KERALAlocaltop news

കണ്ണൂർ സ്ക്വാഡിന് ബിഗ് സല്യൂട്ടുമായി DySP ബാബു പെരിങ്ങേത്ത്

കണ്ണൂർ സ്‌ക്വാഡ്

ഈ കഴിഞ്ഞ ഞായറാഴ്ച കുടുംബസമേതം കാസറഗോഡ് മെഹബൂബ് തിയേറ്ററിൽ പോയി “കണ്ണൂർ സ്‌ക്വാഡ് ” സിനിമ കണ്ടു. ഔദ്യോഗിക തിരക്കുകൾക്കിടയിൽ വളരെ അപൂർവ്വമായി മാത്രമേ സിനിമ കാണാറുള്ളൂ. ഇതിനുമുമ്പ് തിയേറ്ററിൽ പോയി കണ്ട രണ്ട് സിനിമകൾ ഏതാണ് എന്ന് ചോദിച്ചാൽ, രണ്ടിനും ഇടയിലുള്ള ഇടവേളയുടെ ദൂരം ഓർത്ത് നിങ്ങൾ ചിരിക്കാൻ സാധ്യത യുണ്ട്-1.തൊണ്ടിമുതലും ദൃക്‌സാക്ഷിയും 2. ‘കാന്താര’. .പോലിസ് ഉദ്യോഗസ്ഥരായ മധു സാറും സിബി തോമസും ബാബുദാസ് കോടോത്തും മറ്റും തൊണ്ടി മുതലിൽ അഭിനയിച്ചിട്ടുണ്ട് എന്നുള്ളതാണ് അത് കാണാൻ കാരണമായത്. ആ സിനിമ വളരെ ഇഷ്ടപ്പെട്ടു. സിബി തോമസ് ഇപ്പോൾ മലയാള സിനിമയിൽ തന്റെതായ ഒരു ഇടം കണ്ടെത്തിയിരിക്കുന്നു.
സിനിമയുടെ കപ്പിത്താൻ സംവിധായകൻ തന്നെ എന്ന് അടിവരയിട്ട സിനിമയാണ് “കാന്താര” എന്നാണ് എനിക്ക് തോന്നിയത്. ആ കന്നഡ സിനിമ അതിമനോഹരമായിരുന്നു. ഗംഭീരമാണ് അതിന്റെ മെയ്ക്കിങ്. പണ്ട് മഞ്ചേശ്വരം ബ്ലോക്ക് ഓഫീസിൽ ജോലി ചെയ്തിരുന്ന കാലത്ത് ഹൊസങ്കടി ഹിൽസൈഡ് തിയേറ്ററിൽ നിന്ന് ഒരു കന്നഡ സിനിമ കണ്ടിരുന്നു. ‘മേലിൽ കന്നഡ സിനിമ കളിക്കുന്ന തിയേറ്ററിന്റെ ഏഴയലത്തുപോലും…… എന്നൊരു ഉറച്ച തീരുമാനം എന്റെ മനസ്സിൽ എഴുതിവെക്കാൻ ആ സിനിമയിലെ നടന്മാർക്കും സംവിധായകനും മറ്റും അവസരം കിട്ടി. ആ തീരുമാനം നിഷ്കരുണം മായ്ച്ചുകളയാൻ “കാന്താര”ക്കു പറ്റി.
പിന്നീടൊരിക്കൽ ടിക്കറ്റ് ബുക്ക് ചെയ്ത് “ബാഹുബലി ” കാണാൻ പോയി. തിയേറ്ററിൽ എത്തിയതേയുള്ളൂ. അപ്പോഴേക്കും വിളിവന്നു – ക്രമ സമാധാന പ്രശ്നം… ഏതെങ്കിലും പരിചയക്കാർക്ക് ടിക്കറ്റ് കൊടുക്കാം എന്ന് കരുതിയപ്പോൾ നീണ്ട ക്യൂവിൽ ഒറ്റ പരിചയക്കാരനുമില്ല… ക്യൂവിലെ അവസാനത്തെ ആളെ ഞാൻ നോക്കി. അതൊരു ചെറുപ്പക്കാരനാണ്.. ടിക്കറ്റ് കിട്ടാതിരിക്കുമോ എന്ന നിരാശയിലാണ് കക്ഷി. ക്യൂവിന്റെ മുൻഭാഗത്തേക്ക് ഇടക്കിടക്ക് അയാൾ എത്തിനോക്കുന്നുണ്ട്. ഞാൻ അയാളെ സമീപിച്ച് ടിക്കറ്റ് നീട്ടി. കരിഞ്ചന്തയിൽ ടിക്കറ്റ് വിൽക്കുന്ന ആൾ എന്നു തന്നെ അയാൾ തെറ്റിദ്ധരിച്ചു. ഞാൻ അയാളുടെ കൈ പിടിച്ച് ടിക്കറ്റ് ഉള്ളം കൈയ്യിൽ വെച്ചു കൊടുത്ത്.. അത്ഭുതം കൊണ്ട് മിഴിച്ച അയാളുടെ കണ്ണുകൾ ഇപ്പോഴും മനസ്സിലുണ്ട്. അയാൾ എന്തെങ്കിലും ചോദിക്കും മുമ്പ് ഞാൻ സ്ഥലം വിട്ടു.
