KERALAlocaltop news

എൻ. ഐ. ടി അധികൃതർ സദാചാര പോലീസ് ചമയുന്നെന്ന പരാതി മനുഷ്യാവകാശ കമ്മീഷൻ തള്ളി

 

കോഴിക്കോട്: പരസ്യമായ സ്നേഹ പ്രകടനങ്ങളും മറ്റും കാമ്പസിൽ വിലക്കിയ കോഴിക്കോട് എൻ. ഐ. ടി അധികൃതർ സദാചാര പോലീസ് ചമയുകയാണെന്ന് ആരോപിച്ച് സമർപ്പിച്ച പരാതി മനുഷ്യാവകാശ കമ്മീഷൻ തള്ളി.

എൻ. ഐ. ടി ഡയറക്ടർക്ക് വേണ്ടി ഭരണവിഭാഗം അസിസ്റ്റന്റ് രജിസ്ട്രാർ സമർപ്പിച്ച റിപ്പോർട്ട് സ്വീകരിച്ചു കൊണ്ടാണ് കമ്മീഷൻ ആക്റ്റിങ് അദ്ധ്യക്ഷനും ജുഡീഷ്യൽ അംഗവുമായ കെ. ബൈജു നാഥിന്റെ നടപടി.

കാമ്പസിനുള്ളിൽ വിദ്യാർത്ഥികൾ പുലർത്തേണ്ട അച്ചടക്കത്തെക്കുറിച്ച് പൊതുവായി പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ ആരുടെയും വ്യക്തിഗത സ്വാതന്ത്യത്തിന്മേലുള്ള കടന്നുകയറ്റമല്ലെന്ന് ഡയറക്ടർ വ്യക്തമാക്കി. യു. ജി. സി. മാനദണ്ഡങ്ങൾക്ക് അനുസൃതമായി കാമ്പസിൽ വിദ്യാഭ്യാസാന്തരീക്ഷം നില നിർത്താനാവശ്യമായ നടപടിയുടെ ഭാഗമാണ് ഇത്. ജീവനക്കാർക്കും വിദ്യാർത്ഥികൾക്കിടയിലും ലൈംഗികാതിക്രമണം തടയണമെന്ന യു. ജി. സി നിർദ്ദേശം എൻ. ഐ. ടി കാമ്പസിലും നടപ്പിലാക്കാനുള്ള ബാദ്ധ്യതയുണ്ട്. വ്യക്തിഗത അവകാശങ്ങൾക്ക് പ്രാധാന്യം നൽകുന്നതിനൊപ്പം സമൂഹത്തിന്റെ അവകാശങ്ങൾക്കും പ്രാധാന്യം നൽകാനാണ് ശ്രമിക്കുന്നത്. കാമ്പസിലെ നിയമങ്ങൾ അനുസരിക്കാനുള്ള ബാദ്ധ്യത ഓരോ വിദ്യാർത്ഥിക്കുമുണ്ട്. അന്തസ്സോടെ ജീവിക്കാനുള്ള അവകാശമാണ് എൻ. ഐ. ടി കാമ്പസിൽ പ്രതീക്ഷിക്കുന്നത്. ആരുടെയും മനുഷ്യാവകാശങ്ങൾ ലംഘിക്കാൻ എൻ. ഐ. ടി ശ്രമിക്കാറില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. ഡയറക്ടറുടെ റിപ്പോർട്ട് പരിഗണിച്ച കമ്മീഷൻ പരാതിയിൽ ഇടപെടേണ്ട സാഹചര്യമില്ലെന്ന് ഉത്തരവിൽ പറഞ്ഞു. പൊതു പ്രവർത്തകനായ അഡ്വ. വി. ദേവദാസ് സമർപ്പിച്ച പരാതിയിലാണ് നടപടി.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close