കോഴിക്കോട്: കൊടുവള്ളി പോലീസിൻ്റെ കസ്റ്റഡിയിലിരിക്കെ മരിച്ചയാളുടെ അവകാശിക്ക് മനുഷ്യാവകാശ കമ്മീഷൻ നൽകണമെന്ന് ഉത്തരവിട്ട രണ്ടു ലക്ഷം രൂപയുടെ നഷ്ടപരിഹാരം 10 വർഷം കഴിഞ്ഞിട്ടും നൽകിയില്ലെന്ന പരാതിയിൽ കാലതാമസത്തെ കുറിച്ച് അന്വേഷണം നടത്തിയ ശേഷം അടിയന്തര വിശദീകരണം സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
മൂന്നാഴ്ചക്കകം കോഴിക്കോട് ജില്ലാ കളക്ടർ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂ നാഥ് ആവശ്യപ്പെട്ടു. 2013 ഓഗസ്റ്റ് 17 നാണ് കമ്മീഷൻ അംഗമായിരുന്ന കെ. ഇ ഗംഗാധരൻ തുക നൽകാൻ ഉത്തരവിട്ടത്. കൊടുവള്ളി ലക്ഷം വീട് കോളനിയിൽ ജമീല അഷ്റഫ് നൽകിയ പരാതിയിലാണ് നടപടി. പരാതിക്കാരിയുടെ ഭർത്താവ് അഷ്റഫാണ് കസ്റ്റഡിയിൽ മരിച്ചത്.
2007 സെപ്റ്റംബർ 9 ന് കസ്റ്റഡിയിലെടുത്ത അഷ്റഫ് സെപ്റ്റംബർ 29 നാണ് മരിച്ചത്. കുഞ്ഞിമൂസാ എന്നയാളുടെ കൊലപാതകവുമായി ബന്ധപ്പെട്ടായിരുന്നു അറസ്റ്റ്.
സെപ്റ്റംബർ 12ന് അഷ്റഫിനെ ഫിറ്റ്സ് രോഗം കാരണം മെഡിക്കൽ കോളേജിൽ എത്തിച്ചപ്പോൾ ശരീരത്തിൽ പോലീസ് മർദ്ദനത്തിൻ്റെ പാടുകൾ ഉണ്ടായിരുന്നതായി പരാതിക്കാരി പറഞ്ഞു.