താമരശേരി: ഫാ. ജോണ്‍ പ്രകാശ് പുന്നക്കുന്നേല്‍ (94) അന്തരിച്ചു. മൃതദേഹം അന്തിമോപചാരങ്ങള്‍ക്കായി ഇന്ന് (സെപ്തം. 28) വൈകുന്നേരം നാലുമുതല്‍ അഞ്ചുവരെ ഈരൂട് വിയാനി പ്രീസ്റ്റ് ഹോമിലും തുടര്‍ന്ന് ആറുമുതല്‍ കൂടരഞ്ഞിയിലുള്ള ടോമി പുന്നക്കുന്നേലിന്റെ ഭവനത്തിലും പൊതുദര്‍ശനത്തിനുവയ്ക്കും. സംസ്‌കാര കര്‍മങ്ങള്‍ നാളെ ഉച്ചയ്ക്ക് 1.15ന് ഭവനത്തില്‍ നിന്നാരംഭിച്ച് കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയത്തില്‍ താമരശേരി രൂപത ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയലിന്റെ കാര്‍മികത്വത്തില്‍ നടത്തും.
പുന്നക്കുന്നേല്‍ ജോണ്‍ -ഏലിയാമ്മ ദമ്പതികളുടെ നാലു മക്കളില്‍ രണ്ടാമത്ത മകനായി പാലാ രൂപതയിലെ വലവൂരാണ് ജനനം. സഹോദരങ്ങള്‍ മൂന്നുപേരും വൈദികരായി. പരേതനായ മാത്യുവാണ് മൂത്ത സഹോദരന്‍. ജോണച്ചന്‍ ഡോണ്‍ ബോസ്‌കോ സഭയുടെ കല്‍ക്കട്ട പ്രൊവിന്‍സിലും ഷില്ലോങ്ങിലും ബ്രദറായി വളരെ വര്‍ഷങ്ങള്‍ സേവനം ചെയ്തു. ഫിലോസഫി പഠനത്തിനുശേഷം ആലുവ മംഗലപ്പുഴ സെമിനാരിയില്‍ ദൈവശാസ്ത്ര പഠനം നടത്തി.
1979 ഡിസംബര്‍ 13ന് വെല്ലൂര്‍ രൂപതയ്ക്ക് വേണ്ടി കൂടരഞ്ഞി പള്ളിയില്‍ വച്ച് മാര്‍ സെബാസ്റ്റ്യന്‍ വള്ളാപ്പിള്ളി പിതാവില്‍നിന്നും പൗരോഹിത്യം സ്വീകരിച്ചു. കാനഡ, അമേരിക്കയിലെ ന്യൂയോര്‍ക്ക് അതിരൂപതയിലും പിന്നീട് ബ്രിഡ്ജ് പോര്‍ട്ട് രൂപതയിലും വിവിധ ഇടവകകളില്‍ പൗരോഹിത്യ ശുശ്രൂഷ നിര്‍വഹിച്ചു. 75-ാം വയസില്‍ റിട്ടയര്‍ ആകണമെങ്കിലും 90 വയസുവരെ അജപാലന ശുശ്രൂഷ തുടര്‍ന്നു. താമരശേരി രൂപതയിലെ മോണ്‍. സി.ജെ. വര്‍ക്കി കുഴികുളം മാതൃ സഹോദരനും ഫാ. വിന്‍സെന്റ് കറുകമാലില്‍ സഹോദരി പുത്രനും ലാസലൈറ്റ് സന്യാസ സഭാംഗമായ ഫാ. ജോസ് പുന്നക്കുന്നേല്‍, ചാരിറ്റി സഭാംഗമായ സിസ്റ്റര്‍ ജ്യോതി എന്നിവര്‍ സഹോദര മക്കളുമാണ്.