KERALA STATE
കോഴിക്കോട് : നഗരത്തിലെ ഏക ഫയർസ്റ്റേഷനായ ബീച്ച് അഗ്നിരക്ഷാനിലയം താത്കാലികമായി നിർത്തലാക്കാനുള്ള തീരുമാനത്തിനെതിരെ മനുഷ്യാവകാശ കമ്മീഷൻ.
കോഴിക്കോട് ജില്ലാ കളക്ടർ പരാതി പരിശോധിച്ച് മുപ്പതു ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് ആവശ്യപ്പെട്ടു.
ബീച്ച് ഫയർസ്റ്റേഷൻ കെട്ടിടം അപകടാവസ്ഥയിലായതിനെ തുടർന്നാണ് പ്രവർത്തനം നിർത്തി വയ്ക്കുന്നത്. മറ്റൊരു കെട്ടിടത്തിൽ പ്രവർത്തനം തുടരാനായിരുന്നു തീരുമാനമെങ്കിലും അത് കണ്ടെത്തിയില്ല. പകരം സംവിധാനം ഒരുക്കാൻ കോഴിക്കോട് നഗരസഭയ്ക്ക് കത്ത് നൽകിയിട്ടും നടപടിയുണ്ടായില്ല. തുടർന്ന് ബീച്ച് യൂണിറ്റിലെ ജീവനക്കാരെയും മറ്റും വെള്ളിമാടുകുന്ന്, മീഞ്ചന്ത, കൊയിലാണ്ടി ഫയർസ്റ്റേഷനുകളിലേയ്ക്ക് മാറ്റാൻ തീരുമാനിച്ചു.
മിഠായിതെരുവ്, ബീച്ച്, വലിയങ്ങാടി, പാളയം അടക്കമുള്ള സ്ഥലങ്ങളിൽ പ്രയോജനപ്പെട്ടിരുന്ന ഫയർസ്റ്റേഷനാണ് നിർത്തലാക്കുന്നത്. പതിനേഴു കോടി മുടക്കി നിർമ്മാണം തുടങ്ങുന്ന പുതിയ കെട്ടിടം പൂർത്തിയാകാൻ മൂന്നു വർഷത്തിലധികം സമയമെടുക്കുമെന്നാണ് കരുതുന്നത്.
ദൃശ്യ മാദ്ധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. ഒക്ടോബറിൽ കോഴിക്കോട് നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.