കോഴിക്കോട്:
വിവിധ ആവശ്യങ്ങൾക്കായി കോഴിക്കോട് നഗരത്തിലെത്തുന്ന വനിതകൾക്ക് മിതമായ നിരക്കിൽ സുരക്ഷിതമായ താമസസൌകര്യം ഒരുക്കുകയെന്ന ലക്ഷ്യത്തോടെ കോഴിക്കോട് മുനിസിപ്പൽ കോർപ്പറേഷൻ നിർമ്മിച്ച ഷീ ലോഡ്ജിന്റെ പ്രവേശനോത്സവം നടത്തുകയാണ്. റെയിൽവേ സ്റ്റേഷൻ ലിങ്ക് റോഡിലുള്ള ഷീ ലോഡ്ജ് കെട്ടിടത്തിൽ ഡോർമെറ്ററി മുതൽ എ.സി.ഡീലക്സ് ഡബിൾ ബെഡ് വരെയുള്ള സൌകര്യങ്ങൾ ഒരു ദിവസത്തിന് 100 രൂപ മുതൽ 2250 രൂപ വരെയുള്ള വിവിധ നിരക്കുകളിൽ ഒരുക്കിയിട്ടുള്ളതാണ്. സ്ത്രീകൾക്ക് തങ്ങളുടെ സാമ്പത്തികനിലയനുസരിച്ച് അനുയോജ്യമായ സൌകര്യങ്ങൾ ഉപയോഗപ്പെടുത്താവുന്നതാണ്. താമസത്തിനെത്തുന്നവർക്ക് മിതമായ നിരക്ക് ഈടാക്കി ഭക്ഷണം കൂടി ലഭ്യമാക്കുന്നതിനുള്ള സംവിധാനവും സജ്ജീകരിച്ചിട്ടുണ്ട്.
അതോടൊപ്പം തന്നെ നഗരത്തിലെ ജോലിക്കാരായ വനിതകൾക്ക് മിതമായ നിരക്കിൽ സുരക്ഷിതവും സൌകര്യപ്രദവുമായ താമസത്തിനായി നിർമ്മിച്ച മാങ്കാവിലെ ഹൈമവതി തായാട്ട് സ്മാരക വർക്കിംഗ് വിമൻസ് ഹോസ്റ്റലിന്റെയും പ്രവേശനോത്സവം നടത്തുന്നു. ഹോസ്റ്റലിൽ രണ്ടു പേർക്ക് വീതം താമസിക്കാൻ കഴിയുന്ന ബെഡ്റൂമുകളും നാല് പേർക്ക് താമസിക്കാൻ കഴിയുന്ന ബെഡ്റൂമുകളുമാണ് സജ്ജീകരിച്ചിട്ടുള്ളത്. താമസത്തോടൊപ്പം ഭക്ഷണവും ഹോസ്റ്റലിൽ ലഭ്യമാക്കുന്നതാണ്
കുടുംബശ്രീ യൂണിറ്റുകളിൽ നിന്നും സീൽഡ് ക്വട്ടേഷൻ ക്ഷണിച്ചു കൊണ്ട് തെരഞ്ഞെടുത്തിട്ടുള്ള ഷീ വേൾഡ്, സാഫല്യം അയൽക്കൂട്ടം എന്നിവർക്കാണ് യഥാക്രമം ഷീ ലോഡ്ജും വനിതാ ഹോസ്റ്റലിന്റെയും നടത്തിപ്പ് ചുമതല നൽകിയിട്ടുള്ളത്.
11 ന് രാവിലെ 9.30 മണിക്ക് ഷീ ലോഡ്ജിന്റെയും തുടർന്ന് 10.30 മണിക്ക് മാങ്കാവിലെ ഹൈമവതി തായാട്ട് സ്മാരക വർക്കിംഗ് വിമൻസ് ഹോസ്റ്റലിന്റെയും പ്രവേശനോത്സവം ഉദ്ഘാടനം മേയറുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ ടൂറിസം മന്ത്രി നിർവഹിക്കും. പരിപാടിയിൽ ഡെപ്യൂട്ടി മേയർ .സി.പി.മുസാഫർ അഹമ്മദ്, സ്ഥിരം സമിതി ചെയർമാന്മാരും കൌൺസിലർമാരും മറ്റു വിശിഷ്ടാതിഥികളും പങ്കെടുക്കും ‘.