സ്വന്തം ലേഖകന്‍
കോഴിക്കോട് : വായ്പാ ആപ്പുകള്‍ ഉപയോഗിക്കാത്തവരുടെ ഫോണ്‍ ചോര്‍ത്തി ഭീഷണിമുഴുക്കി കൊള്ള നടത്താനും ഹാക്കര്‍മാര്‍. എടുക്കാത്ത വായ്പയുടെ പേരുപറഞ്ഞ് ഫോണ്‍ വഴി ബന്ധപ്പെട്ടുകൊണ്ടാണ് തട്ടിപ്പിന് തുടക്കമാവുന്നത്. തുടര്‍ന്ന് വായ്പ എടുത്തില്ലെന്ന് വ്യക്തമാക്കിയാലും ഫോണില്‍ സൂക്ഷിച്ചിട്ടുള്ള ഫോട്ടോയും ഫോണ്‍ കോണ്ടാക്ടുകളും വരെ തത്സമയും ചോര്‍ത്തി അയച്ചു നല്കി ഭീഷണിപ്പെടുത്തി പണം അപഹരിക്കുന്ന സംഘമാണ് സജീവമാകുന്നത്. ബാലുശേരി മഞ്ഞപ്പാലം സ്വദേശിയായ സനലിന് ഭീഷണി ഫോണ്‍കോള്‍ വന്നതോടെയാണ് വായ്പാ ആപ്പുകള്‍ ഉപയോഗിക്കാത്തവരേയും തട്ടിപ്പ് സംഘം ലക്ഷ്യമിടുന്നുവെന്നത് പുറത്തറിയുന്നത്.
കഴിഞ്ഞ മെയിലാണ് സംഭവം. ഈസി മണി എന്ന ആപ്പില്‍നിന്ന് എടുത്ത വായ്പ തിരിച്ചടയ്ക്കാനായിരുന്നു ഭീഷണി. വായ്പ അക്കൗണ്ടില്‍ ക്രെഡിറ്റായതായി വ്യാജ രേഖകളും തട്ടിപ്പ് സംഘം അയച്ചു നല്കി. വായ്പ എടുത്തിട്ടില്ലെന്ന്
വ്യക്തമാക്കിയെങ്കിലും തട്ടിപ്പുകാര്‍ വിട്ടില്ല. ഫോണ്‍ കോളുകള്‍ തുടര്‍ച്ചയായി എത്തി. ഇംഗ്ലീഷിലും ഹിന്ദിയിലുമായിരുന്നു ഭീഷണിപ്പെടുത്തല്‍. വായ്പയെടുത്തില്ലെന്ന് തെളിയിക്കാനായി ബാങ്ക് അക്കൗണ്ട് വിവരം പങ്കുവച്ചപ്പോള്‍ 2000 രൂപ അടച്ച് ഒത്തുതീര്‍പ്പാക്കാമെന്ന് തട്ടിപ്പു സംഘം അറിയിച്ചു. ഇതിന് തയാറാവാതെ വന്നതോടെ ഫോണ്‍ ചോര്‍ത്തുന്നുണ്ടെന്ന് അറിയിച്ചു. തെളിവായി കോണ്ടാക്ട് ലിസ്റ്റും അവസാനമായി എടുത്തതും ഫോണ്‍ ഗാലറിയിലുള്ളതുമായി ഫോട്ടോ അയച്ചു നല്കി. പിന്നീട് ഫോട്ടോ മോര്‍ഫ് ചെയ്ത് സുഹൃത്തുക്കള്‍ക്കും അയച്ചു. രാവിലെ മുതല്‍ രാത്രിവരെ തുടര്‍ച്ചയായി വീണ്ടും കോളുകള്‍ വന്നതോടെ ഫോണ്‍ ഓഫാക്കിയും പിന്നീട് നമ്പര്‍ ബ്ലോക്ക് ചെയ്തുമാണ് യുവാവ് താത്കാലികമായി രക്ഷപ്പെട്ടത്. ബാലുശേരി സ്വദേശിയായ മറ്റൊരു യുവാവിന് കഴിഞ്ഞ ആഴ്ചയാണ് പണം തിരിച്ചടയ്ക്കാനാവശ്യപ്പെട്ട് സന്ദേശം വന്നത്.