കോഴിക്കോട്: ആവിക്കൽതോട് മലിന ജല സംസ്കരണ പ്ലാന്റ് നിർമാണം എതിർപ്പു മൂലം നടപ്പാക്കാനാവത്തതിനാൽ നിലവിലുള്ള കരാർ അവസാനിപ്പിച്ച് ഡെപോസിറ്റ് തുക തിരികെ നൽകാനും കൊണ്ടിട്ട പൈപ്പുകൾ സരോവരം പ്ലാന്റിനായി മാറ്റാനും മേയർ ഡോ.ബീന ഫിലിപ്പിന്റെ അധ്യക്ഷതയിൽ ചേർന്ന കോർപറേഷൻ കൗൺസിൽ യോഗം തീരുമാനിച്ചു. കോതി, ആവിക്കൽ പ്ലാന്റുകൾ ഉപേക്ഷിച്ചിട്ടില്ലെന്നും അതുമായി മുന്നോട്ട് പോവുമെന്നും ഡെപ്യൂട്ടിമേയർ സി.പി.മുസഫർ അഹമ്മദ് ചർച്ചക്കിടെ അടിവരയിട്ട്പറഞ്ഞു. പ്ലാന്റ് നടപ്പാക്കാതിരിക്കാൻ സമരം നടത്തിയത് എസ്.ഡി.പി.ഐ പോലുള്ള മുസ്‍ലിം മത തീവ്രവാദ സംഘടനകളായിരുന്നുവെന്നും അതിനെ കോൺഗ്രസും ലീഗും ആളിക്കത്തിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. കേന്ദ്ര ഫണ്ടുപയോഗിച്ചുള്ള പദ്ധതിക്കെതിരെ എം.പി.യും എതിര് നിന്നതായി അദ്ദേഹം കുറ്റപ്പെടുത്തി. പ്ലാന്റ് പണിയുന്നതിന് മുമ്പേ പൈപ്പിടൽ വേണ്ടെന്ന നിലപാട് കാരണമാണ് തത്ക്കാലത്തേക്ക് മാറ്റുന്നത്. കേന്ദ്ര സർക്കാറിന്റെ പദ്ധതി തീവ്രവാദികളെ ഭയന്ന് മാറ്റിവച്ചെന്ന് ആരോപിച്ച് ബി.ജെ.പിയിലെ ടി.റനീഷാണ് ചർച്ചക്ക് തുടക്കമിട്ടത്. ജനഹിതം അനുകൂലമല്ലാതെ പ്ലാന്റ് സ്ഥാപിക്കാനാവില്ലെന്ന യു.ഡി.എഫ് നിലപാടിന്റെ വിജയമാണ് കരാർ റദ്ദാക്കേണ്ടി വന്നതെന്നും പ്ലാൻ്റ് പണിയിൽ നിന്ന് പിൻമാറണമെന്നും കെ.സി.ശോഭിത, കെ.മൊയ്തീൻ കോയ, എസ്.കെ.അബൂബക്കർ എന്നിവരുടെ നേതൃത്വത്തിൽ യു.ഡി.എഫും നിലപാടെടുത്തു. കോതി ആവിക്കൽ പദ്ധതികൾ അമൃത് രണ്ടാം ഘട്ടത്തിലേക്ക് നേരത്തേ മാറ്റിയിരുന്നു.
