കോഴിക്കോട്: മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാൻ ശ്രമിച്ചു എന്നതിന്റെ പേരിൽ കണ്ണൂരിന് പിന്നാലെ കുന്ദമംഗലത്തും യൂത്ത് കോൺഗ്രസ്, കെ എസ് യു പ്രവർത്തകരെ ഹെൽമറ്റും മറ്റ് മാരകായുധങ്ങൾ കൊണ്ടും അക്രമിച്ച സംഭവത്തിൽ മുഖ്യമന്ത്രിക്കെതിരെ വധശ്രമ ഗൂഢാലോചനയ്ക്ക് കേസെടുക്കണമെന്ന് കെപിസിസി ജനറൽ സെക്രട്ടറി അഡ്വ.കെ.ജയന്ത് ആവശ്യപ്പെട്ടു. കണ്ണൂരിൽ ഉണ്ടായ ഡിവൈഎഫ്ഐ അക്രമത്തെ പ്രോത്സാഹിപ്പിക്കുകയും ഇത്തരം ശ്രമങ്ങൾ തുടരണമെന്ന് ആവശ്യപ്പെടുകയും ചെയ്ത മുഖ്യമന്ത്രിയാണ് സംഭവത്തിൽ ഒന്നാം പ്രതി. കരിങ്കൊടി കാണിക്കാൻ ശ്രമിച്ചു എന്നതിന്റെ പേരിൽ ക്രൂരമായ മർദ്ദനമാണ് യൂത്ത് കോൺഗ്രസ്, കെഎസ്യു നേതാക്കൾ നേരിട്ടത്. പ്രവർത്തകരെ ഹെൽമറ്റ് വച്ച് തലയ്ക്ക് അടിക്കുന്ന ദയനീയ ചിത്രം ജനാധിപത്യ കേരളത്തിന് കളങ്കമാണ്. സർക്കാരിനെതിരെ സമാധാനപരമായ് പ്രതിഷേധിക്കുകയും കരിങ്കൊടി കാണിക്കുകയും എന്നത് ജനാധിപത്യ അവകാശമാണ്. എന്നാൽ ആ അവകാശത്തിന് പോലും അനുവദിക്കാതെ പ്രവർത്തകരെ കരുതലിലാക്കുന്ന പിണറായി വിജയൻ കേരളം കണ്ട ഏറ്റവും പേടിത്തൊണ്ടനായ ഭരണാധികാരിയാണ്. പി ആർ ഏജൻസികളുടെ നിർദ്ദേശപ്രകാരം കോടികൾ ഖജനാവിൽ നിന്ന് ധൂർത്തടിച്ച് നടക്കുന്ന ആഡംബര യാത്രയെ പ്രതിരോധിക്കേണ്ടത് പ്രതിപക്ഷത്തിന്റെ കടമയാണ്. എൽഡിഎഫ് നയിക്കുന്ന രാഷ്ട്രീയ യാത്രയായിരുന്നെങ്കിൽ പ്രതിപക്ഷം പ്രതിഷേധിക്കാൻ വരില്ലായിരുന്നു. എൽഡിഎഫ് നയിക്കുന്ന യാത്രയ്ക്ക് ആളെ കിട്ടില്ലെന്ന് ഉറപ്പുള്ളതു കൊണ്ടാണ് തൊഴിലുറപ്പ് പദ്ധതി അംഗങ്ങളെയും കുടുംബശ്രീക്കാരെയും ഭീഷണിപ്പെടുത്തി എത്തിച്ച് സർക്കാർ സ്പോൺസേർഡ് പരിപാടി സംഘടിപ്പിക്കുന്നത്. ഇതിനെതിരെ പ്രതിഷേധിക്കുമ്പോൾ കായികമായി നേരിടാനാണ് ശ്രമമെങ്കിൽ പ്രതിപക്ഷ സമരത്തിന്റെ സ്വഭാവം തന്നെ മാറ്റേണ്ടിവരും പ്രതിഷേധിക്കുന്നവരെ ഡിവൈഎഫ്ഐ ഗുണ്ടകളെ വെച്ച് ആക്രമിക്കാനുള്ള നിർദ്ദേശം മുഖ്യമന്ത്രി പിൻവലിക്കണമെന്നും അല്ലാത്തപക്ഷം സമരം കോൺഗ്രസ് നേതൃത്വം ഏറ്റെടുക്കുമെന്നും കെ. ജയന്ത് വ്യക്തമാക്കി. പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന യൂത്ത് കോൺഗ്രസ് കുന്ദമംഗലം നിയോജകമണ്ഡലം പ്രസിഡന്റ് പി.ടി അസീസ് മാവൂർ, ഗുരുവായൂരപ്പൻ കോളേജ് കെ എസ് യു ഭാരവാഹി മുഹമ്മദ് യാസീൻ എന്നിവരെ ആശുപത്രിയിൽ സന്ദർശിച്ചു.