കൽപ്പറ്റ : മണൽ മാഫിയ സംഘങ്ങൾക്ക് സഹായകരമായ രീതിയിൽ പ്രവർത്തിച്ച രണ്ട് ഗ്രേഡ് എ എസ് ഐ മാരെയും അഞ്ചു സിവിൽ പോലീസ് ഓഫീസർമാരെയും മൂന്ന് ദിവസം മുൻപ് സർവീസിൽ നിന്ന് നീക്കം ചെയ്ത കണ്ണൂർ റേഞ്ച് ഡിഐജി പുട്ട വിമലാദിത്യയുടെ ഉത്തരവ് പൊതുജനവും, സത്യസന്ധരായ പോലീസും കൈയടിച്ച് സ്വീകരിച്ചിരിക്കെ, ഇതിനേക്കാൾ ഗുരുതര കുറ്റകൃത്യം ചെയ്ത പോലീസുകാർ സേനയിൽ ഇപ്പോഴും വിലസുന്നതായി ആക്ഷേപം. കണ്ണൂർ റേഞ്ചിന് കീഴിൽ തന്നെയുള്ള വയനാട് ജില്ലയിലെ ഏതാനും പോലീസുകാർക്കെതിരെ മുൻകൽപ്പറ്റ ഇൻസ്പക്ടർ വയനാട് എസ്പി ക്ക് നൽകിയ അന്വേഷണ റിപ്പോർട്ടും, ഗുണ്ടയുടെ വാഹനം ടൗൺപോലീസ് സ്റ്റേഷനിൽ നിന്നിറക്കാൻ അവിഹിതമായി ശ്രമിച്ചതിന് കോഴിക്കോട് സിറ്റി പരിധിയിലെ ഗ്രേഡ് എസ് ഐക്കെതിരെ ഇൻസ്പെക്ടർ നൽകിയ റിപ്പോർട്ടിലും കാര്യമായ നടപടി ഉണ്ടായില്ല. വയനാട് ജില്ലയിൽ അനധികൃത മണ്ണെടുക്കൽ മാഫിയ സജീവമാണെന്നിരിക്കെ, ഇവരെ പിടികൂടാൻ കൽപറ്റ മുൻ ഇൻസ്പെക്ടർ നടത്തിയ രഹസ്യ നീക്കങ്ങൾ മണൽ മാഫിയ സംഘത്തിന് ചോർത്തി നൽകിയതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. കൽപറ്റ പോലീസ് സ്റ്റേഷനിലെ പി.ആർ ഒ ആയിരുന്ന ഗ്രേഡ് എസ് ഐ അശോകൻ , കൽപറ്റ സ്റ്റേഷനിലെ സീനിയർ ഡ്രൈവർ എൽദോ യാക്കൂബ്, കൽപറ്റ കൺട്രോൾ റൂമിലെ സീനിയർ ഡ്രൈവർ സജിത്ത്, കൽപറ്റ വുമൺ ഹെൽപ് ലൈനിലെ സീനിയർ ഡ്രൈവർ സുഭാഷ് എന്നിവർ കൽപറ്റ സ്റ്റേഷൻ ഹൗസ് ഓഫീസറുടെ റെയ്ഡിനായുള്ള രഹസ്യ നീക്കങ്ങൾ അപ്പപ്പോൾ മണൽ മാഫിയയെ അറിയിച്ചുവെന്നാണ് ഇവരുടെ ഫോൺ റെക്കോർഡുകൾ അടക്കമുള്ള സി ഐയുടെ റിപ്പോർട്ട് . എന്നാൽ ചില ഉന്നത ഇടപെടലിനെ തുടർന്ന് ആരോപണ വിധേയർ ക്കെതിരെ കാര്യമായ നടപടി ഉണ്ടായില്ല. ഗ്രേഡ് എസ് ഐ അശോകന്റെ രണ്ട് ഇൻക്രിമെന്റുകൾ കട്ട് ചെയ്യുകയും, ബാക്കി മൂന്ന് ഡ്രൈവർമാരെ വയനാട് ജില്ലയിലെ വീടിനടുത്തുള്ള സ്റ്റേഷനിലേക്ക് മാറ്റുകയും മാത്രമാണ് മുൻ വയനാട് എസ് പി നൽകിയ വിചിത്ര ശിക്ഷാ നടപടി. പോലീസ് ഡ്രൈവർമാർക്കെതിരെ എസ്പി കൂടുതൽ അന്വേഷണത്തിന് ഉത്തരവിട്ടതനുസരിച്ച് മാനന്തവാടി ഇൻസ്പെക്ടർ വീണ്ടും അന്വേഷണം നടത്തിവരികയാണ്. മണൽ മാഫിയയുമായി ഇവർ നടത്തിയ ഫോൺ സംഭാഷണങ്ങളുടെ റെക്കോർഡ് അടക്കം വിശദമായ റിപ്പോർട്ട് ഏതാനും ദിവസത്തിനകം പുതിയ വയനാട് എസ്പിക്ക് കൈമാറും. ഇത് മുൻകൂട്ടി