ഇ ന്യൂസ് വാര്‍ത്തയ്ക്ക് പിന്നാലെ ക്ഷേത്ര പിരിവ് നിര്‍ത്തിവച്ചുകൊണ്ടുള്ള പുതിയ സര്‍ക്കുലർ ഇറങ്ങി
കെ. ഷിന്റുലാല്‍
കോഴിക്കോട് : പോലീസുകാരുടെ ശമ്പളത്തില്‍ നിന്നുള്ള ക്ഷേത്രപിരിവ് പുന:സ്ഥാപിച്ചുകൊണ്ട് ജില്ലാ പോലീസ് മേധാവി പുറത്തിറക്കിയ ഉത്തരവ് റദ്ദാക്കി. ഇ-ന്യൂസ് വാര്‍ത്ത പുറത്തുവിട്ടതിന് മണിക്കൂറുകള്‍ക്കുള്ളിലാണ് തീരുമാനം തിരുത്തികൊണ്ട് എഎസ്പി ഉത്തരവ് പുറത്തിറക്കിയത്. പോലീസ് സേനാംഗങ്ങളുടെ ശമ്പളത്തില്‍ നിന്ന് എല്ലാമാസവും 20 രൂപ വീതം റിക്കവറി നടത്താനുള്ള തീരുമാനമാണ് താത്കാലികമായി നിര്‍ത്തിവച്ചുവെന്ന് വ്യക്തമാക്കി സര്‍ക്കുലര്‍ പുറത്തിറക്കിയത്. സമൂഹമാധ്യമങ്ങളില്‍ വരെ വാര്‍ത്ത ചര്‍ച്ചയാവുകയും വിവാദമായി മാറുകയും ചെയ്ത സാഹചര്യത്തിലാണ് പുതിയ ഉത്തരവിറക്കിയത്.
കോഴിക്കോട് സിറ്റി പോലീസ് പരിധിയിലെ മുതലക്കുളം ഭദ്രകാളി ക്ഷേത്രത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ടാണ് പോലീസ് സേനാംഗങ്ങളില്‍ നിന്നും എല്ലാ മാസവും സംഭാവന പിരിച്ചെടുക്കാന്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നത്. പോലീസ് ഉദ്യോഗസ്ഥരുടെ ശമ്പളത്തില്‍ നിന്നും റിക്കവറി നടത്താന്‍ കമ്മിറ്റി തീരുമാനിച്ചിട്ടുണ്ടെന്നും സംഭാവന നല്‍കാന്‍ താത്പര്യമില്ലാത്ത സേനാംഗങ്ങളുടെ വിവരങ്ങള്‍ 24 ന് മുമ്പായി സമര്‍പ്പിക്കണമെന്നും നിര്‍ദേശിച്ചിരുന്നു. നിരീശ്വരവാദികളും അന്യമതസ്ഥരും ഉള്‍പ്പെടുന്നതാണ് സേന. സംഭാവന നല്‍കാന്‍ താത്പര്യമില്ലാത്തവരുടെ വിവരങ്ങള്‍ പ്രത്യേകം ശേഖരിക്കുന്നതിലൂടെ വിശ്വസിയാണോ അല്ലെയോ എന്നെല്ലാം വെളിപ്പെടുത്തേണ്ടതായി വരുന്ന സാഹചര്യമായിരുന്നുള്ളത്. സംഭാവന നല്‍കാത്തവരെ പ്രത്യേക വിഭാഗമാക്കി മാറ്റുന്നതിലൂടെ ബോധപൂര്‍വം സേനയ്ക്കുള്ളില്‍ വിഭാഗീയത സൃഷ്ടിക്കുകയാണ് ചെയ്യുന്നതെന്നായിരുന്നു പൊതുഅഭിപ്രായം.
വര്‍ഷങ്ങളായി ശമ്പളത്തില്‍ നിന്ന് ക്ഷേത്ര പിരിവ് നടത്താറുണ്ടെങ്കിലും കഴിഞ്ഞ വര്‍ഷം ഇത് വിവാദമാവുകയും നിര്‍ത്തിവയ്ക്കുകയും ചെയ്തിരുന്നു. ജനുവരി, ഫെബ്രുവരി മാസത്തെ അമ്പല പിരിവ് സാലറിയില്‍ നിന്നും പിടിച്ചിരുന്നില്ല. എന്നാല്‍ പിന്നീട് കുടിശിക തുക പോലീസ് സ്റ്റേഷനിലെ യൂണിറ്റ് മേധാവിമാര്‍ നേരിട്ട് പിരിക്കണമെന്ന് നിര്‍ദ്ദേശിച്ചു. പോലീസ് ഓഫീസര്‍മാര്‍ നേരിട്ടത്തി പണം പിരിക്കുന്നത് അംഗീകരിക്കാന്‍ പലരും തയാറായില്ല. ഇതോടെ ക്ഷേത്ര പിരിവ് സംസ്ഥാനത്താകെ ചര്‍ച്ചയായി മാറി. പോലീസ് ഉദ്യോഗസ്ഥരുടെ ശമ്പളത്തില്‍ നിന്ന് നിര്‍ബന്ധിത പിരിവ് നടത്തി ആരാധനാലയ നടത്തിപ്പുകാരായി പോലീസ് വകുപ്പ് മാറേണ്ടതില്ലെന്ന് അന്നത്തെ പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സി. ആര്‍. ബിജു പരസ്യമായി വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് ക്ഷേത്ര പിരിവ് നിര്‍ത്തിവയ്ക്കുകയും ചെയ്തു. അതിനിടെയാണ് കഴിഞ്ഞ ദിവസം സിറ്റി പോലീസ് കമ്മീഷണര്‍ വീണ്ടും ക്ഷേത്ര പിരിവ് നടത്തുന്നതുമായി ബന്ധപ്പെട്ട സര്‍ക്കുലര്‍ പുറത്തിറിക്കിയത്. വര്‍ഷങ്ങളായി ക്ഷേത്രത്തിന്റെ നടത്തിപ്പ് സിറ്റി പോലീസിനാണ്. ക്ഷേത്ര നടത്തിപ്പുമായി ബന്ധപ്പെട്ട ചെലവുകള്‍ക്ക് മാസത്തില്‍ 20 രൂപയാണ് ഈടാക്കുന്നത് . ജില്ലയിലെ 2200 പോലീസുകാരില്‍ നിന്നും 20 രൂപ ഈടാക്കുമ്പോള്‍ 5,28,000 രൂപയാണ് ഓരോവര്‍ഷവും ക്ഷേത്രത്തിന് ലഭിക്കുന്ന വരുമാനം. ഇതിന് പുറമേ ഉത്സവത്തിനും മറ്റു ആഘോഷങ്ങളുടെ പേരിലും പണപിരിവ് നടത്താറുണ്ട്. അതേസമയം ക്ഷേത്രപിരിവ് വകമാറ്റി ദുരുപയോഗം നടത്തുന്നതായും ആരോപണം ശക്തമാണ്.