എറണാകുളം : ബി ജെ പി അനുകൂല നിലപാടിൽ വൈദികനെ പുറത്താക്കിയെങ്കിൽ അതേ കുറ്റം ചെയ്ത ബിഷപ്പുമാരേയും പുറത്താക്കണമെന്ന് താമരശേരി രൂപതാ വൈദികൻ ഫാ അജി പുതിയാപറമ്പിൽ . വൈദികന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ –
ഇടുക്കി രൂപതാംഗമായ *ഫാ കുര്യാക്കോസ് മറ്റത്തിന്റെ* ബി.ജെ.പി പ്രവേശനമാണ് ഇന്നത്തെ ചൂടുള്ള സഭാവാർത്ത. വാർത്തയുടെ ചൂടാറുന്നതിന് മുമ്പേ സഭ വൈദികനെതിരേ നടപടിയുമെടുത്തു. അദ്ദേഹം വികാരിയായിരുന്ന മങ്കുവ പള്ളിയുടെ ചുമതലയിൽ നിന്നും മാറ്റി. !!
ഇവിടെ , വൈദികൻ എടുത്ത രാഷ്ട്രീയ നിലപാടിന്റെ ശെരി തെറ്റുകളിലേക്കോ ഇടുക്കി രൂപത വൈദികനെതിരേ എടുത്ത നടപടിയുടെ ന്യായാന്യായങ്ങളിലേക്കോ ഒന്നും ഞാൻ പോകുന്നില്ല.
ഫാ. കുര്യാക്കോസ് എടുത്ത ബി.ജെ.പി അനുകൂല നിലപാട് അദ്ദേഹത്തെ സ്ഥാന ഭ്രഷ്ടനാക്കാൻ മാത്രം ഗൗരവമായ തെറ്റാണെന്നാണ് ഇടുക്കി രൂപതയുടെ പെട്ടെന്നുള്ള നടപടി സുചിപ്പിക്കുന്നത്.
എന്നാൽ അതേ തെറ്റ് അതിനേക്കാൾ ഗൗരവമായി ചെയ്ത ചിലരെ ഞാൻ പരിചയപ്പെടുത്താം !!!!.
1. ബി.ജെ.പി യോട് അയിത്തമില്ലെന്നും ബി.ജെ. പി ഭരണത്തിൽ ക്രൈസ്തവർ വളരെ സുരക്ഷിതരാണെന്നും പറഞ്ഞ മേജർ ആർച്ച് ബിഷപ്പ്. !
2….. റബറിന് 300 രൂപയാക്കിയാൽ ബി.ജെ.പിക്ക് ഒരു MP യെ നല്കാമെന്ന് പറഞ്ഞ് ഭാരത ക്രൈസ്തവരുടെ അഭിമാനത്തെ റബറുപോലെ വളച്ച് റബറിലയിൽ മോദിക്ക് കാഴ്ചവെച്ച ആർച്ച് ബിഷപ്പ് ജോസഫ് പാംബ്ലാനി . !!
3.ഭാരതീയ ക്രിസ്ത്യൻ സംഗമം (BCS) എന്ന ബി.ജെ.പി അനുകൂല സംഘടന രൂപീകരണത്തിന് നേത്യത്വം നല്കിയ ബിഷപ്പ് മാത്യു അറയ്ക്കൽ.!!
4. മാർത്തോമാ നസാണി സംഘം (MTNS) എന്ന സംഘപരിവാർ അനുകൂല സംഘടനയ്ക്ക് വെള്ളവും വളവും നൽകി പരിപോഷിപ്പിക്കുന്ന ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത് !!.
ഇനിയും ലിസ്റ്റ് നീട്ടുന്നില്ല.
*എന്റെ ലോജിക്ക് വളരെ ലളിതമാണ്.*
ബി.ജെ.പി അനുകൂല നിലപാട് സ്വീകരിച്ച വൈദികൻ തെറ്റുകാരനാണെങ്കിൽ ബി ജെ പി അനുകൂല നിലപാട് സ്വീകരിച്ച ബിഷപ്പുമാരും തെറ്റുകാരാണ്.
വൈദികനെ ചുമതലകളിൽ നിന്ന് മാറ്റിയെങ്കിൽ ബിഷപ്പ്മാരെയും ചുമതലകളിൽ നിന്നും മാറ്റണം. ഇനി
ബിഷപ്പ്മാർ ചെയ്തത് തെറ്റല്ലെങ്കിൽ ഈ വൈദികൻ ചെയ്തതും തെറ്റല്ല. അദ്ദേഹത്തിനെതിരേ സ്വീകരിച്ച നടപടി ഉടൻ പിൻവലിക്കണം.
*ഇരട്ട നീതി പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ല*
.”നീതി ജലം പോലെ ഒഴുകട്ടെ. സത്യം ഒരിക്കലും വറ്റാത്ത നീർച്ചാലു പോലെയും” (ആമോസ് 5: 24)
ഫാ. അജി പുതിയാപറമ്പിൽ