കോഴിക്കോട്: മോഷ്ടാവിൻ്റെതാണെന്ന വ്യാജേന നിരപരാധിയുടെ ചിത്രം പോലീസ് പ്രചരിപ്പിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.
കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ ഇക്കാര്യം അന്വേഷിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് അധ്യക്ഷനും ജുഡീഷ്യൽ അംഗവുമായ കെ.ബൈജു നാഥ് ആവശ്യപ്പെട്ടു.
ഫറോക്ക് സ്വദേശി ബഷീറിനാണ് ദുരനുഭവമുണ്ടായത്. പോലീസ് ഒരു ശബ്ദ സന്ദേശത്തോടൊപ്പമാണ് ബഷീറിൻ്റെ ചിത്രം പുറത്തുവിട്ടത്. ഒരു ആക്രിക്കടയിൽ സാധനം വിൽക്കാനെത്തിയ താൻ എങ്ങനെയാണ് മോഷ്ടാവായതെന്ന് ബഷീറിന് അറിയില്ല. വിവാഹ പ്രായമെത്തിയ മക്കളുള്ള ബഷീറിന് ഇത് വലിയ നാണക്കേടായി. ഇതിനിടയിൽ അബദ്ധം തിരിച്ചറിഞ്ഞ പോലീസ് യഥാർത്ഥ പ്രതിയുടെ ചിത്രം പതിപ്പിച്ച് മറ്റൊരു നോട്ടീസ് ഇറക്കിയെങ്കിലും ബഷീറിൻ്റെ ചിത്രം സമൂഹ മാധ്യമത്തിൽ വലിയ പ്രചാരം നേടി കഴിഞ്ഞിരുന്നു. തൻ്റെ ചിത്രം ദുരുപയോഗം ചെയ്തവർക്കെതിരെ നടപടി വേണമെന്നാണ് ബഷീറിൻെറ ആവശ്യം. സെപ്റ്റംബർ 29 ന് കോഴിക്കോട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ. നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. ദ്യശ്യ മാധ്യമ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.