കോഴിക്കോട് : കക്കയം ഡാമിലെത്തുന്ന സന്ദർശകർക്കും പ്രദേശവാസികൾക്കും വന്യജീവികളുടെ ആക്രമണം ഉണ്ടാകാതിരിക്കാനാവശ്യമായ സംരക്ഷണ നടപടികൾ ഡി.എഫ്.ഒ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
ഇക്കഴിഞ്ഞ ജനുവരി 20 ന് കക്കയം ഡാമിലെത്തിയ അമ്മക്കും മകൾക്കും കാട്ടുപോത്തിന്റെ ആക്രമണമുണ്ടായ സാഹചര്യത്തിലാണ് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥിന്റെ ഉത്തരവ്. കോഴിക്കോട് ഡി.എഫ്.ഒ ക്കാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്. 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. മാർച്ചിൽ കോഴിക്കോട് നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
കോഴിക്കോട് ഡി.എഫ്.ഒ ആവശ്യമായ സംരക്ഷണ നടപടികൾ സ്വീകരിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
14/02/2024