വടകര : വടകര ഡി.വൈ.എസ്.പിയുടെ പൊലീസ് വാഹനം തീവെച്ച് നശിപ്പിച്ചു. ഡി.വൈ.എസ്.പി വിനോദ് കുമാറിൻറെ കെ.എൽ 01 സി.എച്ച് 3987 നമ്പർ ടാറ്റാ സുമോ ഔദ്യോഗിക വാഹനമാണ് തീവെച്ച് നശിപ്പിച്ചത്. വടകര താഴെ അങ്ങാടിയിൽ ഒരു കടയിലും തീവെപ്പ് ശ്രമം ഉണ്ടായിട്ടുണ്ട്. സംഭവങ്ങളുമായി ബന്ധപ്പെട്ട് മാനസിക വിഭ്രാന്തിയുള്ള ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഇന്ന് പുലർച്ച രണ്ടോടെയാണ് സംഭവം. ഓഫീസിൻറെ മുൻ വശത്ത് നിർത്തിയിട്ടതായിരുന്നു ഔദ്യോഗിക വാഹനം. വാഹനം പൂർണ്ണമായി കത്തി നശിച്ചിട്ടുണ്ട്. വടകര താഴെ അങ്ങാടിയിൽ മുസ്ലിം ലീഗ് നേതാവ് ഫൈസലിന്റെ ചാക്ക് കടയ്ക്ക് നേരെയും തീവെപ്പ് ഉണ്ടായി. കടയിലെ ചാക്കുകൾ ഭാഗികമായി കത്തി നശിച്ചു. കസ്റ്റഡിയിലെടുത്തയാളെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെ പൊലീസ് പരിശോധിക്കുന്നുണ്ട്.
വടകര താലൂക്ക് ഓഫീസ് തീവെപ്പ് കേസിൽ കഴിഞ്ഞ മാസമാണ് കോടതി വിധി പറഞ്ഞത്. തെളിവുകളുടെ അഭാവത്തിൽ പ്രതിയെ കോടതി വിട്ടയച്ചിരുന്നു. വീണ്ടും ഉണ്ടായ തീവെപ്പ് സംഭവം പ്രദേശത്ത് ഭീതി പടർത്തിയിട്ടുണ്ട്. അടുത്തിടെ വിധി പറഞ്ഞ ടി.പി. ചന്ദ്രശേഖരൻ കേസുമായി ഈ സംഭവത്തിന് ബന്ധമുണ്ടാകാം എന്ന വിധത്തിൽ ചർച്ചയും നടക്കുന്നുണ്ട്. ഉന്നത പോലീസ് അധികാരികളും ഫോറൻസിക് വിദഗ്ദരും സ്ഥലത്ത് എത്തി.