ചെറുപ്പകാലത്ത് കൂട്ടുകാരുടെ കൂടെ പുളിങ്ങോം പ്ലാസ തിയേറ്ററിൽ നിന്നും എത്രയോ സിനിമകൾ കണ്ടിട്ടുണ്ട്.ഉള്ളിൽ നിറയെ തൂണുകൾ ഉള്ള ഓലപ്പുരയായിരുന്നു അത്.അന്നത്തെ സൂപ്പർ സ്റ്റാർ ജയന്റെ സിനിമ ആണെങ്കിൽ പ്രദർശനം രണ്ടാം വാരത്തിലേക്ക് കടക്കും. എല്ലാദിവസവും ഉച്ചക്ക് രണ്ടു മണിയോടെ അവിടെ കോളാമ്പിയിൽ പാട്ട് വെച്ചിട്ടുണ്ടാവും. കുന്നിൻമുകളിലുള്ള ഞങ്ങളുടെ വീട്ടിൽ വരെ ആ പാട്ട് കേൾക്കും. എല്ലാ ദിവസത്തെയും ആദ്യത്തെ പാട്ട് ഇപ്പോഴും ഓർമ്മയിലുണ്ട്…
” നീലക്കടമ്പുകളിൽ നീലക്കൺ പീലികളിൽ……. ”
ഇന്ന് പ്ലാസ ടാക്കിസ് ഇല്ല..
തിയേറ്ററുകൾ ഇപ്പോൾ കാലത്തിനനുസരിച്ച് മാറിയിട്ടുണ്ട്. കണ്ണൂർ സ്‌ക്വാഡ് വൈകിട്ട് 7.30 മണിയുടെ ഷോ ആണ് കണ്ടത്. തിയേറ്ററും പരിസരവും നിറയെ ആളുകളുണ്ട്. ടിക്കറ്റ് മുൻകൂട്ടി ബുക്ക് ചെയ്തിരുന്നത് കൊണ്ട് രക്ഷപെട്ടു.
പോലിസ് കഥതന്നെയാണ് കണ്ണൂർ സ്‌ക്വാഡ്. കേസ് അന്വേഷണവും അതിന്റെ പരിസമാപ്തിയുമൊക്കെയാണ് വിഷയം. ഇത്തരമൊരു വിഷയം പ്രേക്ഷകരിലേക്ക് എത്തിക്കുമ്പോൾ പാളിപ്പോവാനുള്ള സാധ്യത വളരെ കൂടുതലാണ്. ശക്തമായ തിരക്കഥയും മികച്ച അവതരണവും വഴി ഈ സാധ്യതയെ ഇല്ലാതാക്കാം. ഇവിടെ തിരക്കഥാകൃത്തും സംവിധായകനും ചേർന്ന് ഈ കടമ്പ കടന്നിട്ടുണ്ട്. നായികയും മരം ചുറ്റലുമൊന്നുമില്ലാത്ത ഒരു സിനിമ തേടി ആളുകൾ എത്തുന്നു എന്നത് ചെറിയ കാര്യമല്ല. സംവിധായകന്റെ ആദ്യത്തെ സിനിമയാണ് ഇത്‌ എന്ന് വിശ്വസിക്കാൻ പറ്റാത്ത വിധം കൈയ്യൊതുക്കത്തോ ടെയാണ് സിനിമ അവതരിപ്പിച്ചിട്ടുള്ളത്. തുടക്കത്തിൽ നിന്നും ഒടുക്കത്തിലേക്ക് നേർ രേഖയിലൂടെ കഥ കടന്നു പോകാൻ തിരക്കഥാകൃത്ത് കൃത്യമായ വഴിയൊരുക്കിയിട്ടുണ്ട്. ജണ്ടുലാലും, സ്‌ക്വാഡ് അംഗത്തിന്റെ കൈക്കൂലിയും, മറ്റൊരംഗത്തിന്റെ ഭാര്യയുടെ പ്രസവവും മറ്റും മുഖ്യകഥയെ ഒരു തരത്തിലും ചിതറിക്കാത്ത വിധം അവതരിപ്പിക്കുന്നതിൽ തിരക്കഥാ കൃത്ത് വിജയിച്ചിട്ടുണ്ട്.
” അവൾ പ്രസവിച്ചു. പെൺകുട്ടിയാണ് ” എന്ന് സ്‌ക്വാഡ് അംഗത്തിന്റെ അമ്മ ഫോണിൽ വിളിച്ചു പറയുന്നത് ഒരു തരത്തിലും കഥയെ സ്വാധീനിക്കുന്ന ഒരു രംഗം അല്ല.എങ്കിലും ആ സമയത്ത് തീയേറ്റർ നിറയെ കൈയ്യടി ഉയരുന്നുണ്ട്. ആ കൈയ്യടി തിരക്കഥാകൃത്തിനുള്ളതാണ്.
സൈബർ സെല്ലും ടവർലൊക്കേഷനും മറ്റു സാങ്കേതിക കാര്യങ്ങളും ദഹിക്കാൻ പ്രയാസമുള്ള കാര്യങ്ങളാണെങ്കിലും അതിന്റെ കുരുക്കഴിച്ച് അവതരിപ്പിക്കാൻ സംവിധായകന് സാധിച്ചിട്ടുണ്ട്. ഇഴഞ്ഞു നീങ്ങുമായിരുന്ന സീനുകൾ കൃത്യമായ വേഗതയിൽ കൊരുത്തെടുക്കാനും സംവിധായകന് പറ്റി. കേസ് അന്വേഷണത്തിന് ഉത്തരേന്ത്യയിലേക്ക് പോകുന്ന സ്‌ക്വാഡിനൊപ്പം പ്രേക്ഷകനെയും കൊണ്ടുപോകാൻ സംവിധായകന് പറ്റി എന്നുള്ളതാണ് ഈ സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത. അതിശയോക്തികളുമായി സന്ധി ചെയ്യുക എന്നത് ഏതു കാലത്തും സിനിമയുടെ പരിമിതികളിൽ ഒന്നാണ്. അതിന്റെ ഏറ്റക്കുറച്ചിൽ മാത്രമാണ് പല സിനിമകളും കാണാനാവുന്നത്. അന്യഭാഷാ സിനിമകളും മലയാള സിനിമയും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങളിൽ ഒന്നും അതു തന്നെ. ഈ സന്ധി ചെയ്യൽ ഇവിടെ ഏറ്റവും പരിമിതമായ തോതിലാണ്. സിനിമ സടകുടഞെഴുന്നേറ്റ് പായുന്നത് രണ്ടാം പകുതിയിലാണ്. ആ വേഗതയ്‌ക്കൊപ്പം പ്രക്ഷകനെ എത്തിക്കുക എന്നതും ശ്രദ്ധേയമായ കാര്യം തന്നെയാണ്.
മമ്മൂട്ടിയാണ് സ്‌ക്വാഡിന്റെ തലവൻ. ഇൻട്രോ സീൻ മുതൽ ഒടുക്കം വരെ ആ ഒരു പ്രഭാവം നിറഞ്ഞു നിൽക്കുന്നുണ്ട്. എന്നാൽ മറ്റ് അംഗങ്ങൾ ആ നിഴലിൽ ഒതുങ്ങുന്നുമില്ല. സിനിമയിൽ ഒരു സീനുണ്ട്. സ്‌ക്വാഡ് അംഗങ്ങൾ ഓരോരുത്തരും പല്ല് തേക്കുന്നു..കുളിക്കുന്നു.. എന്നാൽ ഈ സീനിൽ മമ്മൂട്ടിയുടെ കഥാപാത്രം റെഡിയായിക്കഴിഞ്ഞ് ഡ്രസ്സ്‌ പാക്ക് ചെയ്യുകയാണ്. അതാണ് തലവന്റെ ഗുണം.. അയാൾ ആദ്യം തയ്യാറാവും.
വില്ലൻമാരും മറ്റ് ഹിന്ദി കഥാപാത്രങ്ങളും വളരെ അനുയോജ്യരായവർ തന്നെ.
ഈ സിനിമയിലെ സ്‌ക്വാഡിന്റെ വാഹനം – ആ ടാറ്റാ സുമോ- അത്
മറ്റൊരു സ്‌ക്വാഡ് അംഗമായി സിനിമയിൽ നിറഞ്ഞു നിൽക്കുന്നു.മറിഞ്ഞു കിടക്കുന്ന ആ വാഹനം ഉപേക്ഷിച്ചു വരുമ്പോൾ ഒരാളെ ഉപേക്ഷിച്ച് വരുന്ന ഫീൽ ഉണ്ട്.
അതിക്രൂരമായ കുറ്റ കൃത്യം ചെയ്ത് രാജ്യം വിടാൻ തയ്യാറായി നിൽക്കുന്ന പ്രതികളെ പിന്തുടർന്ന് അപകടകരമായ ഗ്രാമങ്ങളിലും രാജ്യത്തിന്റെ അതിർത്തി പ്രദേശങ്ങളിലും അവിശ്വസനീയമായി എത്തി ചേർന്ന് ലക്ഷ്യം കൈവരിക്കുമ്പോൾ തിയേറ്ററിൽ ഉയരുന്ന നിലക്കാത്ത കൈയ്യടിയിൽ ഈ സിനിമാ പ്രവർത്തകർക്ക് തീർച്ചയായും അഭിമാനിക്കാം.
യഥാർത്ഥത്തിൽ ഒരു കണ്ണൂർ സ്‌ക്വാഡ് ഉണ്ട്. അവരിൽപ്പെട്ട ബേബി ജോർജ്ജ്, ജയരാജൻ, റാഫി അഹമ്മദ്, റെജി സ്കറിയ എന്നിവരുമായി എനിക്ക് ഔദ്യോഗിക ബന്ധത്തിൽ ഉപരിയായ ആത്മബന്ധം ഉണ്ട്. ആത്‍മാർത്ഥതക്ക് കൈയും കാലും വെച്ചവരാണ് അവർ.
അന്യസംസ്ഥാനത്ത് അതിവിദൂരമായ സ്ഥലത്ത് പ്രതിയെ അന്വേഷിച്ചു പോയാലും
” പ്രതിയെ കിട്ടിയില്ല സാർ.. ഞങ്ങൾ മടങ്ങട്ടെ… ” എന്നൊരു വിളി അവരിൽ നിന്നും ഉണ്ടാവില്ല.
” സാർ.. പ്രതി ഇവിടം വിട്ടു പോയി.. ഇപ്പോൾ മറ്റൊരു സംസ്ഥാനത്ത് ആണ്.. ഞങ്ങൾ അങ്ങോട്ട്‌ പോകുന്നു.. ” എന്നായിരിക്കും അവരുടെ വിളി. കൊലപാതകങ്ങൾ.. കവർച്ചകൾ , മയക്കു മരുന്ന് കേസ്സുകൾ, കള്ളനോട്ട് കേസുകൾ..അവരുടെ വിയർപ്പിനൊടുവിൽ നീതിയും നിയമവും തലയുയർത്തിപ്പിടിച്ച എണ്ണിയാൽ ഒടുങ്ങാത്ത കേസ്സുകളുണ്ട്…കേസ് അന്വേഷണത്തിനു പോ കുന്നതിനും പ്രതിയെ പിടിക്കലിനും ഇടയിലുള്ള ദൂരത്തെ അവർ കഷ്ടപ്പാടുകൾ കൊണ്ട് അളന്നെടുക്കും. നമ്മൾക്കൊന്നും ഒരിക്കലും സങ്കൽപ്പിക്കാൻ പറ്റാത്ത കഷ്ടപ്പാടുകൾ കൊണ്ട്…
കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ ഒരു കുറവും ഉണ്ടാകുന്നില്ല. അവയുടെ രീതിയും സ്വഭാവവും മാറിയിരിക്കുന്നു. വിദേശ രാജ്യങ്ങളിൽ നിന്നുപോലും കുറ്റവാളികൾ ഇവിടെ വന്ന് മോഷണം നടത്തിപ്പോകുന്നു..അതിക്രൂരമായ കൊലപാതകങ്ങൾ നാടിന്റെ സ്വസ്ഥത കെടുത്തുന്നു..
ഇനിയും കുറ്റകൃത്യങ്ങൾ ഉണ്ടാവും.അപ്പോൾ സ്വന്തം ജീവൻ പണയം വെച്ച്, കുടുംബത്തെ മറന്ന്, സ്വന്തം കീശയിൽ നിന്നും പണം മുടക്കി കുറ്റവാളികൾക്ക് പിന്നാലെ പോകാൻ ഒരു സ്‌ക്വാഡ് ഉണ്ടാവും.. ഉണ്ടാവണം.. അതൊരു പ്രതീക്ഷയാണ്.. അതില്ലെങ്കിൽ നിയമവ്യവസ്ഥക്ക് നിലനിൽപ്പില്ല..
അതോർമ്മിപ്പിച്ച “കണ്ണൂർ സ്‌ക്വാഡിന്റെ ” ശിൽപ്പികൾക്ക് ഹൃദയത്തിൽ തൊട്ട ഒരു സല്യൂട്ട്….
Babu Peringeth

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close