കണ്ട ആരോപണ വിധേയർ ശിക്ഷാ നടപടിയിൽ നിന്ന് രക്ഷപെടാനും , റിപ്പോർട്ട് കർക്കശക്കാരനായ ഡി ഐ ജി പുട്ട വിമലാദിത്യയുടെ പക്കൽ എത്താതിരിക്കാനും രാഷ്ട്രീയ കരുനീക്കങ്ങൾ ആരംഭിച്ചതായാണ് പോലീസിലെ ഉപശാലാ സംസാരം. രാത്രി റെയ്ഡ് നിശ്ചയിച്ച വേളകളിലാണ് ഇവർ മണൽ മാഫിയക്ക് വിവരം ചോർത്തി നൽകിയത്. നിരന്തരം റെയ്ഡ് വിവരം ചോരുന്നത് തിരിച്ചറിഞ്ഞ അന്നത്തെ ഇൻസ്പെക്ടർ ഇവരെ സ്ക്വാഡിൽ നിന്നൊഴിവാക്കി റെയ്ഡ് നടത്തുകയും, ജെസിബി ,ടിപ്പർ ലോറികൾ എന്നിവ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. മണൽ മാഫിയയെ പിടികൂടി അവരുടെ ഫോണുകൾ പരിശോധിച്ചപ്പോഴാണ് കള്ളന്മാർ കപ്പലിൽ തന്നെയെന്ന് തിരിച്ചറിയുന്നത്. ഗ്രേഡ് എസ് ഐ അശോകന്റെ 8848876491 നമ്പറിൽ നിന്ന് 27 തവണ മണൽ മാഫിയ സംഘത്തിലെ ഒരാളുടെ ഫോണിലേക്ക് വിളി പോയതായി കണ്ടെത്തി. ഡ്രൈവർ എൽദോ യാക്കൂബ് ഉപയോഗിച്ചിരുന്ന 6282454840 നമ്പറിൽ നിന്ന് മണൽ മാഫിയ സംഘത്തിലെ നാലുപേരുടെ ഫോണുകളിലേക്ക് അറുനൂറോളം കോളുകൾ പ്രവഹിച്ചതായി കണ്ടെത്തി. ഇതിൽ മാഫിയ സംഘത്തിലെ ഒരാൾക്ക് മാത്രം 290 തവണ ഫോൺ ചെയ്തിട്ടുണ്ട്. സുഹൃത്തിന്റെ പേരിലുള്ള സിം ഉപയോഗിക്കുന്ന ഈ ഫോൺ എൽദോ കണ്ണൂർ ഡി ഐ ജി യുടെ സ്ട്രൈക്കർ ഡ്യൂട്ടിയിലുള്ള സമയത്തും, അന്വേഷണത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് പോയപ്പോഴും , ഡ്യൂട്ടിയിലുള്ളപ്പോൾ കൽപ്പറ്റ ടവറിന് കീഴിലും, വീട്ടിലായിരിക്കുമ്പോൾ അവിടെയും എന്നിങനെ എൽദോ പോയിടങ്ങളിലെല്ലാം ഒപ്പം ഉണ്ടായിരുന്നതായും അന്വേഷണത്തിൽ സ്ഥിരീകരിച്ചിട്ടുണ്ട്. ഡ്രൈവർമാരായ സജിത്തിന്റെ 8848071061 നമ്പറിൽ നിന്നും , ഡ്രൈവർ സുബാഷിന്റെ 9048392020 നമ്പറിൽ നിന്നും മണൽ മാഫിയ സംഘങ്ങളുമായി നിരവധി തവണ ബന്ധപ്പെട്ടതായും റിപ്പോർട്ടിലുണ്ട്. എന്നാൽ ഔദ്യോഗിക രഹസ്യ വിവരങ്ങൾ കുറ്റവാളികൾക്ക് ചോർത്തി നൽകിയ ഇവരെ സംരക്ഷിക്കാനാണത്രെ നീക്കങ്ങൾ. ഒറ്റുകാരെ ഒഴിവാക്കി സേനയെ ശുദ്ധീകരിക്കാൻ രംഗത്തിറങ്ങിയ ഡി ഐ ജി പുട്ട വിമലാദിത്യയിൽ പ്രതീക്ഷ അർപ്പിച്ചിരിക്കയാണ് സേനയിലെ സത്യസന്ധരായ ഉദ്യോഗസ്ഥർ.
Related Articles
August 25, 2020
177
മധ്യവയസ്ക്കൻ മരിച്ച നിലയിൽ
Check Also
Close-
വാഹനം ”സ്കെച്ച് ചെയ്ത്” മോഷണം; നാലംഗസംഘം അറസ്റ്റിൽ
January 4, 2021