കോഴിക്കോട് :
സുരക്ഷിത നഗരത്തോടൊപ്പം തന്നെ ഏറ്റവും ശുചിത്വമുള്ള നഗരം കൂടിയായി കോഴിക്കോടിനെ മാറ്റണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. കോഴിക്കോട് ബീച്ചിലെ വെന്റിംഗ് മാര്‍ക്കറ്റ് കം ഫുഡ് സ്ട്രീറ്റിന്റെ ശിലാസ്ഥാപനവും പ്രവൃത്തി ഉദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
രാത്രി വൈകുവോളം കച്ചവടം നടത്തുന്ന തൊഴിലാളികൾ ശുചിത്വത്തിന്റെ കാവലാളായി മാറണമെന്ന് മന്ത്രി പറഞ്ഞു. എത്ര ആളുകൾ വന്നാലും നഗരം വൃത്തിയായിരിക്കുന്നു എന്ന് ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്വം കോർപ്പറേഷനും ഒപ്പം ഇതിന്റെ പ്രധാന ഗുണഭോക്താക്കളായ തൊഴിലാളികൾക്കും ജനങ്ങൾക്കുമുണ്ടെന്ന് മന്ത്രി പറഞ്ഞു.
കോർപ്പറേഷൻ കുടുംബശ്രീയുമായും നഗര ഉപജീവന മിഷനുമായും സഹകരിച്ച് നടപ്പാക്കിയ മാതൃകാപരമായ പദ്ധതിയാണിതെന്ന് മന്ത്രി പറഞ്ഞു.
കോര്‍പ്പറേഷന്റെയും കുടുംബശ്രീ വഴി നടപ്പാക്കുന്ന ദേശീയ നഗര ഉപജീവന മിഷന് പദ്ധതിയുടെയും ഫുഡ്സേഫ്റ്റി വകുപ്പിന്റെയും സംയുക്ത പദ്ധതിയാണ് ബീച്ചിലെ വെന്റിംഗ് മാര്‍ക്കറ്റ് കം ഫുഡ് സ്ട്രീറ്റ്. 90 അംഗീകൃത കച്ചവടക്കാരെയാണ് ഇവിടെ പുനരധിവസിപ്പിക്കുക. 4.06 കോടി രൂപയാണ് ചെലവ്. 2.41 കോടി രൂപ എന്യുഎല്എമ്മും ഒരു കോടി രൂപ ഫുഡ് സേഫ്റ്റി വകുപ്പും നല്‍കും. ബാക്കി ചെലവ് കോര്പറേഷന് വഹിക്കും. എസ്ടിപി മാതൃകയില്‍ പ്രത്യേക ശാസ്ത്രീയ മാലിന്യസംസ്കരണവുമുണ്ടാകും. ബീച്ചിലെത്തുന്നവര്‍ക്കായി ഗുണമേന്മയുള്ള ഭക്ഷണം ഉറപ്പു വരുത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
മേയര്‍ ബീന ഫിലിപ്പ് അധ്യക്ഷത വഹിച്ചു. എളമരം കരീം എം.പി, എം.എല്‍.എമാരായ അഹമ്മദ് ദേവര്‍കോവില്‍, തോട്ടത്തില്‍ രവീന്ദ്രന് എന്നിവര്‍ വിശിഷ്ടാതിഥികളായി. കോർപ്പറേഷൻ സെക്രട്ടറി കെ യു ബിനി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
സ്ഥിരം സമിതി അംഗങ്ങളായ പി ദിവാകരൻ, ഒ പി ഷിജിന, ഡോ. എസ് ജയശ്രീ, പി സി രാജൻ, കൃഷ്ണകുമാരി, പി കെ നാസർ, സി രേഖ, കൗൺസിലർമാർ, മുൻ എംഎൽഎ എ പ്രദീപ്കുമാർ, മുൻ മേയർ ടി പി ദാസൻ, ഫുഡ് സേഫ്റ്റി കമ്മീഷണർ ജാഫർ മാലിക്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു.
ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ് സ്വാഗതവും കോർപ്പറേഷൻ ഹെൽത്ത് ഓഫീസർ മുനവർ റഹ്മാൻ നന്ദിയും പറഞ്ഞു.