കോഴിക്കോട്: സ്വകാര്യ ബസുകൾ പെർമിറ്റിന് വിരുദ്ധമായി സർവ്വീസ് നടത്തി പൊതുഗതാഗതം താറുമാറാക്കുകയാണെന്ന പരാതി അടിയന്തിരമായി പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
കോഴിക്കോട് ജില്ലാ കളക്ടറും റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസറും നിയമലംഘനം പരിശോധിച്ച് മൂന്നാഴ്ചയ്ക്കകം വിശദീകരണം സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂ നാഥ് ആവശ്യപ്പെട്ടു.
1994 മുതൽ മെഡിക്കൽ കോളേജ് ഭാഗത്ത് നിന്നും വരുന്ന മൊഫ്യൂസൽ ബസുകൾ (നീലനിറമുള്ളവ) അരേടത്തു പാലത്ത് നിന്നും തിരിഞ്ഞ് പുതിയറ, കല്ലുത്താംകടവ് – ജയിൽ റോഡ് വഴി പാളയം സ്റ്റാന്റിൽ എത്തണമെന്നാണ് തീരുമാനം. എന്നാൽ ഇതിനെ അട്ടിമറിക്കാൻ പോലീസിന്റെയും ആർ റ്റി ഒ യുടെയും ഒത്താശയോടെ അരേടത്തു പാലത്തു നിന്നും ബസുകൾ പുതിയ ബസ് സ്റ്റാന്റിലെത്തുകയാണ് ചെയ്യുന്നത്. കസബ പോലീസ് സ്റ്റേഷൻ, കോംട്രസ്റ്റ് ആശുപത്രി, അശ്വതി ലാബ്, കൃഷി ഓഫീസ്, പുതിയ പാലം, പുതിയറ എന്നിവിടങ്ങളിൽ എത്തേണ്ട യാത്രക്കാർക്ക് സഞ്ചാര സ്വാതന്ത്യം തടസ്സപ്പെടും.
കോഴിക്കോട് എന്താണെന്ന് അറിയാത്ത ഉദ്യോഗസ്ഥരുടെ തീരുമാനം പൊതുഗതാഗതം അട്ടിമറിച്ചതായി പരാതിയിൽ പറയുന്നു. കോഴിക്കോട് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷനു വേണ്ടി സി. കെ. അബ്ദുൾ റഹ്മാൻ നൽകിയ പരാതിയിലാണ് നടപടി