കോഴിക്കോട് : നഗരത്തിൽ ക്വട്ടേഷൻ സംഘങ്ങളുടെ അതിക്രമങ്ങൾ വർദ്ധിച്ചിട്ടും പോലീസ് കർശന നടപടി സ്വീകരിക്കുന്നില്ലെന്ന പരാതി വ്യാപകമായ സാഹചര്യത്തിൽ ക്രിമിനലുകൾക്കെതിരെ കർശന നടപടി സ്വീകരിച്ച് സമാധാന ജീവിതം ഉറപ്പാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർക്കാണ് കമ്മീഷൻ കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് നിർദ്ദേശം നൽകയത്. സ്വീകരിച്ച നടപടികൾ കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ മൂന്നാഴ്ചക്കകം സമർപ്പിക്കണം. ഓഗസ്റ്റ് 25 ന് കോഴിക്കോട് കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും..
പാവറട്ടി റോഡിൽ ബൈക്ക് തട്ടിയുണ്ടായ വാക്കു തർക്കത്തിൽ ബൈക്കോടിച്ച കല്ലായി സ്വദേശിയെ കുത്തി പരിക്കേല്പിച്ചത് സിറ്റി പോലീസ് മേധാവിയുടെ ഓഫീസിന് സമീപം വച്ചാണ്. പൊതുസ്ഥലത്ത് പുക വലിക്കുന്നത് ചോദ്യം ചെയ്ത പോലീസുകാരന് നേരെ യുവാവ് കത്തി വീശിയത് ജൂലൈ രണ്ടിനാണ്. കേസിൽ 19 കാരനാണ് അറസ്റ്റിലായത്. ക്രിസ്ത്യൻ കോളേജ് സിഗ്നലിൽ വച്ച് ദമ്പതിമാർക്ക് നേരെ അതിക്രമം നടന്നിട്ട് അധിക നാളായിട്ടില്ല. മാങ്കാവിൽ അശ്രദ്ധമായി വാഹനമോടിച്ചത് ചോദ്യം ചെയ്തപ്പോൾ രണ്ടു യുവാക്കൾ കത്തിയെടുത്ത് വീശി കൊലവിളി നടത്തി. ജൂൺ 21 ന് പുലർച്ചെ പാലക്കാട് നിന്ന് കോഴിക്കോട് ബീച്ചിലെത്തിയ ആൺകുട്ടികളെ ലൈംഗികമായി ഉപദ്രവിച്ചു. ഇത്തരം സംഭവങ്ങൾ നടന്നിട്ടും പോലീസ് നിശബ്ദത പാലിക്കുന്നുവെന്നാണ് പരാതി. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.