കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളേജ് പരിസരത്ത് ബസ് കാത്തിരിപ്പ് കേന്ദ്രമില്ലെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് കോർപ്പറേഷൻ സെക്രട്ടറിക്ക് നോട്ടീസയച്ചു.
15 ദിവസത്തിനകം വിശദീകരണം സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്ടിംഗ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് നിർദ്ദേശം നൽകി. ഫെബ്രുവരി 20 ന് കോഴിക്കോട് ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
മെഡിക്കൽ കോളേജിൽ എത്തുന്നവരും വിദ്യാർത്ഥികളും ബസ് കാത്തിരിപ്പ് കേന്ദ്രമില്ലാത്തതിനാൽ പൊരിവെയിലത്താണ് ബസ് കാത്തുനിൽക്കുന്നത്. നൂറു കണക്കിനാളുകളാണ് ഇവിടെ ദിവസവും ബസ് കയറാനെത്തുന്നത്. ഡോക്ടറെ കണ്ട് അവശരായി എത്തുന്നവരും ബസ് വരുന്നത് വരെ വെയിലത്ത് കാത്തു നിൽക്കണം. ഫ്ലക്സ് ബോർഡിന്റെ മറവിലാണ് വയോധികർ ബസ് കാത്തു നിൽക്കുന്നത്. കാത്തിരിപ്പ് കേന്ദ്രമില്ലാത്തതിനാൽ അപകടങ്ങളും പതിവാണ്. ഇവിടെയുണ്ടായിരുന്ന ബസ് കാത്തിരിപ്പ് കേന്ദ്രം രണ്ടു വർഷങ്ങൾക്കു മുൻപ് പൊളിച്ചുമാറ്റി. ബസ് സ്റ്റാന്റ് വരുമെന്ന് പറഞ്ഞാണ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ചത്. നാട്ടുകാർ നിരവധി തവണ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല. ദൃശ്യ മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ നടപടിയെടുത്തത്.