സ്വന്തംലേഖകന്‍
കോഴിക്കോട് : പോലീസുകാരുടെ ശമ്പളത്തില്‍ നിന്ന് ക്ഷേത്രപിരിവ് നടത്താനുള്ള വിവാദ ഉത്തരവിന് പിന്നാലെ , ക്ഷേത്രത്തിന്റെ ചുമതല വഹിക്കുന്ന അസി.കമ്മീഷണര്‍ക്ക് സ്ഥലം മാറ്റം. കോഴിക്കോട് നാര്‍ക്കോട്ടിക് സെല്‍ അസി.കമ്മീഷണര്‍ പ്രകാശന് പടന്നയിലിനെയാണ് മലപ്പുറത്തേക്ക് സ്ഥലം മാറ്റി ആഭ്യന്തര വകുപ്പ് ഉത്തരവിറക്കിയത്. മലപ്പുറം നാര്‍ക്കോട്ടിക് സെല്ലിലേക്കാണ് മാറ്റം. ഭരണസൗകര്യാര്‍ത്ഥവും പൊതുജന താത്പര്യാര്‍ത്ഥവും എന്ന് വ്യക്തമാക്കി പുറത്തിറക്കിയ സ്ഥലം മാറ്റഉത്തരവിലാണ് അസി.കമ്മീഷണറും ഉള്‍പ്പെട്ടത്. കോഴിക്കോട് സിറ്റി പോലീസ് പരിധിയിലെ മുതലക്കുളം ഭദ്രകാളി ക്ഷേത്രത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ടുള്ള ചുമതല വഹിക്കുന്നത് നാര്‍ക്കോട്ടിക് സെല്ലാണ്. നാര്ക്കോട്ടിക്സെല്ലിന്റെ അസി.കമ്മീഷണര്‍മാരാണ് ക്ഷേത്രത്തിന്റെ പ്രധാന ഭാരവാഹി സ്ഥാനം വഹിക്കുന്നത്.
പോലീസ് സേനാംഗങ്ങളില്‍ നിന്നും എല്ലാ മാസവും സംഭാവന പിരിച്ചെടുക്കാന്‍ ജില്ലാ പോലീസ് മേധാവിയ്ക്ക് വേണ്ടി എന്ന ശീര്‍ഷകത്തില്‍ ഈ മാസം 19 നാണ് നാര്‍ക്കോട്ടിക് സെല്‍ അസി.കമ്മീഷണര്‍ ഉത്തരവിറക്കിയത്. എന്നാല്‍ പുറത്തിറക്കിയ ഉത്തരവില്‍ അസി.കമ്മീഷണറുടെ പേര് പരാമര്‍ശിച്ചിരുന്നില്ല. ഉത്തരവ് സഹിതം വാര്‍ത്ത വന്നതോടെ ജില്ലാ പോലീസ് മേധാവി ‘പ്രതിസ്ഥാന’ത്തായി. ക്ഷേത്ര പിരിവ് വാര്‍ത്തയാവുകയും വിവാദമാവുകയും ചെയ്തതോടെ ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആര്. അജിത്കുമാര്‍ ക്ഷേത്ര പിരിവ് സംബന്ധിച്ചുള്ള ഉത്തരവ് റദ്ദാക്കാന്‍ നിര്‍ദേശിച്ചു. തുടര്‍ന്ന് അഡീഷണര്‍ സൂപ്രണ്ടന്റിന്റെ താത്കാലിക ചുമതല കൂടി വഹിച്ചിരുന്ന നാര്‍ക്കോട്ടിക് സെല്‍ അസി.കമ്മീഷണര്‍ പേര് സഹിതം വ്യക്തമാക്കി ഉത്തരവിറക്കുകയായിരുന്നു. ഇതോടെ ക്ഷേത്ര പിരിവ് സര്‍ക്കുലര്‍ പുറത്തിറക്കിയതിന്റെ പൂര്‍ണ ഉത്തരവാദിത്വം അസി.കമ്മീഷണറുടെ പേരില്‍ മാത്രമായൊതുങ്ങി. ഇതിന് പിന്നാലെയാണ് ഡിവൈഎസ്പിമാരുടെ സ്ഥലം മാറ്റ പട്ടികക്കൊപ്പം ഉള്‍പ്പെടുത്തിയത്.
പോലീസ് സേനാംഗങ്ങളുടെ ശമ്പളത്തില്‍ നിന്ന് എല്ലാമാസവും 20 രൂപ വീതം റിക്കവറി നടത്താന്‍ കമ്മിറ്റി തീരുമാനിച്ചിട്ടുണ്ടെന്നും സംഭാവന നല്കാന് താത്പര്യമില്ലാത്ത സേനാംഗങ്ങളുടെ വിവരങ്ങള്‍ 24 ന് മുമ്പായി സമര്‍പ്പിക്കണമെന്നുമായിരുന്നു ഉത്തരവ്. സംഭവം വാര്‍ത്തയാവുകയും സമൂഹമാധ്യമങ്ങളില്‍ വരെ ചര്‍ച്ചയാവുകയും വിവാദമായി മാറുകയും ചെയ്ത സാഹചര്യത്തില്‍ ഉത്തരവ് താത്കാലികമായി റദ്ദാക്കുകയായിരുന്നു. കോഴിക്കോട് സിറ്റി പോലീസ് പരിധിയിലെ മുതലക്കുളം ഭദ്രകാളി ക്ഷേത്രത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് വര്‍ഷങ്ങളായി പോലീസ് സേനാംഗങ്ങളില്‍ നിന്നും സംഭാവന പിരിച്ചെടുക്കാറുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷവും സമാനമായ ഉത്തരവിറക്കുകയും വിവാദമായതോടെ പണപിരിവ് നിര്‍ത്തുകയും ചെയ്തിരുന്നു. നിരീശ്വരവാദികളും അന്യമതസ്ഥരും ഉള്‍പ്പെടുന്നതാണ് സേന. സംഭാവന നല്കാന് താത്പര്യമില്ലാത്തവരുടെ വിവരങ്ങള്‍ പ്രത്യേകം ശേഖരിക്കുന്നതിലൂടെ വിശ്വസിയാണോ അല്ലെയോ എന്നെല്ലാം വെളിപ്പെടുത്തേണ്ടതായി വരുന്ന സാഹചര്യമായിരുന്നുള്ളത്. സംഭാവന നല്കാത്തവരെ പ്രത്യേക വിഭാഗമാക്കി മാറ്റുന്നതിലൂടെ ബോധപൂര്‍വം സേനയ്ക്കുള്ളില്‍ വിഭാഗീയത സൃഷ്ടിക്കുകയാണ് ചെയ്യുന്നതെന്നായിരുന്നു പൊതുഅഭിപ്രായം.