കോഴിക്കോട് : ആശുപത്രി കാന്റീനിലെ പൂച്ചയുടെ മാന്തേറ്റ് ദുരിതത്തിലായ വീട്ടമ്മയിൽ നിന്ന് പ്രതിരോധ ഇഞ്ചക്ഷനടക്കം ചികിത്സാ ചെലവുകൾ കൂടി ആശുപത്രി അധികൃതർ പിടിച്ചു വാങ്ങിയതായി പരാതി. തിരുവമ്പാടി സ്വദേശി കുഴിമണ്ണിൽ സജിയുടെ ഭാര്യ സിനി മാത്യുവിനെയാണ് കോഴിക്കോട് നിർമ്മല ആശുപത്രി കാന്റീനിലെ പൂച്ച അക്രമിച്ചത്. കഴിഞ്ഞ ദിവസമാണ് സംഭവം. സജിയുടെ പിതാവിന്റെ തുടർ ചികിത്സക്കായി ഒപ്പം എത്തിയതായിരുന്നു സജിയും ഭാര്യയും . ഇതിനിടെ കാന്റീനിൽ നിന്ന് ചായ കുടിക്കവെ, ആരോ അബദ്ധത്തിൽ പൂച്ചയെ ചവിട്ടുകയും അത് സിനിയുടെ ദേഹത്തേക്ക് ചാടി വീണ് അക്രമിക്കുകയുമായിരുന്നു. ഇരു കാലുകളിലും മാന്ത് ഏറ്റ സിനി നിലവിളിച്ചു. ഓടിക്കൂടിയവർ ചേർന്ന് അവരെ തൊട്ടുത്ത കാഷ്വാലിറ്റിയിൽ എത്തിച്ചു. ഡ്യൂട്ടി ഡോക്ടറോട് സംഭവിച്ച കാര്യം പറഞ്ഞു. ആശുപത്രിയിൽ നിന്ന് സംഭവിച്ചതായതിനാൽ ചികിത്സാ ചെലവുകൾ ഒഴിവാക്കാമെന്ന് നാട്ടുകാർ കേൾക്കെ അധികൃതർ പറഞ്ഞിരുന്നു. പിന്നീട് ഇഞ്ചക്ഷനും മറ്റും നൽകി. മരുന്നുകൾക്ക് 1800 രൂപയും ജൂനിയർ ഡോക്ടരുടെ കൺസൾട്ടിംഗ് ഫീസായ 150 രൂപയുമടക്കം പിന്നീട് ഭീഷണിപ്പെടുത്തി വാങ്ങിയതായി സജി പറയുന്നു. വിവരമറിഞ്ഞ സുഹൃത്തുക്കൾ മേലാധികാരിയായ കന്യാസ്ത്രീയുമായി ഫോണിൽ ബന്ധപ്പെട്ടപ്പോൾ , ആശുപത്രിയിൽ നിന്നാണ് അത്യാഹിതം സംഭവിച്ചതെന്ന് ന
അറിയാതെ ഫീസ് വാങ്ങിയതാവുമെന്നും തിരികെ നൽകാമെന്നും ഉറപ്പു നൽകി. കന്യാസ്ത്രീ പറഞ്ഞതനുസരിച്ച് പിന്നീട് സജി ബന്ധപ്പെട്ടപ്പോൾ അവർ ഒഴിഞ്ഞുമാറി. ഇതറിഞ്ഞ സുഹൃത്ത് വിളിച്ചപ്പോൾ സിസ്റ്റർ ഫോൺ എടുക്കാതെ ഒഴിഞ്ഞുമാറി. ആശുപത്രി കാന്റീനിൽ അപകടകാരിയായ പൂച്ചയെ വളർത്തിയതിനെ കുറിച്ച് നഗരസഭാ സെക്രട്ടറിക്ക് ലഭിച്ച പരാതിയിൽ ഹെൽത്ത് വിഭാഗം അന്വേഷണം ആരംഭിച്ചു. സിനിയക്ക് ഇനി നാല് ദിവസം കൂടി പ്രതിരോധ കുത്തിവയ്പ് നടത്തണമെന്നതിനാൽ ചികിത്സാ ചെലവ് പതിനായിരത്തിലധികം രൂപയാകും. ആശുപത്രിക്കെതിരെ നിയമ നടപടി സ്വീകരിക്കാനുള്ള തയാറെടുപ്പിലാണ് സജിയും കുടുംബവും .