ഞെളിയൻ പറമ്പിൽ മാലിന്യത്തിൽ നിന്ന് വൈദ്യുതിയുണ്ടാവക്കുവാൻ സോണ്ട കമ്പനിയുമായുള്ള കരാറിൽ നിന്ന് പിൻവാങ്ങാൻ കൗൺസിൽ തീരുമാനിച്ചു. കമ്പനിയുമായുള്ള ഞെളിയൻ പറമ്പിലെ ബയോ മൈനിങ് പ്രവൃർത്തിയും കാപ്പിങ്ങും സംബന്ധിച്ച കരാറും റദ്ദാക്കും. കരാർ റദ്ദാക്കണമെന്ന ഞെളിയൻ പറമ്പ് ടെക്നിക്കൽ കമ്മറ്റി, മരാമത്ത് സ്ഥിരം സമിതി എന്നിവയുടെ നിർദ്ദേശ പ്രകാരമാണിത്. പല തവണ കാലാവധി നീട്ടിക്കൊടുത്തിട്ടും പൂർത്തിയാക്കാത്തതിനാലും 2023 മെയ് 17 ന് ശേഷം പണിയിൽ കാര്യമായ പുരാഗതിയില്ലാത്തതിനാലുമാണ് ഈ മാസം 17 ന് ചേർന്ന ടെക്നിക്കൽ കമ്മറ്റി കരാർ റദ്ദാക്കാൻ ശിപാർശ ചെയ്തത്. ഇത് പ്രകാരം കമ്പനിക്ക് നോട്ടീസ് നൽകും. സോണ്ടക്ക് 23 ലക്ഷം ബയോമൈനിങ്ങിനും ജി.എസ്.ടിയായി 27 ലക്ഷവും കൊടുത്തതിന്റെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും കമ്പനിയിൽ നിന്ന് ഡെപോസിറ്റ് കണ്ടുകെട്ടണമെന്നും കെ.സി.ശോഭിത ആവശ്യപ്പെട്ടു. എന്നാൽ കരാറിലേർപ്പെട്ടു കഴിഞ്ഞ സ്ഥിതിക്ക് അവരെക്കൊണ്ട് തന്നെ പണി നടത്തിക്കാൻ ശ്രമിക്കുക മാത്രമാണുണ്ടായതന്നും ഒരവസരത്തിലും കമ്പനിയെ പിന്തുണച്ചിട്ടില്ലെന്നും മേയറും മേയറും പറഞ്ഞു. ആറ് മണിക്ക് ശേഷം കൗൺസിൽ നടത്തരുതെന്ന നിർദ്ദേശമുള്ളതിനാൽ സമയത്തിനകം അജണ്ട തീർക്കാനായി ലീഗ് പാർട്ടി നേതാവ് കെ. മൊയ്തീൻ കോയയടക്കമുള്ളവരെ സംസാരിക്കാനനുവദിക്കാതെ വോട്ടിനിട്ട് പാസാക്കുകയായിരുന്നു. സംസാരിക്കാനനുവദിക്കാത്തതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് അംഗങ്ങൾ ഇറങ്ങിപ്പോയി. കോർപറേഷനിൽ 24 ആയുഷ് ഹെൽത് ആന്റ് വെൽനെസ് സെന്ററുകൾക്കായി 12 കോടി 71 ലക്ഷം രൂപ കേന്ദ്രം നൽകിയതായി ബി.ജെ.പിയുടെ ടി റനീഷിന്റെ ചോദ്യത്തിന് മേയർ മറുപടി നൽകി. ഇതിൽ 90.57 ലക്ഷം രൂപ ചെലവിൽ ആറെണ്ണം തുടങ്ങിയിട്ടുണ്ട്. ഞെളിയൻ പറമ്പിൽ മാലിന്യ സംസ്കരണത്തിനുള്ള കോർപറേഷൻ ഭൂമി ഒടുവിൽ അളന്നത് 2018 ഡിസംബർ 31 നാണ്. 17 ഏക്കർ 48.5 സെന്റാണ് ആകെ സ്ഥലമുള്ളതെന്നും യു.ഡി.എഫ് ഉന്നയിച്ച ചോദ്യങ്ങൾക്ക് മേയർ മറുപടി നൽകി. കെ. സ്മാർട് പദ്ധതി നടപ്പാക്കുന്നതിലുള്ള പ്രശ്നങ്ങൾ പരിഹരിക്കും വരെ ബദൽ സംവിധാനം വേണമെന്ന ബി.ജെ.പിയിലെ അനുരാധ തയാട്ടിന്റെയും കരാറുകാർക്ക് പണം ലഭിക്കാതെയുള്ള സ്തംഭനത്തിനെതിരെ പ്രതിപക്ഷ നേതാവ് കെ.സി.ശോഭിതയും കൊണ്ടു വന്ന അടിയന്തര പ്രമേയങ്ങൾക്ക് മേയർ അനുമതി നിഷേധിച്ചത് പ്രതിഷേധത്തിനിടയാക്കി.