കോഴിക്കോട്:
ജില്ലയിലെ മലയോരമേഖലകളിൽ അതിരൂക്ഷമായ കാട്ടാനശല്യം അവസാനിപ്പിക്കാൻ വനവകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്ന് കർഷക കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് അഡ്വ ബിജു കണ്ണന്തറ ആവശ്യപ്പെട്ടു.
വിലങ്ങാട്, പന്നിയേരി കുറ്റല്ലൂർ,പാലൂർ മേഖലകളിലും, ചക്കിട്ടപ്പാറ, ചെമ്പനോട പന്നിക്കോട്ടൂർ, ചെങ്കോട്ടക്കൊല്ലി, കൂവപൊയിൽ, മുതുകാട്,വട്ടക്കയം മേഖലകളിലും, നാദാപുരം ചെക്യാട് കണ്ടിവാതുക്കലും, കോടഞ്ചേരി, കൂരോട്ടുപാറ, തുഷാരഗിരി,ജീരകപ്പാറ മേഖലകളിലും, ആനക്കാംപൊയിലിലു മാണ് പ്രധാനമായും കാട്ടാനകൾ ഇറങ്ങി വ്യാപകമായി തെങ്ങ്, കവുങ്ങ്,വാഴ,ജാതി, കൊക്കോ, റബ്ബർ തുടങ്ങിയ കാർഷിക വിളകൾ നശിപ്പിച്ചത്.
വനാതിർത്തിയിൽ നിന്ന് ദൂരത്തുള്ള ഗ്രാമങ്ങളിൽ പോലും വന്യജീവി ആക്രമണം നിത്യസംഭവമാണ്. അര നൂറ്റാണ്ടിലേറെയായി കർഷകർ കൃഷി ചെയ്തു ജീവിക്കുന്ന സ്ഥലങ്ങളിലാണ് കാട്ടാനകൾ ഇറങ്ങി കൃഷി നശിപ്പിച്ചത്.
നിലവിൽ സോളാർ ഫെൻസിങ്ങ് ഉള്ള സ്ഥലങ്ങളിലും ആനക്കൂട്ടമിറങ്ങിയിട്ടുണ്ട്. മരങ്ങൾ വീണും കാടുകയറിയും സോളാർ ഫെൻസിംഗ് പ്രവർത്തനം നിലച്ചിരിക്കുന്നു.. പല സ്ഥലത്തും ചാർജ് ചെയ്യാൻ പറ്റാത്ത സാഹചര്യമാണ്. യഥാസമയം കാടും മരങ്ങളും വെട്ടിമാറ്റി ബാറ്ററിയും ഇൻവെർട്ടറും പുനസ്ഥാപിച്ച് ഫെൻസിങ് പ്രവർത്തനം കാര്യക്ഷമമാക്കുകയും ഫെൻസിങ് ഇല്ലാത്ത വനാതിർത്തികളിൽ ഫെൻസിംഗ് സ്ഥാപിക്കുകയും ചെയ്യണം.
ജനവാസ മേഖലകളിൽ കാട്ടാനയിറങ്ങിയതോടെ സന്ധ്യ മയങ്ങുമ്പോൾ ജനങ്ങൾ ഭീതിയിലാണ്. മനുഷ്യജീവന് ഭീഷണിയായി തീർന്ന കാട്ടാനശല്യത്തിന് അറുതി വരുത്തണം.
വില തകർച്ചമൂലം നട്ടംതിരിയുന്ന മലയോര കർഷകർ വന്യമൃഗശല്യം രൂക്ഷമായതോടെ കൃഷിയിടങ്ങൾ ഉപേക്ഷിച്ചു പോകേണ്ട സ്ഥിതിയാണ്.
ആർ ആർ ടിയിൽ ഉൾപ്പെട്ട വനപാലകരെ പ്രശ്നബാധിത പ്രദേശങ്ങളിൽ ഡ്യൂട്ടിക്ക് നിയമിക്കുകയും, വനാതിർത്തിയിലെ മുഴുവൻ സൗരോർജ്ജ വേലിയും പ്രവർത്തനക്ഷമമാക്കുകയും വേണം. വന്യമൃഗശല്യം ഉള്ള പ്രദേശങ്ങളിൽ മുഴുവനായും സൗരോർജ്ജവേലി, ആന പ്രതിരോധ കിടങ്ങുകൾ തുടങ്ങിയവ നിർമ്മിക്കണം.
വന്യമൃഗ ശല്യം തടയുന്നതിന് സത്വരനടപടികൾ അടിയന്തരമായി സ്വീകരിക്കുന്നില്ലെങ്കിൽ വനംവകുപ്പിനെതിരെ ശക്തമായ പ്രക്ഷോഭ സമരങ്ങൾക്ക് നേതൃത്വം കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു.