വത്തിക്കാന്‍ സിറ്റി: ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിലുള്ളവര്‍ക്ക് മാമോദീസ സ്വീകരിക്കാമെന്ന് കത്തോലിക്ക സഭ. മാമോദീസ സ്വീകരിക്കുന്നതിനും തലതൊട്ടപ്പനും തലതൊട്ടമ്മയുമാകുന്നതിനും വിവാഹങ്ങളില്‍ സാക്ഷിയാകുന്നതിനും തടസമില്ലെന്ന് വിശ്വാസ കാര്യങ്ങള്‍ക്കായുള്ള തിരുസംഘം അറിയിച്ചു. എന്നാല്‍ പുരോഹിതന്‍ ഇതില്‍ വിവേക പൂര്‍ണ്ണമായ തീരുമാനം സ്വീകരിക്കണമെന്നും സഭ വ്യക്തമാക്കി.
ബ്രസീലിലെ സാന്റോ അമാരോയിലെ ബിഷപ്പ് ജോസ് നെഗ്രിയുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് കത്തോലിക്ക സഭ ട്രാന്‍സ്‌ജെന്‍ഡര്‍ വിഷയത്തില്‍ പ്രതികരിച്ചത്.
സ്വവര്‍ഗ വിവാഹം ചെയ്തവര്‍ കുഞ്ഞുങ്ങളെ ദത്തെടുക്കുന്നതിനേയും വാടക ഗര്‍ഭത്തിലൂടെ ഉണ്ടാകുന്ന കുഞ്ഞുങ്ങളെ മാമോദീസ മുക്കുന്നതിനെയും കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്, കത്തോലിക്കാ വിശ്വാസത്തില്‍ വളര്‍ത്തുന്ന പക്ഷം അതില്‍ തെറ്റില്ലെന്ന് സഭ മറുപടി നല്‍കി. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിലുളളവര്‍ക്ക് മാമോദീസ നല്‍കാന്‍ സാധിക്കുമോ എന്ന ചോദ്യത്തിന് ചില മാനദണ്ഡങ്ങളോടെ കഴിയുമെന്ന് കഴിഞ്ഞ മാസം 31 ന് മാര്‍പാപ്പ അംഗീകരിച്ച രേഖയില്‍ പറയുന്നു.