കോഴിക്കോട്: എൻ. ഐ. ടി മെഗാ ഹോസ്റ്റലിൽ നിന്ന് മലിന ജലം പുറത്തേക്ക് ഒഴുകുന്നത് കാരണം പ്രദേശവാസികൾക്ക് ജീവിക്കാൻ കഴിയാത്ത സാഹചര്യത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ
ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയും എൻ.ഐ റ്റി പ്രിൻസിപ്പലും 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് ആവശ്യപ്പെട്ടു.
പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. ജനുവരിയിൽ കോഴിക്കോട് നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
2014 ൽ എൻ ഐ റ്റി മെഗാ ഹോസ്റ്റലിന് സമീപം സ്ഥലം വാങ്ങി വീട് വച്ച പ്രവാസിയായ സുനിലിന് ഹോസ്റ്റലിലെ മലിനജല പ്രവാഹം കാരണം വീട് പൂർത്തിയാക്കി താമസിക്കാൻ കഴിയുന്നില്ല. പ്രദേശത്തെ കിണറുകളെല്ലാം മലിനമാണ്. കിണർ വെളളത്തിൽ ഇ- കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ഇതിന് ശേഷം മെഗാ ഹോസ്റ്റലിലെ ശൗചാലയ ടാങ്ക് തുറന്നു വിട്ടു. മലിനജലം തട്ടൂർ പൊയിൽ അരുവിയിലേക്ക് ഒഴുകാൻ തുടങ്ങി. അരുവിക്ക് തൊട്ടടുത്താണ് സുനിലിൻ്റെ വീട്. പ്രദേശത്തെ കുടുംബങ്ങളെല്ലാം പ്രതിസന്ധിയിലാണ്.