കോഴിക്കോട്: നവകേരള നിര്‍മ്മിതിയുടെ അടുത്ത ഘട്ടത്തിലേക്കുള്ള യാത്രയുടെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിന് ജില്ലയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. കോഴിക്കോട് നോര്‍ത്ത്, സൗത്ത് മണ്ഡലങ്ങളിലെ നവകേരള സദസ്സ് നവംബര്‍ 25ന് വൈകീട്ട് മൂന്ന് മണി മുതല്‍ കോഴിക്കോട് ബീച്ചിലെ ഫ്രീഡം സ്‌ക്വയറിലാണ് നടക്കുക. സര്‍ക്കാര്‍ ഉണ്ടാക്കിയ മുന്നേറ്റത്തെക്കുറിച്ച് ജനങ്ങളുമായി സംവദിക്കാനും, സമൂഹത്തിന്റെ ചിന്താഗതികള്‍ നേരിട്ടറിയുന്നതിനുമാണ് പര്യടനം. മണ്ഡല സദസില്‍ അന്‍പതിനായിരത്തോളം പേര്‍ പങ്കെടുക്കുമെന്നും തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കോഴിക്കോട് നോര്‍ത്ത്, സൗത്ത് മണ്ഡലങ്ങളിലെ പ്രഭാത യോഗം രാവിലെ 9 മണിക്ക് എരഞ്ഞിപ്പാലം ട്രിപ്പന്റയിലാണ് നടക്കുക. പ്രഭാത സദസുകളില്‍ പ്രത്യേകം ക്ഷണിതാക്കളായി സ്വാതന്ത്ര്യസമര സേനാനികള്‍, വെറ്ററന്‍സ്, വിവിധ മേഖലകളിലെ പ്രമുഖര്‍, മഹിളാ-യുവജന-വിദ്യാര്‍ത്ഥി വിഭാഗത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവര്‍, ട്രാന്‍സ്‌ജെന്‍ഡേര്‍സ്, കോളേജ് യൂണിയന്‍ ഭാരവാഹികള്‍, പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തിലെ പ്രതിഭകള്‍, കലാകാരന്മാര്‍, സെലിബ്രിറ്റികള്‍, വിവിധ അവാര്‍ഡ് നേടിയവര്‍, വിവിധ സാമുദായിക സംഘടനകളിലെ നേതാക്കള്‍, മുതിര്‍ന്ന പൗരന്മാരുടെ പ്രതിനിധികള്‍, വിവിധ സംഘടനാ പ്രതിനിധികള്‍, കലാസാംസ്‌കാരിക സംഘടനാ പ്രതിനിധികള്‍, ആരാധനാലയങ്ങളുടെ പ്രതിനിധികള്‍ തുടങ്ങി 200ഓളം പേര്‍ പങ്കെടുക്കും. നവകേരള സദസിനെത്തുന്നവരില്‍ നിന്നും നിവേദനങ്ങള്‍ സ്വീകരിക്കാന്‍ വേദിക്ക് സമീപം ഓരോ മണ്ഡലത്തിലും 20 കൗണ്ടറുകള്‍ വീതം (ആകെ 40) സജ്ജീകരിച്ചിട്ടുണ്ട്. ഉച്ച്ക്ക് രണ്ട് മണി മുതല്‍ പരാതികള്‍ സ്വീകരിച്ചു തുടങ്ങും. സ്ത്രീകള്‍, മുതിര്‍ന്ന പൗരന്‍മാന്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്കായി പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
നവകേരള സദസിന്റെ പ്രചരണാര്‍ത്ഥം മണ്ഡലങ്ങളില്‍ വിവിധ പരിപാടികളാണ് സംഘടിപ്പിച്ചത്. കൂട്ടയോട്ടം, കുടുംബശ്രീ വിളംബര ജാഥ, വീട്ടുമുറ്റ സദസ്സ്, ബൈക്ക് റാലി, ഉദ്യോഗസ്ഥരുടെ സന്ദേശ യാത്ര, ഫ്‌ലാഷ് മോബ് തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. നവംബര്‍ 25ന് വൈകീട്ട് മൂന്ന് മണി മുതല്‍ ഫ്രീഡം സ്‌ക്വയറില്‍ കലാപരിപാടികള്‍ അരങ്ങേറും. നാടകഗാനം, നാടന്‍പ്പാട്ട്, മാപ്പിളപ്പാട്ട് എന്നിവ ഉള്‍പ്പെടുത്തി കോഴിക്കോടിന്റെ തനിമ നിലനിര്‍ത്തിക്കൊണ്ടുള്ള ഗാനസന്ധ്യ ഉള്‍പ്പെടെയുള്ള പരിപാടികളാണ് അരങ്ങേറുക.
കോഴിക്കോട് പ്രസ്സ് ക്ലബ്ബില്‍ നടന്ന വാർത്താസമ്മേളനത്തില്‍ മേയര്‍ ഡോ. ബീന ഫിലിപ്പ്, ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ്, കോർപ്പറേഷൻ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി കെ നാസർ, സിറ്റി ഡി സി പി കെ. ഇ ബൈജു, ഡെപ്യൂട്ടി കലക്ടര്‍ ഇ അനിത കുമാരി എന്നിവര്‍ പങ്കെടുത്തു.