കോഴിക്കോട് : ആൾമാറാട്ടം നടത്തി സ്ത്രീ സുഹൃത്തുമൊത്ത് ഹോട്ടലിൽ മുറിയെടുത്ത് തട്ടിപ്പ് നടത്തിയ എസ് ഐയുടെ സ്ഥലംമാറ്റം റദ്ദാക്കിയതുമായി ബന്ധപ്പെ ട്ട് ഉത്തരമേഖലാ ഐ.ജി. നീരജ് കുമാർ ഗുപ്ത കോഴിക്കോട് സിറ്റി പോലീസ് കമീഷണറിൽനിന്ന് റിപ്പോർട്ട് തേടി. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യുകയും, സാമ്പത്തിക തട്ടിപ്പ് നടത്തുകയും ചെയ്ത കോഴിക്കോട് സിറ്റി ട്രാഫിക്കിലെ ഗ്രേഡ് എസ്ഐ ജയരാജൻ സേനയ്ക്ക് നാണക്കേട് വരുത്തിയെന്ന് സ്പെഷ്യൽ ബ്രാഞ്ച് റി പ്പോർട്ട് നൽകിയിരുന്നു. എസ്.ഐ. കുറ്റക്കാരനാണെന്ന് ടൗൺ അസി. കമ്മി ഷണറുടെയും റിപ്പോർട്ടുണ്ടായിട്ടും അയാളെ വയനാട്ടിലേക്ക് സ്ഥലം മാറ്റിയ നടപടി മൂന്നാം ദിവസം റദ്ദ് ചെയ്ത് വീണ്ടും കോഴിക്കോടിന് കൊണ്ടുവന്നതിന്റെ കാരണം ബോധ്യപ്പെടുത്തണമെന്നാണ് ഐ ജി കമീഷണറോട് ആവശ്യപ്പെട്ടിരിക്കുന്നത്. കമീഷണറുടെ മറുപടി ലഭിച്ചാലുടൻ എസ്ഐക്കെതിരെ നടപടി ഉണ്ടാകുമെന്നാണ് സൂചന. സേനയ്ക്ക് നാണക്കേട് ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന ഒരു ഓഫീസറെ എന്തിന്റെ പേരിലായാലും ഡി ഐ ജി റാങ്കിലുള്ള കമീഷണർ സംരക്ഷിക്കുന്നത് ഐ ജി യെ ക്ഷുഭിതനാക്കിയതായാണ് വിവരം. ടൗൺ പോലീസ് സ്റ്റേഷൻ പരിധയിൽ പെട്ട
ഹോട്ടലിൽ സ്ത്രീക്കൊപ്പം മു റിയെടുത്ത ശേഷം ടൗൺ എസ്.ഐ.യാണെന്ന് പറഞ്ഞാണ് ട്രാഫിക് എസ്.ഐ. പോയത്. മേയ് 10-നാണ് ഹോട്ടലിൽ ആൾ മാറാട്ടം നടത്തിയത്. മൂവായിരം രൂപയുടെ എ സി മുറിക്ക് ആയിരം രൂപ മാത്രമെ നൽകിയുള്ളൂ. ഹോട്ടലുകാരെ കബളിപ്പിക്കാൻ ടൗൺ എസ് ഐ ജയരാജൻ എന്നാണ് രജിസ്റ്ററിൽ എഴുതിയത്.
എസ്.ഐ.യുടെ നടപടി സേനയ്ക്ക് നാണക്കേടുണ്ടാക്കിയെന്ന റിപ്പോർട്ടുകളുടെ
അടിസ്ഥാനത്തിൽ ഇയാളെ വയനാട്ടിലേക്ക് സ്ഥലം മാറ്റിയെങ്കിലും ഒരു ഘടകക്ഷി മന്ത്രിയുടെ ഇടപെടലിനെത്തുടർന്ന് സ്ഥലമാറ്റ ഉത്തരവ് റദ്ദാക്കുകയായിരുന്നു . ഇക്കാര്യം മാധ്യമങ്ങൾ വഴി പുറത്തുവന്നതിനെ തുടർന്നാണ് ഐ.ജി. റിപ്പോർട്ട് തേടിയത്. സംഭവം വൻ വിവാദമായതോടെ എസ് ഐ ഹോട്ടലുകാരെ ഭീഷണിപ്പെടുത്തി ആയിരം രൂപയുടെ രസീത് വാങ്ങിച്ചത്രെ . രസീതിന്റെ ക്രമനമ്പർ പരിശോധിച്ചപ്പോൾ , പഴയ തിയ്യതി വച്ചാണ് രസീത് വാങ്ങിയതെന്ന് വ്യക്തമായതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു. ഹോട്ടലിൽ മുറിയെടുത്തത് രണ്ട് സ്ത്രീകൾക്കും മൂന്ന് പുരുഷന്മാർക്കും ഒപ്പമായിരുന്നുവെന്നും യോഗം നടത്താനാണെന്നുമുള്ള എസ് ഐയുടെ മൊഴി കളവാണെന് അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. ചുരിദാർ ധരിച്ച യുവതിയും എസ് ഐയും റിസപ്ഷനിൽ ഇരിക്കുന്നതും രജിസ്റ്ററിൽ എഴുതുന്നതും ഇരുവരും മാത്രം മുറിയിലേക്ക് പോയി മൂന്ന് മണിക്കൂറിന് ശേഷം മടങ്ങുന്നതും സിസിടിവിയിലുണ്ട് . ഈ ദൃശ്യങ്ങൾ ഉത്തര മേഖല ഐജിക്കടക്കം ലഭിച്ചിട്ടുണ്ട്. മുറിയെടുത്തതും താമസിച്ചതും ക്രിമിനൽ കുറ്റമല്ലെങ്കിലും പോലീസിൽ ഓഫീസറായി ജോലി ചെയ്യുന്ന ആൾ സാമ്പത്തിക നേട്ടമുണ്ടാക്കാൻ ആൾമാറാട്ടം നടത്തിയത് ക്രിമിനൽ കുറ്റമായാണ് വിലയിരുത്തപ്പെടുന്നത്.
നേരത്തെയും എസ്.ഐ.ക്കെതിരേ ഒട്ടേറെ പരാതികൾ ഉയർന്നിരുന്നു. എന്നിട്ടും സംഘടനയുടെ ഒത്താശയിൽ സംരക്ഷിക്കപ്പെടുകയായിരുന്നെന്ന് സേനയിലുള്ളവർ തന്നെ പറയുന്നു.
അതേസമയം, ആരോപണവിധേയനായ ഉദ്യോഗസ്ഥൻ തങ്ങളുടെ സംഘടനയുടെ ഭാരവാഹിയല്ലെന്ന് കേരള പോലീസ് അസോസിയേഷൻ സിറ്റി ജില്ലാ കമ്മിറ്റി നേതൃത്വം വ്യക്തമാക്കി.