്ന മാവിൻ തൈയും രുചിക്കാനായി രാസവളങ്ങൾ ചേർക്കാത്ത ശുദ്ധ മാമ്പഴങ്ങളും നൽകി. കൂടാതെ, സ്‌കൂളിലെ താൽപര്യമുള്ള പത്ത് കുട്ടിക്കർഷകരെ സൗജന്യമായി ബെഡ്ഡിംഗ് പഠിപ്പിക്കാനും അദ്ദേഹം സന്നദ്ധതയറിയിച്ചു. കുട്ടികൾക്ക് വിവിധ കൃഷികളിൽ അവബോധമുണ്ടാക്കാൻ ആവശ്യമായ സഹായങ്ങളും അദ്ദേഹം ഉറപ്പുനൽകി.
ലോകത്താകെ ചൂട് കൂടി വരികയും നമ്മുടെ വായുവും വെള്ളവും മണ്ണും പരിസരവുമെല്ലാം കൂടുതൽ മലിനവുമാകുന്ന സാഹചര്യത്തിൽ മനുഷ്യൻ കൂടുതൽ കൂടുതൽ രോഗികളായി തീരുകയാണ്. ആയതിനാൽ പ്രകൃതിയിലേക്ക് ഇറങ്ങാനും മണ്ണും മനസ്സും ചേർന്ന് കൂടുതൽ പച്ചപ്പ് പടർത്താനും വിഷരഹിത ജൈവകൃഷി രീതിയിലൂടെ വീട്ടിലേക്ക് ആവശ്യമായതെല്ലാം നമുക്ക് ചുറ്റും നട്ടുവളർത്താൻ ശ്രദ്ധിക്കണമെന്നും അദ്ദേഹം ഉണർത്തി.
കുട്ടികളിൽ പരിസ്ഥിതിയെക്കുറിച്ചും വിവിധ കൃഷിരീതികളെക്കുറിച്ചും അവബോധമുണ്ടാക്കുന്നതിനായാണ് സ്‌കൂൾ പരിസ്ഥിതി ദിനത്തിൽ ഫീൽഡ് ട്രിപ്പ് സംഘടിപ്പിച്ചത്. കേവലം ഒരുദിവസം വൃക്ഷത്തൈകൾ നടുന്നതിലും പരിസ്ഥിതി പ്രതിജ്ഞ എടുക്കുന്നതിലും മാത്രം പരിസ്ഥിതി ദിനാഘോഷം ഒതുങ്ങരുതെന്ന സന്ദേശമാണ് യാത്രയിലൂടെ കുട്ടികൾക്ക് പകർന്നത്. നമുക്ക് ചുറ്റും നടക്കുന്ന കാര്യങ്ങളിലേക്ക് കണ്ണോടിക്കാനും നമ്മുടെ ആവാസ വ്യവസ്ഥയ്ക്ക് കോട്ടമുണ്ടാക്കാതെ നാടിന്റെ പച്ചപ്പും വിശുദ്ധിയും നിലനിർത്താനാവശ്യമായ സ്ഥായിയായ ഒരു പാരിസ്ഥിതിക സംസ്‌കാരം നട്ടുവളർത്താനാവശ്യമായ ബോധവത്കരണം കൂടിയായിരുന്നു ഫീൽഡ് ട്രിപ്പ്. സംശയങ്ങൾ ചോദിച്ചും കാര്യങ്ങൾ കൗതുകത്തോടെ കണ്ടനുഭവിച്ചും കുട്ടികൾ യാത്രയെ ആസ്വാദ്യകരമാക്കി.
സ്‌കൂളിനായുള്ള ബഗ്‌ളോറ മാവിൻ തൈ ഫാം ഉടമയുടെ നാലര വയസ്സുള്ള മകൾ ഫാത്തിമ ബെൽഹ സ്‌കൂൾ എച്ച്.എം ജാനീസ് ജോസഫിന് കൈമാറി. പി.ടി.എ പ്രസിഡന്റ് കെ.സി റിയാസ്, എക്‌സിക്യൂട്ടീവ് അംഗം മുനീർ പാറമ്മൽ, സ്‌കൂൾ സീനിയർ അസിസ്റ്റന്റ് ഷഹനാസ് ടീച്ചർ, അധ്യാപകരായ കെ ഫിറോസ് മാഷ്, ഷാക്കിർ മാഷ് ചേന്ദമംഗല്ലൂർ, ഗീതു ടീച്ചർ മുക്കം തുടങ്ങിയവർ യാത്രയ്ക്ക് നേതൃത്വം നൽകി.