KERALAlocaltop news

നഴ്സിങ്ങ് അഡ്മിഷൻ: സഭയുടെ നടപടി വിവാദത്തിൽ

* ലക്ഷ്യം ലക്ഷങ്ങളുടെ കോഴയെന്ന് ആരോപണം

താമരശേരി :   സീറോ മലബാർ സഭയുടെ വിദ്യാഭ്യാസ കോഴക്കച്ചവടത്തെ തുറന്നു കാണിച്ച് സഭയിലെ വൈദികൻ എഴുതിയ ഫേസ് ബുക്ക് പോസ്റ്റ് വൈറലായിരിക്കെ, കേരളത്തിലെ വിദ്യാഭ്യാസ കച്ചവടം അയൽ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ച് വിശ്വാസികളെ കൊള്ളയടിക്കുന്ന സഭയുടെ  പുതിയ നടപടി വിവാദമാകുന്നു. വിശുദ്ധ നാട്, യൂറോപ്പ് യാത്രകൾ സംഘടിപ്പിച്ച് ” പ്രസിദ്ധനായ ” ഒരു വൈദികനാണ് നഴ്സിങ്ങ് തുടങ്ങി ഡിമാന്റുള്ള കോഴ്സുകളിലേക്ക് വിശ്വാസികളുടെ മക്കളെ റിക്രൂട്ട്മെൻറ് നടത്തുന്നത്. ഇതു സംബന്ധിച്ച സർക്കുലർ താമരശേരി രൂപതയ്ക്കു കീഴിലെ ദേവാലയ വാർഡുകളിലടക്കം അയച്ചു കൊടുത്തിട്ടുണ്ട്. സർക്കുലർ ഇങ്ങനെ – *നഴ്സിംഗ് പഠനത്തിന് താമരശ്ശേരി രൂപതയുടെ കൈത്താങ്ങ്.*

താമരശ്ശേരി രൂപതയുടെ തുടർ വിദ്യാഭ്യാസ സംരംഭമായ എൽഡിഎസ് (Leadership Development Society) വഴി ഈവർഷം പ്ലസ്ടു പാസായ കുട്ടികൾക്ക് ബിഎസ്സി നേഴ്സിങ് ജനറൽ നഴ്സിംഗ് , തുടങ്ങിയ കോഴ്സുകൾക്ക് അഡ്മിഷന് സൗകര്യമൊരുക്കുന്നു.

കേരളത്തിന് പുറത്ത് അംഗീകാരം ഉള്ള കോളേജുകളിൽ മാത്രം കൃത്യമായ രജിസ്ട്രേഷനും, സുരക്ഷിതത്വം ഉറപ്പു നൽകുന്നതും (താമസം, ഭക്ഷണം, ക്ലാസുകൾ), കുട്ടികളുടെ ആത്മീയ കാര്യങ്ങൾ തടസ്സം കൂടാതെ നടത്തുന്നതിന് സാധിക്കുന്നതുമായ കോളേജുകളിലേക്ക് മാത്രം ആണ് നാം കുട്ടികളെ അയച്ചു കൊണ്ടിരിക്കുന്നത്. രൂപതയിലെ അച്ചൻമാർ ഈ കുട്ടികളെ സന്ദർശിക്കുകയും പഠനനിലവാരം വിലയിരുത്തുകയും ചെയ്യുന്നുണ്ട്.

വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക

ഫാ. —— ( ഫോൺ ) .           കൊട്ടിയൂരിലെ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് അമ്മയാക്കിയ കേസിൽ ജയിൽ ശിക്ഷയിൽ കഴിയുന്ന ഫാ. റോബിൻ വടക്കുംചേരിയും മുൻപ് വിദ്യാഭ്യാസ റിക്രൂട്ട്മെന്റ് നടത്തിയിരുന്നു. സർക്കുലറിൽ അവകാശപ്പെടുന്നതു പോലെ സേവനമല്ല, മറിച്ച് ലക്ഷങ്ങളുടെ കമീഷൻ ഇടപാടാണ് വൈദികന്റെയും സംഘത്തിന്റെയും ലക്ഷ്യമെന്ന് രൂപതയിലെ ഒരു വിഭാഗം വൈദികർ തന്നെ ചൂണ്ടിക്കാട്ടുന്നു. മംഗലാപുരം, ബംഗളൂരു . മൈസൂരു തമിഴ്നാട് തുടങ്ങി അയൽ സംസ്ഥാന നഗരങ്ങളിലെ സ്വകാര്യ കോളജുകളിൽ 50,000 രൂപ മുതൽ ഒന്നര ലക്ഷം രൂപ വരെ തോതിൽ ഒരു അഡ്മിഷന് കമീഷനായി നൽകുന്നുണ്ട്. ഏജന്റുമാർ കമീഷനെന്ന പേരിൽ തന്നെ തുക കൈപ്പറ്റുമ്പോൾ സഭ ഇത് സേവനമായും കൈത്താങ്ങായും പ്രചരിപ്പിച്ച് വിശ്വാസികളെ കബളിപ്പിക്കുകയാണന്ന് ഒരു വിഭാഗം വൈദികർ ചൂണ്ടിക്കാട്ടുന്നു. പേരു കേട്ട കോളജുകൾ കമീഷൻ നൽകാറില്ല. പഠന നിലവാരത്തിൽ പിന്നോക്കം നിൽക്കുന്ന കോളജുകളാണ് ലക്ഷങ്ങൾ കമീഷനായി നൽകി സീറ്റുകൾ നിറയ്ക്കുന്നത്. ഫലത്തിൽ വൈദികനടക്കം ഏജന്റുമാർ മുഖേന അഡ്മിഷന് പോകുന്നവർക്ക് നല്ല കോളജുകൾ ലഭിക്കാറില്ലെന്ന് ഈ മേഖലയിലുള്ളവർ പറയുന്നു. താമരശേരി രൂപതയ്ക്ക് കീഴിലെ കോച്ചിങ്ങ് സ്ഥാപനമായ ആൽഫ അക്കാദമിയുടെ മുൻ ഡയരക്ടറായിരുന്ന വൈദികനെ കർണാടകയിൽ നിന്നുള്ള ഒരു ഏജൻസി മുൻപ് സമീപിച്ചിരുന്നു. ആളൊന്നുക്ക് 50,000 രൂപ മുതൽ ലക്ഷത്തിലധികമാണ് അന്ന് വാഗ്ദാനം ചെയ്തത്. വിശ്വാസികളെ വഞ്ചിക്കരുതെന്ന് ദൃഢനിശ്ചയമുള്ള ആ വൈദികൻ പക്ഷെ ഏജൻസിയുടെ കെണിയിൽ വീണില്ല . ഇപ്പോൾ കൈത്താങ്ങ് എന്ന ഓമനപേരിൽ കമീഷൻ റിക്രൂട്ട്മെന്റിന് കുപ്രസിദ്ധനായ ആളെ സഭാ നേതൃത്വം ഏൽപ്പിച്ചതിൽ പല വൈദികർക്കും എതിർപ്പുണ്ടത്രെ. കോവിഡിന് മുൻപ് യൂറോപ്പ് – വിശുദ്ധനാട് യാത്രാ ഇനത്തിൽ ഇതേ വൈദികൻ വിശ്വാസികളിൽ നിന്ന് മുൻകൂർ പണം കൈപ്പറ്റുകയും, കോവിഡ് മൂലം യാത്ര മുടങ്ങിയെങ്കിലും പണം തിരികെ നൽകാത്തത് വിവാദമായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close