കോഴിക്കോട്: യു എ ഇയിലെ പ്രമുഖ പ്രതിവാര നറുക്കെടുപ്പില്‍ വീണ്ടുമൊരു ഇന്ത്യക്കാരന് കോടീശ്വരന്. ഇന്ത്യന്‍ പ്രവാസികള്‍ക്കിടയില്‍ ഏറെ പ്രചാരത്തിലുള്ള മെഹ്സൂസിന്റെ 140ാം നറുക്കെടുപ്പിലാണ് 57കാരനായ വെങ്കട്ട 2.2 കോടി ഇന്ത്യന്‍ രൂപ സ്വന്തമാക്കിയത്. മെഹ്സൂസ് നറുക്കെടുപ്പില്‍ ഭാഗ്യം തെളിഞ്ഞ 56ാമത്തെ കോടിപതിയാണ് പതിമൂന്നു വര്‍ഷമായി യു എ ഇയില്‍ പ്രവാസ ജീവിതം നയിക്കുന്ന ഇദ്ദേഹം. കഴിഞ്ഞയാഴ്ച നടന്ന നറുക്കെടുപ്പില്‍ മറ്റൊരു ഇന്ത്യക്കാരന് 45 കോടി രൂപ ബംപര്‍ സമ്മാനമായി ലഭിച്ചിരുന്നു.
ഇക്കഴിഞ്ഞ ആഗസ്ത് 5ന് നടന്ന പ്രതിവാര നറുക്കെടുപ്പിലാണ് ജീവിതത്തെ മാറ്റിമറിക്കുന്ന ഭാഗ്യം ഇന്ത്യക്കാരനായ വെങ്കട്ടയെ തേടിയെത്തിയത്. ഭാര്യയും നാലു മക്കളുമുള്ള ഇദ്ദേഹം യു എ ഇയിലെ പ്രശസ്ത സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖകളിലൊന്നില്‍ ചുമട്ടു തൊഴിലാളിയാണ്. കുടുംബത്തിനു വേണ്ടി കഠിനാധ്വാനം ചെയ്യുന്ന ഇദ്ദേഹത്തിന്റെ ഒരു മകന് യു എ ഇയില്‍ കൊറിയര്‍ കമ്പനിയില്‍ ഡെലിവറി ജീവനക്കാരനാണ്.
നറുക്കെടുപ്പിന്റെ പിറ്റേ ദിവസം മെഹ്സൂസില്‍ നിന്നു വെങ്കട്ടയ്ക്കു ലഭിച്ച ആ ഫോണ്‍ കോള്‍ അവിശ്വനസീനയവും അദ്ദേഹം അന്നേവരെ കേട്ടിട്ടില്ലാത്തത്രയും അത്ഭുതപ്പെടുത്തുന്നതുമായിരുന്നു. അദ്ദേഹത്തിന്റെ ജീവിതത്തെ മാറ്റിമറിക്കുന്നതും കുടുംബത്തിന്റെ ഭാവി യാത്ര ശുഭകരമാക്കുന്നതുമായിരുന്നു ആ ഫോണ്‍ സന്ദേശം. തന്റെ ജീവിതത്തില്‍ ആദ്യമായാണ് ഇത്രയും വലിയൊരു തുക നേടുന്നതെന്നും ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത ആനന്ദം തോന്നിയ നിമിഷമാണിതെന്നും വല്ലാത്ത നന്ദിയുണ്ട് എന്നുമായിരുന്നു വെങ്കട്ടയുടെ ആദ്യ പ്രതികരണം.
നറുക്കെടുപ്പില്‍ ലഭിക്കുന്ന തുക കൊണ്ട് നാട്ടിലെ ഭവനവായ്പ അടച്ചു തീര്‍ക്കണമെന്നു പറഞ്ഞ അദ്ദേഹം ദീര്‍ഘകാലമായി സ്വപ്നം കണ്ടിരുന്ന സ്വന്തമായി ഒരു ബിസിനസ് സംരംഭം എന്ന ലക്ഷ്യം സഫലീകരിക്കണമെന്നും ആഗ്രഹിക്കുന്നു. പത്തു മാസം മുമ്പാണ് ഇദ്ദേഹം മെഹ്സൂസ് നറുക്കെടുപ്പില്‍ ഭാഗ്യ പരീക്ഷണം തുടങ്ങിയത്. പലതവണ പരാജയപ്പെട്ടിട്ടും മടുപ്പില്ലാതെ ഭാഗ്യാന്വേഷണം തുടര്‍ന്നതില്‍ ഇപ്പോള്‍ തന്നോടു തന്നെ അഭിമാനം തോന്നുന്നുവെന്നും വെങ്കട്ട പ്രതികരിച്ചു.