കോഴിക്കോട് : മാവൂർ, ചാത്തമംഗലം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മുഴാപ്പാലം, പാലം നിർമ്മാണത്തിന്റെ തൽസ്ഥിതി റിപ്പോർട്ട് ഹാജരാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
പൊതുമരാമത്ത് (പാലങ്ങൾ) എക്സിക്യൂട്ടീവ് എഞ്ചിനീയർ നാലാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂ നാഥ് ആവശ്യപ്പെട്ടു.
കാലപ്പഴക്കം കാരണം ഗതാഗത യോഗ്യമല്ലാതായ പാലം പൊതുമരാമത്ത് വകുപ്പ് അടച്ചിട്ടിരുന്നു. തുടർന്ന് നിർമ്മാണം ഏറ്റെടുത്ത കരാറുകാരൻ ജോലി നിർത്തിവച്ച് സ്ഥലം വിട്ടതായാണ് പരാതി. മാവൂർ മുഴാപ്പാലം വഴി കുന്ദമംഗലത്തേക്കുള്ള റൂട്ടിൽ ജനങ്ങളുടെ നിയമപരമായ അവകാശം പൊതുമരാമത്ത് വകുപ്പ് ധ്വംസിച്ചിരിക്കുകയാണെന്ന് പരാതിയിൽ പറയുന്നു.
കമ്മീഷൻ പൊതുമരാമത്ത് പാലങ്ങൾ വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയറിൽ നിന്നും റിപ്പോർട്ട് വാങ്ങി. എം. മുഹമ്മദ് ബഷീർ മീനങ്ങോട് എന്ന കരാറുകാരൻ 2020 ഒക്ടോബർ 28 – ന് നിർമ്മാണ ജോലികൾ ആരംഭിച്ചിരുന്നുവെന്നും, പക്ഷേ സമയബന്ധിതമായി പൂർത്തിയാക്കിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. തുടർന്ന് 2022 ഏപ്രിൽ 13 – ന് സൂപ്രണ്ടിംഗ് എഞ്ചിനീയർ കരാർ റദ്ദാക്കി. ബാക്കി പ്രവൃത്തികൾക്കുള്ള ടെണ്ടർ 2022 ജൂലൈ 16 – ന് ഉമ്മർഹാജി എന്ന കരാറുകാരൻ ഏറ്റെടുത്തു.. 6 മാസമാണ് കാലാവധി നൽകിയിരിക്കുന്നത്. 2022 ഒക്ടോബർ 10 – ന് പാലത്തിന്റെ സ്ലാബ് കോൺക്രീറ്റ് പൂർത്തിയാക്കിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ട് പരിഗണിച്ച ശേഷമാണ് കമ്മീഷൻ തൽസ്ഥിതി റിപ്പോർട്ട് ആവശ്യപ്പെട്ടത്. മുഴാപ്പാലം സംരക്ഷണ സമിതി കൺവീനർ അബ്ദുള്ള സമർപ്പിച്ച പരാതിയിലാണ് നടപടി.