കോടഞ്ചേരി : യുവാവിനെ തല്ലി കൊന്ന് കുറ്റിക്കാട്ടിൽ തള്ളി. നൂറാംതോട് മുട്ടിത്തോട് ചാലപ്പുറത്ത് തങ്കച്ചൻ്റെ മകൻ നിതിൻ തങ്കച്ചൻ(25) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഒരാളെ കോടഞ്ചേരി പോലീസ് കസ്റ്റഡിയിൽ എടുത്തു. കോടഞ്ചേരി കൈപ്പുറം സ്വദേശി അഭിജിത്ത് ആണ് പോലീസിന്റെ കസ്റ്റഡിയിൽ ഉള്ളത്. ഇന്ന് അറസ്റ്റ് രേഖപ്പെടുത്തും എന്നറിയുന്നു.
കോട്ടക്കലിൽ ആയുർവേദ നേഴ്സിങ്ങിന് പഠിക്കുന്ന നിതിൻ ഏഴാം തീയതി നാട്ടിലേക്ക് പുറപ്പെട്ടതാണ്. എന്നാൽ വീട്ടിൽ എത്താത്തതിനെ തുടർന്ന് കഴിഞ്ഞദിവസം രക്ഷിതാക്കൾ കോടഞ്ചേരി പോലീസിൽ പരാതി നൽകിയിരുന്നു. നിതിന്റെ ചിത്രമടക്കം സോഷ്യൽ മീഡിയയിൽ പ്രസിദ്ധീകരിച്ച് പോലീസ് നടത്തിയ അന്വഷണത്തിലാണ് കൊലപതകം സ്ഥിരീകരിച്ചത്. കോടഞ്ചേരിക്ക് സമീപം കണ്ണോത്ത് മഞ്ഞപ്പാറ എന്ന സ്ഥലത്ത് കുറ്റിക്കാട്ടിൽ നിന്നും മ്യതദേഹം കണ്ടെത്തി.
അഭിജിത്തിൻറെ ഭാര്യയെ നിതിൻ ഫോണിൽ വിളിച്ച് ശല്യം ചെയ്തുവെന്നും ഇതേ തുടർന്ന് വിളിച്ചുവരുത്തി അടിച്ചു കൊല്ലുകയായിരുന്നുവെന്നും പോലീസ് പറയുന്നു.
തലക്ക് അടിയേറ്റ് നിതിൻ മരിച്ചതോടെ താഴ്ഭാഗത്തുള്ള കുറ്റിക്കാട്ടിലേക്ക് എറിയുകയായിരുന്നു. മൃതദേഹം അഴുകിയ നിലയിലാണ്. കോടഞ്ചേരി പോലീസ് തുടർനടപടികൾ സ്വീകരിച്ച്,പോസ്റ്റുമോർട്ടത്തിനായി മൃതദേഹം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.