കോഴിക്കോട് :
സ്വാതന്ത്യ്രസമര സേനാനിയും കമ്യൂണിസ്റ്റ് കര്‍ഷക പ്രസ്ഥാനത്തിന്റെ നേതാവും പത്രപ്രവര്‍ത്തകനുമായിരുന്ന സി. കൃഷ്‌ണന്‍ നായരുടെ സ്‌മരണക്കായി നല്‍കിവരുന്ന മാധ്യമപുരസ്‌കാരത്തിന് ദേശാഭിമാനി കോഴിക്കോട് ബ്യൂറോയിലെ സീനിയര്‍ റിപ്പോര്‍ട്ടര്‍ എം ജഷീനയെ തെരഞ്ഞെടുത്തു. 2023 ജൂലൈ 25 മുതല്‍ 29 വരെ ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ച “തോല്‍ക്കുന്ന മരുന്നും ജയിക്കുന്ന രോഗവും” വാര്‍ത്താ പരമ്പരയാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. മരുന്നിനോട് പ്രതിരോധം രൂപപ്പെടുത്തി മനുഷ്യരിലും ചുറ്റുപാടുകളിലും ആന്റിബയോട്ടിക് അമിതമായി ഉപയോഗിക്കുന്നത് മൂലമുണ്ടായ സാഹചര്യങ്ങളെക്കുറിച്ചുള്ള അന്വേഷണവും വിശകലനവുമാണ് ഈ വാര്‍ത്ത പരമ്പര. ഇതേതുടന്ന് ആരോഗ്യപ്രവര്‍ത്തകരും സംസ്ഥാന സര്‍ക്കാരും ആന്റിബയോട്ടിക് ഉപഭോഗത്തെ സംബന്ധിച്ച് കര്‍ശന നടപടികള്‍ സ്വീകരിക്കുകയുണ്ടായി.ഈ വസ്‌തുതകള്‍ പരിഗണിച്ചാണ് ജംഷീന തയ്യാറാക്കിയ വാര്‍ത്ത പരമ്പരയെ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്.
കാസര്‍കോട് ഇ. എം. എസ്. പഠന കേന്ദ്രം സി. കൃഷ്‌ണന്‍നായറുടെ കുടുംബത്തിന്റെ സഹായത്തോടെയാണ് പുരസ്‌കാരം നല്‍കി വരുന്നത്. പതിനായിരം രൂപയും മൊമന്റോയും ഉള്‍പ്പെടുന്ന പുരസ്‌ക്കാരം കൃഷ്‌ണന്‍ നായരുടെ ചരമദിനമായ ഫെബ്രുവരി 14ന് കാലിക്കടവില്‍ സി.പി.ഐ.എം കേന്ദ്രകമ്മിറ്റിയംഗം പി.കെ. ശ്രീമതിടീച്ചര്‍ സമ്മാനിക്കും. ഡോ. വി.പി.പി മുസ്‌തഫ കണ്‍വീനറായ പുരസ്‌കാര നിര്‍ണ്ണയ സമിതിയാണ് പുരസ്‌കാര ജേതാവിനെ തെഞ്ഞെടുത്തത്.
2010ല്‍ ഇന്ത്യാവിഷനിലൂടെ മാധ്യമപ്രവത്തനം ആരംഭിച്ച എം. ജഷീന 12 വര്‍ഷമായി ദേശാഭിമാനിയില്‍ റിപ്പോര്‍ട്ടറാണ്. നിപ: സാക്ഷികള്‍, സാക്ഷ്യങ്ങള്‍ എന്ന കൃതിയുടെ കര്‍ത്താവാണ്. അവയവ ദാനം സംബന്ധിച്ച വാര്‍ത്താ പരമ്പരയ്‌ക്ക് 2019ല്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേന്റെ പുരസ്‌കാരം,സംസ്ഥാന പട്ടിക വര്‍ഗ്ഗ വികസന വകുപ്പിന്റെ പുരസ്‌കാരം (2019), കേരള മീഡിയ അക്കാദമി ഫെലോഷിപ്പ് (2023) എന്നിവ ലഭിച്ചിട്ടുണ്ട്. കോഴിക്കോട് കുന്നമംഗലമാണ് സ്വദേശം.