കോഴിക്കോട്:
1995 ൽ യുഡിഎഫ് സര്‍ക്കാര്‍ ആവിഷ്കരിച്ച ലക്ഷം തൊഴിൽ ദാന പദ്ധതി അവതാളത്തിലാണെന്നും സർക്കാർ അടിയന്തരമായി ഇടപെടണമെന്നും കർഷക കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് അഡ്വ ബിജു കണ്ണന്തറ ആവശ്യപ്പെട്ടു.
കാര്‍ഷിക മേഖലയില്‍ ഒരുലക്ഷം യുവജനങ്ങള്‍ക്ക് പ്രത്യേക തൊഴില്‍ നൽകാൻ ഉദ്ദേശിച്ച് UDF സർക്കാർ ആവിഷ്ക്കരിച്ച കാര്‍ഷിക മേഖലയിലെ പ്രത്യേക തൊഴില്‍ദാന പദ്ധതിയാണ് ചുവപ്പ് നാടയില്‍ കുരുങ്ങി വെളിച്ചം കാണാതെയായത്.
പദ്ധതിയില്‍ പണമടച്ചവരുടെ തുകയ്‌ക്കും കണക്കില്ല. സംസ്ഥാനത്തെ കൃഷിഭവനുകള്‍ മുഖാന്തിരം അഭ്യസ്തവിദ്യരായ ഒരുലക്ഷം യുവജനങ്ങള്‍ ആയിരം രൂപ വീതമടച്ച് പദ്ധതിയില്‍ അംഗത്വകാര്‍ഡ് എടുത്തിരുന്നു
അംഗത്വ പ്രായപരിധി 20 വയസ്സുമുതല്‍ 40 വയസ്സ് വരെയായിരുന്നു. ഇങ്ങനെ അംഗങ്ങളായവര്‍ക്ക് സ്വന്തമായ അഞ്ച് സെന്റ് ഭൂമിയെങ്കിലും വേണം എന്നതായിരുന്നു നിബന്ധന.
10 ശതമാനം പട്ടികജാതി പട്ടിക വര്‍ഗ്ഗത്തില്‍പ്പെട്ടവര്‍ക്കും 30 ശതമാനം സ്ത്രീകള്‍ക്കുമായി സംവരണം ചെയ്ത പദ്ധതിയാണ് പുറംലോകം കാണാതെ കിടക്കുന്നത്. രജിസ്ട്രേഷന്‍ ഫീസായി 100 രൂപയും അംഗത്വ ഫീസായി 1000 രൂപയും ഖജനാവിലടച്ച യുവജനങ്ങള്‍ വഞ്ചിതരാവുകയായിരുന്നു. ഈ ഇനത്തില്‍ ഏതാണ്ട് പത്ത് കോടി രൂപ സര്‍ക്കാരിന് ലഭിച്ചു.
മുഖ്യ തൊഴില്‍ മേഖലകളായി കൃഷി, മൃഗസംരക്ഷണം, ക്ഷീര വികസനം. മത്സ്യവികസനം എന്നിവയാണ് പദ്ധതി നടത്തിപ്പിനായി തിരഞ്ഞെടുത്തത്.
പദ്ധതിയില്‍ അംഗങ്ങളായവര്‍ക്ക് 60 വയസില്‍ പെന്‍ഷന്‍, അതിനുശേഷം 1000 രൂപ പ്രതിമാസ പെന്‍ഷന്‍, 30000 മുതല്‍ 60000 രൂപ വരെ ഗ്രാറ്റുവിറ്റി, മരണശേഷം അവകാശിക്ക് 100000 രൂപ വരെ , പദ്ധതിയില്‍ നിന്നും സ്വമേധയാ പിരിഞ്ഞാല്‍ അടച്ച 1000 രൂപ അംഗങ്ങള്‍ക്ക് മടക്കികൊടുക്കും, തൊഴില്‍ ദാന പദ്ധതിയില്‍ അംഗങ്ങളായ 100000 പേര്‍ക്കും സര്‍ക്കാര്‍ വിഹിതമായി 1000 രൂപ വീതം സാമൂഹ്യ സുരക്ഷിതത്വ ഫണ്ടില്‍ നിക്ഷേപിക്കും തുടങ്ങിയ വാഗ്ദാനങ്ങള്‍ കാറ്റില്‍പറത്തി അധികൃതര്‍ പദ്ധതിയില്‍ അംഗങ്ങളായവരെ വെട്ടിലാക്കിയിരിക്കുകയാണ്.
പദ്ധതിയില്‍ യുവജനങ്ങളെ അംഗങ്ങളാക്കി അംഗത്വഫീസും രജിസ്ട്രേഷന്‍ ഫീസും വാങ്ങിയ അധികൃതര്‍ക്ക് നയപരമായ കാഴ്‌ച്ചപ്പാടുകള്‍ ഇല്ലാതെപോയതാണ് പദ്ധതി നടത്തിപ്പ് അവതാളത്തിലാകാന്‍ കാരണമായത്.
കേരളത്തിലെ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍മാരെയും ജില്ലാ കലക്ടര്‍മാരെയുമാണ് പദ്ധതി നടപ്പിലാക്കന്‍ ചുമതലപ്പെടുത്തിയിരുന്നത്. എന്നാല്‍ പദ്ധതിക്കാവശ്യമായ ധനസഹായം നല്‍കുന്ന ധനകാര്യ സ്ഥാപനം ഏത് എന്നറിയാതെ അധികൃതര്‍ ഇരുട്ടില്‍തപ്പുകയാണ്. പ്രോജക്ട് റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കി കൃഷി ഭവനുകളില്‍ നല്‍കിയവര്‍ നിരാശരായി.
അന്വേഷണവുമായി എത്തുന്നവര്‍ക്ക് പ്രോജക്ടുകള്‍ ജില്ലാ കൃഷി ഓഫീസിലേക്ക് അയച്ചുകൊടുത്തു എന്ന മറുപടി നല്‍കി കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ കൈമലര്‍ത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.