Politics
ശുചിമുറി , വെള്ളിമാടുകുന്ന് റോഡ്; ശ്രദ്ധ ക്ഷണിച്ച് കൗൺസിലർമാർ
കോഴിക്കോട് : സപ്ളൈകോയിൽ ആവശ്യസാധനങ്ങളില്ലാത്തതിനെതിരെ ബി.ജെ.പിയിലെ ടി.റനീഷും മെഡിക്കൽ കോളജിൽ ശസ്ത്രക്രിയക്കിടെ കത്രിക വയറ്റിൽ കുടുങ്ങിയ ഹർഷിനക്ക് നഷ്ടം നൽകണമെന്ന കോൺഗ്രസിലെ കെ.സി. ശോഭിതയുടെയും അടിയന്തിര പ്രമേയങ്ങൾക്ക് മേയർ ഡോ.ബീന ഫിലിപ് അവതരണാനുമതി നിഷേധിച്ചു. അടിയന്തര സ്വഭാവമില്ലാത്ത ആവശ്യങ്ങളെന്ന കാരണം പറഞ്ഞാണ് കൗൺസിൽ യോഗത്തിൽ മേയർ അനുമതി നിഷേധിച്ചത്. ജനാധിപത്യപരമായ ചർച്ചകൾ പോലും സഭയിൽ അനുവദിക്കുന്നില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു.
നഗരത്തിൽ സ്ത്രീകൾക്ക് മതിയായ ശുചിമുറികളും മറ്റു സൗകര്യങ്ങളുമില്ലെന്നും ഇപ്പോഴുള്ള സൗകര്യങ്ങൾ പലർക്കും അറിയാത്തതിനാൽ ഉപയോഗിക്കാത്ത സാഹചര്യമുണ്ടെന്നും മേയർ ഡോ.ബീന ഫിലിപ് പറഞ്ഞു. കെ.സി.ശോഭിതയാണ് ഇക്കാര്യത്തിൽ ശ്രദ്ധ ക്ഷണിച്ചത്. ഈ സാഹചര്യത്തിൽ നിലവിലുള്ള സൗകര്യങ്ങൾ ശ്രദ്ധയിൽ പെടുത്താനും പുതിയ സംവിധാനങ്ങൾ തുടങ്ങാനം പെട്ടെന്ന് നടപടിയെടുക്കാൻ കൗൺസിൽ തീരുമാനിച്ചു. ഹരിത കർമ സേനാംഗങ്ങളുടെ കുറവ് കാരണം മാലിന്യ നീക്കം തടസപ്പെട്ട കാര്യത്തിൽ എസ്.കെ.അബൂബക്കർ ശ്രദ്ധ ക്ഷണിച്ചു. വെള്ളിമാട് കുന്ന്-പുതുപ്പാടി റോഡ് നവീകരണത്തിൽ പെടുന്ന ചെലവൂർ വാർഡിലെ പത്ത് വീടുകൾ റോഡ് അലൈൻമെന്റിൽ കാണാത്ത കാര്യം ദേശീയ പാത അതോറിറ്റിയെ അറിയിക്കും. അഡ്വ.സി.എം. ജംഷീറാണ് ശ്രദ്ധക്ഷണിച്ചത്. രമ്യ സന്തോഷ്, കെ.മൊയ്തീൻ കോയ, കെ.ടി.സുഷാജ്, സി.പി.സുലൈമാൻ, ടി.കെ.ചന്ദ്രൻ, ടി.സുരേഷ് കുമാർ തുടങ്ങിയവർ വിവിധ വിഷയങ്ങളില ശ്രദ്ധ ക്ഷണിച്ചു. സ്ഥിരം സമിത അധ്യക്ഷരായ ഡോ.എസ്.ജയശ്രീ, പി.ദിവാകരൻ തുടങ്ങിയവർ മറുപടി പറഞ്ഞു.