താമരശ്ശേരി :
വന്യജീവി ആക്രമണത്തിൽ ഓരോ മനുഷ്യജീവനും പൊലിയുമ്പോൾ, ശേഷമുള്ള തീരുമാനങ്ങൾക്കപ്പുറം, ഇനിയൊരു ജീവൻ നഷ്ടപ്പെടരുതെന്ന ജാഗ്രത വനവകുപ്പിനും, സർക്കാരിനുമുണ്ടാകണമെന്ന് കർഷക കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് അഡ്വ ബിജു കണ്ണന്തറ ആവശ്യപ്പെട്ടു
വന്യജീവി ആക്രമണങ്ങളിൽ നിന്ന് മലയോര ജനതയുടെ ജീവൻ സംരക്ഷിക്കുന്നതിൽ വനവകുപ്പ് പരാജയപ്പെട്ടിരിക്കുന്നു.
വന്യമൃഗങ്ങൾ നാട്ടിലേക്കിറങ്ങുന്നത് പ്രതിരോധിക്കുന്നതിലും മനുഷ്യജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിലും ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് കടുത്ത വീഴ്ചയാണുണ്ടായിട്ടുള്ളത്. വനവകുപ്പിന്റെ കൃതൃവിലോപമാണ് പല മരണങ്ങൾക്കും കാരണം. റേഡിയോ കോളർ ഘടിപ്പിച്ച ആനകൾ നാട്ടിലിറങ്ങിയിട്ട് അവയുടെ നീക്കം കൃത്യമായി നിരീക്ഷിക്കാൻ ഉദ്യോഗസ്ഥർക്ക് സാധിച്ചില്ല. കക്കയത്തെ അക്രമണത്തിന് രണ്ടുദിവസം മുമ്പേ കാട്ടുപോത്ത് പരിസരപ്രദേശത്തുണ്ടായിരുന്നതിൽ,പഞ്ചായത്ത് പ്രസിഡണ്ട് രേഖാമൂലം പരാതി നൽകിയിട്ടും അതിനെ പ്രതിരോധിക്കാൻ വനവകുപ്പിനായില്ല.
വന്യമൃഗ അക്രമണത്തിൽ ഇനി ഒരാളും കൊല്ലപ്പെടാതിരിക്കുന്നതിനുള്ള ഉത്തരവാദിത്വം വനവകുപ്പിനും സർക്കാരിനുമാണ്.
ഏതുനിമിഷവും വന്യജീവി ആക്രമണ സാധ്യതയുള്ള നാടായി നമ്മുടെ പ്രദേശങ്ങൾ മാറിയിരിക്കുന്നു.
മനുഷ്യജീവനും സ്വത്തിനും കടുത്ത ഭീഷണി ഉയർത്തുന്ന വന്യമൃഗ അക്രമങ്ങൾക്കറുതി വരുത്താൻ സർക്കാർ സംവിധാനങ്ങൾ യാതൊന്നും ചെയ്യുന്നില്ല.
ജനവാസ മേഖലകളിൽ ജീവിക്കാൻ കഴിയാത്ത അവസ്ഥയാണ് നിലനിൽക്കുന്നത്.
വനവകുപ്പ് ഉദ്യോഗസ്ഥരെ വന്യജീവി സംഘർഷ മേഖലകളിലേക്ക് അടിയന്തരമായി പുനർവിന്യസിപ്പിക്കണം.
സകല നിയമങ്ങളും തടസ്സമായി പറയുന്ന അധികാരികൾ, ഉള്ള നിയമങ്ങളെടുത്തു പയോഗിക്കാനുള്ള ആർജ്ജവം കാണിക്കണം.
1972ലെ വന്യജീവി സംരക്ഷണ നിയമത്തിന്റെ അപ്രായോഗികതയും, ക്രിമിനൽ നടപടി ക്രമത്തിലെ 133ആം വകുപ്പ് വന്യജീവികൾക്കെതിരെ നടപടി സ്വീകരിക്കുവാൻ കളക്ടറെ അനുവദിക്കുന്നില്ലെന്നും പറയുന്ന വനമന്ത്രിക്ക് ഒരു നിമിഷം പോലും ആ സ്ഥാനത്ത് തുടരാൻ അർഹതയില്ല.
കാടും നാടും തമ്മിൽ വേർതിരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണം.
വന്യമൃഗങ്ങളുടെ എണ്ണം ക്രമാതീതമായി പെരുകുന്നത് തടയാൻ അവയുടെ പ്രജനനത്തിന് നിയന്ത്രണം കൊണ്ടുവരുന്നതിനുള്ള നടപടികളുണ്ടാകണം. എണ്ണം പെരുകിയപ്പോൾ ദേശീയ മൃഗങ്ങളെ പോലും വേട്ടയാടി നിയന്ത്രിക്കാൻ അനുമതി നൽകിയ രാജ്യങ്ങളുണ്ട്.
വനത്തിന്റെ വാഹക ശേഷി പഠനം നടത്തണം.
വന്യജീവി പ്രതിരോധവുമായി ബന്ധപ്പെട്ട കാര്യങ്ങൾ നിശ്ചയിക്കാൻ സംസ്ഥാനത്തിനാകെ ഒരു മുഖ്യ വനപാലകൻ എന്ന സ്ഥിതി മാറ്റി, അധികാരം ജില്ലാതലത്തിലേക്ക് വികേന്ദ്രീകരിക്കുകയും, ജില്ലാതലത്തിൽ കർഷകർ ഉൾപ്പെടുന്ന മോണിറ്ററിംഗ് സമിതി രൂപീകരിക്കുകയും വേണം.
വന്യജീവി ആക്രമണങ്ങളിൽ നിന്നും ജനങ്ങളെ രക്ഷിക്കാതെ സുരക്ഷിത കേന്ദ്രങ്ങളിലിരുന്നശേഷം മനുഷ്യരെ കൊന്നുകഴിയുമ്പോൾ മഹസർ എഴുതാൻ വരുന്ന വനവകുപ്പിനെ ജനങ്ങൾക്ക് ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.