KERALAlocaltop news

സിദ്ധാർത്ഥനെ അഞ്ച് മണിക്കൂർ തുടർച്ചയായി മർദ്ദിച്ചു, കൊലപാതകമാകാനും സാധ്യത: റിമാന്റ് റിപ്പോർട്ട്

* കർശനക്കാരനായ കൽപ്പറ്റ ഡിവൈഎസ്പിയെ മാറ്റാൻ പാർട്ടി സമ്മർദ്ദം

 

കൽപ്പറ്റ: പൂക്കോട് വെറ്റിനറി കോളജ് വിദ്യാർത്ഥി സിദ്ധാർത്ഥിൻ്റെ  മരണവുമായി ബന്ധപ്പെട്ട് റിമാന്റ് റിപ്പോർട്ടിൽ ഗുരുതര ആരോപണങ്ങൾ. ഹോസ്റ്റലിൽ ‘അലിഖിത നിയമം’ എന്ന് റിമാൻഡ് റിപ്പോർട്ട് പറയുന്നു. ഈ അലിഖിത നിയമമനുസരിച്ച് പെൺകുട്ടിയുടെ പരാതി ഒത്തുതീർപ്പാക്കാൻ സിദ്ധാർത്ഥനെ വിളിച്ചുവരുത്തി. എറണാകുളത്ത് എത്തിയ സിദ്ധാർത്ഥൻ തിരികെ കോളേജിലേക്ക് മടങ്ങുകയായിരുന്നു. രഹാന്റെ ഫോണിൽ നിന്ന് സിദ്ധാർഥനെ വിളിച്ചു വരുത്തിയത് ഡാനിഷ് എന്ന വിദ്യാർത്ഥിയാണ്. തിരികെ ഹോസ്റ്റലിലെത്തിയ സിദ്ധാർത്ഥനെ പ്രതികൾ ക്രൂരമായി മർദ്ദിച്ചുവെന്ന് റിമാന്റ് റിപ്പോർട്ടിൽ പറയുന്നത്. കൊലപാതക സാധ്യതയെ പറ്റി പരിശോധിക്കേണ്ടതുണ്ടെന്നും ജാമ്യം അനുവദിക്കരുതെന്നും റിപ്പോർട്ടിൽ അന്വേഷണ സംഘം പറയുന്നു.

പ്രതികൾ ചെയ്ത കുറ്റകൃത്യങ്ങൾ വിശദീകരിച്ചാണ് റിമാന്റ് റിപ്പോർട്ട് തയ്യാറാക്കിയത്. ഫെബ്രുവരി 18 നാണ് സിദ്ധാർത്ഥനെ ഹോസ്റ്റൽ മുറിയിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇതിന് മുൻപ് അടിവസ്ത്രം മാത്രം ധരിപ്പിച്ച് ബെൽറ്റടക്കം ഉപയോഗിച്ച് അതിക്രൂരമായി സിദ്ധാർത്ഥനെ മർദ്ദിച്ചുവെന്നും ആത്മഹത്യയിലേക്ക് പ്രതികൾ സിദ്ധാർത്ഥനെ എത്തിച്ചുവെന്നും റിമാന്റ് റിപ്പോർട്ടിൽ പറയുന്നുണ്ട്.

സഹപാഠിയോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ചായിരുന്നു മർദ്ദനം. ഫെബ്രുവരി 15 ന് വീട്ടിലേക്ക് മടങ്ങിയ സിദ്ധാർത്ഥനെ, കോളേജിലേക്ക് തിരികെ വന്നില്ലെങ്കിൽ പൊലീസ് കേസാവുമെന്നും ഒത്തുതീർപ്പാക്കാമെന്നും പറഞ്ഞാണ് വിളിച്ചുവരുത്തിയത്. ഇത് പ്രകാരം ഫെബ്രുവരി 16ന് രാവിലെ സിദ്ധാർത്ഥൻ തിരികെ കോളേജിലെത്തി. എന്നാൽ ഹോസ്റ്റലിൽ നിന്ന് എങ്ങോട്ടും പോകാൻ അനുവദിക്കാതെ പ്രതികൾ സിദ്ധാർത്ഥനെ തടവിൽ വെച്ചു. അന്ന് രാത്രി 9 മണി മുതലാണ് മർദ്ദനം ആരംഭിച്ചത്.

ക്യാംപസിലെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് സിദ്ധാർത്ഥനെ പ്രതികൾ ക്രൂരമായി മർദ്ദിച്ചു. തുടർന്ന് ഹോസ്റ്റലിൽ തിരികെയെത്തിച്ചു. 21ാം നമ്പർ മുറിയിൽ വച്ച് മർദ്ദനം തുടർന്നു. പിന്നീട് ഹോസ്റ്റലിന്റെ നടുമുറ്റത്ത് എത്തിച്ചു. വിവസ്ത്രനാക്കിയ ശേഷം അടിവസ്ത്രം മാത്രം ധപിപ്പിച്ച് പ്രതികൾ ബെൽറ്റ്, കേബിൾ വയർ എന്നിവ ഉപയോഗിച്ച് മർദ്ദിച്ചു. 17 ന് പുലർച്ചെ രണ്ട് മണി വരെ മർദ്ദനം തുടർന്നു. മരണമല്ലാതെ മറ്റൊരു സാഹചര്യമില്ലാത്ത നിലയിലേക്ക് പ്രതികൾ കാര്യങ്ങൾ എത്തിച്ചുവെന്നും റിമാന്റ് റിപ്പോർട്ടിൽ പറയുന്നു. പ്രതികൾക്ക് ജാമ്യം നൽകരുതെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് റിമാന്റ് റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചിരിക്കുന്നത് . ഇതിനിടെ, കേസിലെ വകുപ്പുകൾ ലഘൂകരിക്കാൻ പോലീസിൻ്റെ മേൽ വൻ സമ്മർദ്ദമാണ് നടക്കുന്നത്. തുടക്കം മുതലെ കർശനമായി കേസ് അന്വേഷിച്ച കൽപറ്റ ഡിവൈഎസ്പി ടി.എൻ. സജീവനെ മാറ്റാൻ പാർട്ടിതലത്തിൽ ചരടുവലി നടക്കുന്നതായാണ് പോലീസിലെ സംസാരം. സമ്മർദ്ദങ്ങൾക്ക് വഴിപ്പെടാത്ത സജീവൻ കൽപ്പറ്റയിൽ തുടർന്നാൽ എസ് എഫ് ഐ യുടെ പല നേതാകൾക്കും വിനയാകുമെന്നാണത്ര  പാർട്ടിയിലെചിലരുടെ നിലപാട്. കർശനക്കാരായ ഉദ്യോഗസ്ഥരെ മറ്റാൻ ശക്തമായ സമ്മർദ്ദമാണ് മുഖ്യമന്ത്രിക്ക് മേലുള്ളത്. എന്നാൽ ജനവികാരം കണക്കിലെടുത്ത് മുഖ്യമന്ത്രി ഇതിന് വഴങ്ങിയിട്ടില്ലെന്നാണ് വിവരം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close